24
Dec 2025
Thu
24 Dec 2025 Thu
two women arrested for fake molestation complaint to loot 10 crore rupees

വ്യാജ ലൈംഗിക പീഡന പരാതി നല്‍കി ബിസിനസുകാരനില്‍ നിന്ന് 10 കോടി രൂപ തട്ടാന്‍ ശ്രമിച്ച യുവതികള്‍ അറസ്റ്റില്‍. മുംബൈയിലാണ് സംഭവം. 39കാരിയായ ഹേമലത ആദിത്യ പത്കര്‍, അമ്രീന ഇഖ്ബാല്‍ സവേരി എന്ന അമ്രീന മാത്യു ഫെര്‍ണാണ്ടസ്(33)എന്നിവരാണ് പിടിയിലായത്. അരവിന്ദ് ഗോയല്‍ ആണ് പരാതിക്കാരന്‍. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: ഗൂര്‍ഗാവ് വെസ്റ്റില്‍ ഗോയല്‍ ആന്‍ഡ് സണ്‍സ് ഇന്‍ഫ്ര എല്‍എല്‍പി എന്ന പേരില്‍ ബിസിനസ് നടത്തുകയാണ് അരവിന്ദ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അരവിന്ദിന്റെ മകന്‍ റിതമിന്റെ വിവാഹ നിശ്ചയമായിരുന്നു നവംബര്‍ അഞ്ചിന്. ഇതുമായി ബന്ധപ്പെട്ട് നവംബര്‍ 14ന് അമ്പോളിയിലെ ഹോട്ടലില്‍ രാത്രി വിരുന്ന് നടത്തുകയുണ്ടായി. നവംബര്‍ 15ന് പുലര്‍ച്ചെ റിതവും പ്രതിശ്രുത വധു യശസ്വിയും അവരുടെ സഹോദരനും കൂടി ലിഫ്റ്റില്‍ താഴേക്കു വരവേ ഒരു യുവതിയും ലിഫ്റ്റില്‍ കയറി. ഈ സമയം റിതം തന്റെ മുഖത്തേക്ക് ലേസര്‍ ലൈറ്റ് അടിച്ചുവെന്ന് ആരോപിച്ച് ഈ യുവതി വഴക്കിട്ടു. ലിഫ്റ്റ് ഗ്രൗണ്ട് ഫ്‌ളോറില്‍ എത്തിയതോടെ യുവതി അലറിവിളിക്കുകയും പ്രശ്‌നമുണ്ടാക്കുകയും ചെയ്തു. തുടര്‍ന്ന് അമ്പോളി പോലീസ് സ്‌റ്റേഷനില്‍ പീഡന പരാതിയും യുവതി നല്‍കി.

ഇതിനു ശേഷം പ്രതികള്‍ ബിസിനസുകാരനോട് കേസ് കോടതിക്കു പുറത്ത് ഒത്തുതീര്‍ക്കാന്‍ 10 കോടി രൂപ ആവശ്യപ്പെട്ടു. പണം നല്‍കിയില്ലെങ്കില്‍ മകന്‍ ജയിലില്‍ കിടക്കേണ്ടി വരുമെന്നും കുടുംബത്തിനതു നാണക്കേടാവുമെന്നും പ്രതികള്‍ അരവിന്ദ് ഗോയലിനെ ഭീഷണിപ്പെടുത്തി.

നിരവധി ചര്‍ച്ചകള്‍ക്കു ശേഷം പ്രതികള്‍ ആവശ്യപ്പെട്ട പണം 5.5 കോടി രൂപയായി കുറച്ചു. ഇതിനിടെ ബിസിനസുകാരന്‍ മുംബൈ പോലീസിലെ ചൂഷണ വിരുദ്ധ സെല്ലിനെ സമീപിച്ചു പരാതി നല്‍കി. ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം ഇവര്‍ നല്‍കിയ വ്യാജ പണമടക്കം 1.5 കോടി രൂപ ഏറ്റുവാങ്ങാനായി ലോവര്‍ പാരലില്‍ വരാന്‍ പ്രതികളോടു നിര്‍ദേശിച്ചു. പണം വാങ്ങാനായി എത്തിയപ്പോള്‍ യുവതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. അതേസമയം ഇവര്‍ക്കൊപ്പം തട്ടിപ്പിന് കൂട്ടുനിന്ന മൂന്നാം പ്രതി ഉല്‍ക്കര്‍ഷ് എന്നയാളെ പിടികൂടാന്‍ ശ്രമം തുടരുകയാണ്.

ALSO READ: വി വി രാജേഷ് ബിജെപിയുടെ തിരുവനന്തപുരം മേയര്‍ സ്ഥാനാര്‍ഥി