16
Jun 2023
Tue
16 Jun 2023 Tue

അബുദബി: നീണ്ട ഇടവേളയ്ക്ക് ശേഷം യുഎഇയും ഖത്തറും തമ്മിലുള്ള നയതന്ത്രബന്ധം പുനരാരംഭിച്ചു. ഇതോടെ ഇരുരാജ്യങ്ങളുടെയും എംബസി പ്രവര്‍ത്തനവും തുടങ്ങി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ദീര്‍ഘനാളായി അടഞ്ഞു കിടന്നിരുന്ന അബുദബിയിലെ ഖത്തര്‍ എംബസി, ദുബായിലെ ഖത്തര്‍ കോണ്‍സുലേറ്റ്, ദോഹയിലെ യുഎഇ എംബസി എന്നിവയാണ് കഴിഞ്ഞ ദിവസം മുതല്‍ തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചത്. ഗള്‍ഫ് ഉച്ചകോടിയില്‍ ഖത്തറിന് മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിച്ചുകൊണ്ട് ഒപ്പുവച്ച അല്‍ ഉല കരാറിന്റെ അടിസ്ഥാനത്തിലാണ് നയതന്ത്ര ബന്ധം പുനസ്ഥാപിച്ചത്.

യുഎഇ വിദേശകാര്യമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സെയ്ദ് അല്‍ നഹ്യാനും ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ അല്‍താനിയും ടെലിഫോണ്‍ സംഭാഷണം നടത്തുകയും എംബസികളുടെ പ്രവര്‍ത്തനം പുനരാരംഭിച്ചതില്‍ പരസ്പരം ആശംസ കൈമാറുകയും ചെയ്തിരുന്നു. 2017 ജൂണ്‍ 5ന് ഖത്തറിന് മേല്‍ യുഎഇ, ബഹ്റൈന്‍, സൗദി അറേബ്യ, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം 2021 ജനുവരി 5ന് സൗദി അറേബ്യയില്‍ നടന്ന ഗള്‍ഫ് ഉച്ചകോടിയില്‍ ഒപ്പുവച്ച അല്‍ ഉല കരാറിലൂടെ പിന്‍വലിച്ചെങ്കിലും ചര്‍ച്ചകള്‍ക്കും കൂടിക്കാഴ്ചകള്‍ക്കും ശേഷം ഇപ്പോഴാണ് യുഎഇയും ഖത്തറും തമ്മിലുള്ള നയതന്ത്ര ബന്ധം തുടങ്ങുന്നത്.

അല്‍ ഉല കരാര്‍ ഒപ്പുവച്ചതിന് ശേഷം ഖത്തറിലെ സൗദി, ഈജിപ്ത് എംബസികള്‍ പ്രവര്‍ത്തനം പുനരാരംഭിച്ചിരുന്നു. അടുത്തിടെ ബഹ്റൈനുമായുള്ള ബന്ധം പുനസ്ഥാപിച്ച് ഇരു രാജ്യങ്ങള്‍ക്കിടയിലും വ്യോമ ഗതാഗതവും തുടങ്ങിയിരുന്നു. താമസിയാതെ തന്നെ എല്ലാ രാജ്യങ്ങളും ഖത്തറുമായി നയതന്ത്രബന്ധം സജീവമാക്കാനാണ് സാധ്യത.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക