29
Nov 2024
Thu
29 Nov 2024 Thu
liverpool beat real madrid 2-0

ആന്‍ഫീല്‍ഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗ്ില്‍ കരുത്തന്‍മാരുടെ പോരാട്ടത്തില്‍ സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡിനെ കീഴടക്കി ലിവര്‍പൂള്‍. ലിവര്‍പൂള്‍ ഹോം ഗ്രൗണ്ടായ ആന്‍ഫീല്‍ഡില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് റയല്‍ കീഴടങ്ങിയത്. അലക്‌സിസ് മാക് അലിസ്റ്ററും കോഡി ഗാക്‌പോയും ലിവര്‍പൂളിനായി ഗോളുകള്‍ നേടി. റയലിനായി സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയും ലിവര്‍പൂളിനായി സൂപ്പര്‍ താരം മുഹമ്മദ് സലാഹും പെനാല്‍റ്റി പാഴാക്കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നിലവിലെ ചാമ്പ്യന്‍മാരായ റയല്‍ തീര്‍ത്തും നിരാശപ്പെടുത്തുന്ന പ്രകടനത്തിനാണ് ഇന്നു പുലര്‍ച്ചെ ആന്‍ഫീല്‍ഡ് സാക്ഷ്യംവഹിച്ചത്. ഗോള്‍കീപ്പര്‍ തിബോ കോര്‍ട്ടോയുടെ സേവുകളാണ് വന്‍ നാണക്കേടില്‍നിന്ന് അന്‍സലോട്ടിയെയും സംഘത്തെയും രക്ഷിച്ചത്. ആദ്യ പകുതിയില്‍ കോര്‍ട്ടോ തടസം സൃഷ്ടിച്ചതോടെ ലിവര്‍പൂളിന്റെ അവസരങ്ങളെല്ലാം തകര്‍ന്നു.

രണ്ടാം പകുതിയില്‍ ലിവര്‍പൂള്‍ ലീഡെടുത്തു. 52ാം മിനിറ്റില്‍ ബ്രാഡ്‌ലിയുടെ പാസില്‍ നിന്ന് മാക് അലിസ്റ്റര്‍ ലിവര്‍പൂളിനെ മുന്നിലെത്തിച്ചു. 59ാം മിനിറ്റില്‍ വാസ്‌കസിനെ ആന്‍ഡ്രു റോബര്‍ട്‌സണ്‍ ഫൗള്‍ ചെയ്തതിന് റയലിന് അനുകൂലമായി പെനാല്‍റ്റി വന്നു. കിക്കെടുത്ത എംബാപ്പെക്ക് ലക്ഷ്യംകാണാനായില്ല. താരത്തിന്റെ ഷോട്ട് ഗോള്‍കീപ്പര്‍ കെല്ലഹര്‍ തടുത്തിട്ടു.


70ാം മിനിറ്റിലാണ് ലിവര്‍പൂളിന് അനുകൂലമായി പെനാല്‍റ്റി ലഭിച്ചത്. കിക്കെടുത്ത സലാഹിന്റെ ഷോട്ട് പുറത്തേക്ക് പോകുകയായിരുന്നു. ആറ് മിനിറ്റുകള്‍ക്കുശേഷം ലിവര്‍പൂള്‍ രണ്ടാം ഗോള്‍ കണ്ടെത്തി. ആന്‍ഡ്രു റോബര്‍ട്‌സണ്‍ന്റെ അസിസ്റ്റില്‍ കോഡി ഗാക്‌പോ ആണ് ഗോള്‍ നേടിയത്.

ഗ്രൂപ്പിലെ എല്ലാ മത്സരങ്ങളും വിജയിച്ച ലിവര്‍പൂള്‍ 15 പോയിന്റോടെ ഒന്നാം സ്ഥാനത്താണ്. അഞ്ചില്‍ മൂന്ന് മത്സരങ്ങളും തോറ്റ റയല്‍ ആറ് പോയിന്റുമായി 24ാം സ്ഥാനത്താണ്

മറ്റു മത്സരങ്ങളില്‍ ഫ്രഞ്ച് ക്ലബ് ലീല്‍ ബൊലോഗ്‌നയെയും (2-1), ബൊറൂസിയ ഡോര്‍ട്മുണ്ട് ഡൈനാമോ സാഗ്രബിനെയും ബെന്‍ഫിക്ക മൊണാക്കോയെയും (3- 2), PSV ഐന്തോവന്‍ ഷാക്തര്‍ ഡോണെട്‌സികിനെയും (3- 2), സ്റ്റേം ഗ്രാസ് ജിറോണയെയും (1- 0), ആര്‍എസ് ബെല്‍ഗ്രേഡ് സ്റ്റുട്ഗാര്‍ട്ടിനെയും (5-1) പരാജയപ്പെടുത്തി.

uefa champions league liverpool beat real madrid 2-0