27
Jul 2024
Wed
27 Jul 2024 Wed
sdpi worker

പാലക്കാട്: ഒറ്റപ്പാലം തിരുമിറ്റക്കോട് ബിജെപി പ്രവര്‍ത്തകനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്ക് ശിക്ഷ. (Two SDPI workers sentenced to 5 years rigorous imprisonment in case of attack on BJP worker) ദേശമംഗലം തൊഴുപ്പാടം സ്വദേശികളെയാണ് 5 വര്‍ഷം കഠിന തടവിനും 10,000 രൂപ പിഴയ്ക്കും ശിക്ഷിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2018 ഡിസംബര്‍ 21ന് ആണ് കേസിന് ആസ്പദമായ സംഭവം. തിരുമിറ്റക്കോട് വച്ച് ബിജെപി പ്രവര്‍ത്തകനെ മരവടി കൊണ്ട് ഗുരുതരമായി അടിച്ച് പരിക്കേല്‍പ്പിച്ച കേസിലാണ് ഒറ്റപ്പാലം അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതിയുടെ വിധി. ദേശമംഗലം വട്ടപ്പറമ്പ് വീട്ടില്‍ കുഞ്ഞുമുഹമ്മദ്(മുത്ത്-43), തൊഴുപ്പാടം വാഴാനിപ്പാടം തോണിക്കടവില്‍ യൂസുഫ്(45) എന്നിവരാണ് പ്രതികള്‍.

ബിജെപി പ്രവര്‍ത്തകനായ തിരുമിറ്റക്കോട് കടയങ്കര വളപ്പില്‍ വീട്ടില്‍ മനോജിനെ ഗുരുതരമായി പരിക്കേല്‍പ്പിച്ചെന്നാണ് കേസ്. 2018 ഡിസംബര്‍ 21ന് രാവിലെ ഒമ്പതേ കാലോടെ തിരുമിറ്റക്കോടു വച്ചാണ് ആക്രമണം നടന്നത്. കുഞ്ഞുമുഹമ്മദും യൂസഫും പള്ളം വയ്യാട്ടുകാവില്‍ ഹാരിസ് എന്നയാളും ചേര്‍ന്നാണ് ആക്രമിച്ചതെന്നാണ് കേസ്. ഹാരിസിനെ ഇതുവരെ പിടികൂടാനായിട്ടില്ല.

സംഭവത്തിന് മുമ്പ് ബിജെപി നടത്തിയ ഹര്‍ത്താലില്‍ പ്രതികള്‍ കട തുറക്കുന്നതിനെ ചൊല്ലി ഇരുകൂട്ടരും തമ്മിലുണ്ടായ തര്‍ക്കമാണ് ആക്രമണത്തിലേക്ക് നയിച്ചത്. കേസിലെ വിചാരണയില്‍ 19 സാക്ഷികളെ വിസ്തരിച്ചു. 27 രേഖകളും ഒരു തൊണ്ടി മുതലും പരിശോധിക്കുകയും ചെയ്തു.

അന്നത്തെ എസ്.ഐ ആയിരുന്ന എം.ആര്‍. അരുണ്‍ കുമാറാണ് കേസന്വേഷിച്ചിരുന്നത്. എസ്.ഐ. അനില്‍മാത്യുവാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. പി.എം.ജയ ഹാജരായി.