പ്രളയക്കെടുതിയിൽ വലയുന്ന പാകിസ്താന് 108 കോടി രൂപയുടെ ദുരിതാശ്വാസം നൽകാൻ യുഎഇ വൈസ് പ്രസിഡന്റും ദുബയ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ഉത്തരവിട്ടു. പ്രളയക്കെടുതി അനുഭവിക്കുന്ന പാകിസ്താനിലെ ആയിരങ്ങൾക്ക് സഹായമെത്തിക്കാനായി 50 ദശലക്ഷം ദിർഹം ദുരിതാശ്വാസം അനുവദിച്ച് ശൈഖ് മുഹമ്മദ് ഉത്തരവിടുകയായിരുന്നു.
|
തിങ്കളാഴ്ച മുതലാണ് യുഎഇ പാകിസ്താനുള്ള സഹായമെത്തിക്കാൻ തുടങ്ങിയത്. ഭക്ഷ്യവസ്തുക്കളുമായി യുഎഇയിൽ നിന്നുള്ള ആദ്യ വിമാനം തിങ്കളാഴ്ച പാകിസ്താനിലിറങ്ങിയിരുന്നു. വരുംദിവസങ്ങളിലും കൂടുതൽ വിമാനങ്ങൾ പാകിസ്താനിലെത്തുമെന്ന് യുഎഇ അറിയിച്ചു.
3000 ടൺ ഭക്ഷ്യ വസ്തുക്കൾ, മരുന്നുകൾ, ടെന്റുകൾ, മറ്റ് അവശ്യവസ്തുക്കൾ എന്നിവയാണ് യുഎഇ പാകിസ്താന് ദുരിതാശ്വാസം നൽകുന്നത്. 33 ദശലക്ഷത്തിലേറെ പേരാണ് പാകിസ്താനിൽ പ്രളയക്കെടുതിയനുഭവിച്ചത്. 1100ലേറെ പേരാണ് പ്രളയത്തിൽ മരിച്ചത്. പ്രളയത്തിൽ തകർന്ന രാജ്യത്തിന്റെ പുനർനിർമാണത്തിന് 10 ബില്യൻ ഡോളറെങ്കിലും ചെലവുവരുമെന്നാണ് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് പറഞ്ഞത്.



