മലപ്പുറം: പിതാവ് ആര്യാടന്‍ മുഹമ്മദ് സ്വീകരിച്ച മുസ്ലിം ലീഗ് വിരുദ്ധ നിലപാടുകള്‍ തിരുത്തി നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായ മകന്‍ ആര്യാടന്‍ ഷൗക്കത്ത്. സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച് മൂന്നാം ദിവസം മുസ്ലിം ലീഗ് നേതാക്കളെ കണ്ട് ആര്യാടന്‍ ഷൗക്കത്ത്. സംസ്ഥാന മുസ്ലിം ലീഗ് പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഹജ്ജ് ചെയ്യാനായി മക്കയിലായതിനാല്‍ മുനവ്വറലി തങ്ങളുടെ നേതൃത്വത്തിലുള്ള നേതാക്കളുമായാണ് ഷൗക്കത്ത് കൂടിക്കാഴ്ച നടത്തിയത്.
|
പാണക്കാട് കുടുംബത്തില്‍ നിന്ന് ലഭിച്ച അനുഗ്രഹവും ആശിര്‍വാദവുമാണ് തെരഞ്ഞെടുപ്പിലെ വലിയ ഭാഗ്യമെന്ന് ആര്യാടന്‍ ഷൗക്കത്തും പറഞ്ഞു. നിലമ്പൂരില്‍ യൂത്ത് ലീഗ് നടത്തിയ നേതൃ കണ്‍വെന്‍ഷനോടനുബന്ധിച്ചായിരുന്നു കൂടിക്കാഴ്ച. ഇന്ന് എനിക്ക് ലഭിച്ച ഏറ്റവും വലിയ ശക്തിയും സ്രോതസ്സും പാണക്കാട് കൊടപ്പനക്കല്‍ തറവാട്ടില്‍ നിന്ന് ലഭിച്ച അനുഗ്രഹവും ആശിര്‍വാദവുമാണെന്ന് എവിടെ പറയാനും മടിയില്ല. എന്നെ അത്രമാത്രം ഹൃദ്യമായാണ് പാര്‍ട്ടി സ്വീകരിച്ചത്. എനിക്ക് വേണ്ടി എന്തൊക്കെ ചെയ്യാന്‍ കഴിയുമോ അതൊക്കെ ചെയ്യാന്‍ തയാറായിട്ടാണ് അവര്‍ എത്തിയത്. നിലമ്പൂരില്‍ യുഡിഎഫിന് വോട്ടില്ലാഞ്ഞിട്ടല്ല, ഒരുമിച്ച് മുന്നോട്ട് പോകത്തത് കൊണ്ടുമല്ല… മറിച്ച് ചില അബദ്ധങ്ങളൊക്കെ പലപ്പോഴും പറ്റിയതു കൊണ്ടുമാത്രമാണ്. ചരിത്രപരമായ മുന്നേറ്റമാണ് നടക്കുന്നത്. വലിയ വിജയം യുഡിഎഫിന് കിട്ടുമെന്നാണ് പ്രതീക്ഷ..- ഷൗക്കത്ത് സ്വകാര്യ ചാനലിനോട് പറഞ്ഞു.
ആര്യാടന്‍ കുടുംബവുമായി ഏറ്റവും അടുത്ത സൗഹൃദ ബന്ധമാണ് കൊടപ്പനക്കല്‍ തറവാടിനെന്ന് മുസ്ലിം യൂത്ത ്‌ലീഗ് അധ്യക്ഷന്‍ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
അതേസമയം, മണ്ഡലത്തില്‍നിന്ന് രാജിവച്ച മുന്‍ എംഎല്‍എ, പി വി അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കും. തൃണമൂല്‍ കോണ്‍ഗ്രസ് അന്‍വറിന് പാര്‍ട്ടി ചിഹ്നം അനുവദിച്ചു. അന്‍വറിന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന് വൈകീട്ടോടെ ഉണ്ടായേക്കുമെന്ന് സൂചന. കേരളത്തിലെ പാര്‍ട്ടി ചുമതലയുള്ള ഡെറിക് ഒബ്രിയാന്‍ ഇന്ന് വൈകീട്ട് കേരളത്തിലെത്തും. അന്‍വറിനെ അനുനയിപ്പിക്കാനുളള പാലക്കാട് എംഎല്‍എയും യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനുമായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ അവസാന വട്ട നീക്കവും ഫലം കണ്ടില്ലെന്നാണ് പുതിയ സംഭവ വിവാസങ്ങള്‍ സൂചിപ്പിക്കുന്നത്. ഇന്നലെ അര്‍ധരാത്രിയാണ് രാഹുല്‍ അന്‍വറിന്റെ വീട്ടിലെത്തിയത്.
പതിനൊന്ന് മണിയോടെ എത്തിയ രാഹുല്‍ മടങ്ങിയത് പന്ത്രണ്ട് മണിയോടെ. അടച്ചിട്ട മുറിയില്‍ നടന്ന ചര്‍ച്ച ഒരു മണിക്കൂറോളം നീണ്ടു. രാഹുല്‍ മാങ്കൂട്ടത്തില്‍ പി വി അന്‍വറിന്റെ വീട്ടില്‍ നിന്ന് മടങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
യുഡിഎഫിലേക്ക് ഇല്ലെന്നും ഇനി ചര്‍ച്ചയ്ക്കായി ഒരു നേതാവും തന്നെ വിളിക്കേണ്ടെന്നും പി വി അന്‍വര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇന്നലെ വൈകുന്നേരം മാധ്യമങ്ങളോടായിരുന്നു അന്‍വര്‍ ഇക്കാര്യം പറഞ്ഞത്.
തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന സൂചനയും അന്‍വര്‍ നല്‍കിയിരുന്നു. അന്‍വര്‍ മത്സരിക്കുന്നത് യുഡിഎഫിന്റെ വിജയത്തെ ബാധിക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ് വീണ്ടും അനുനയ നീക്കം നടത്തിയത്. അതിന്റെ ഭാഗമായാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ അന്‍വറിനെ കണ്ടത്.
UDF candidate from Nilambur Aryadan Shoukat reaches Kodappanakkal Tharavat in Panakkad


