21
May 2023
Wed
21 May 2023 Wed

മാഡ്രിഡ്: യുവേഫ ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ ആദ്യ പാദ മത്സരത്തിൽ സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡും ഇംഗ്ലീഷ് കരുത്തരായ മാഞ്ചസ്റ്റർ സിറ്റിയും സമനിലയിൽ പിരിഞ്ഞു. ഇരുടീമുകളും ഒരോ ഗോൾ വീതമടിച്ചാണ് സമനിലയിൽ പിരിഞ്ഞത്. റയൽ മാഡ്രിഡിനായി ബ്രസീലിയൻ താരം വിനീഷ്യസ് ജൂനിയറും മാഞ്ചസ്റ്റർ സിറ്റിക്കായി ബെൽജിയം പ്ലെമേക്കർ കെവിൻ ഡിബ്രുയിനും ഗോൾ നേടി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

റയലിൻറെ മൈതാനമായ സാൻറിയാഗോ ബെർണബ്യൂവിൽ തുടക്കം മുതൽ പന്ത് കൈവശം വച്ചുകളിച്ചത് സിറ്റിയായിരുന്നു. മത്സരത്തിൻറെ എട്ടാം മിനിറ്റിൽ തന്നെ റയലിൻറെ ഗോൾമുഖത്ത് ഡിബ്രുയിൻ അപകടം സൃഷ്ടിച്ചു. ബെൽജിയൻ താരത്തിൻറെ ബോക്സിന് വെളിയിൽ നിന്നുള്ള ഷോട്ട് റയൽ ഗോൾകീപ്പർ കോർട്ടോ രക്ഷപ്പെടുത്തി. പിന്നാലെ റോഡ്രിയുടെ ലോങ്‌റേഞ്ചർ ശ്രമവും കോർട്ടോ തടഞ്ഞു. 25-ാം മിനിറ്റിൽ ബെൻസേമയെ ലക്ഷ്യംവച്ചുള്ള വിനീഷ്യസിൻറെ ക്രോസ് സിറ്റി പ്രതിരോധം തടഞ്ഞു. സിറ്റിയുടെ നിരന്താരക്രമണത്തിന് കൗണ്ടർ അറ്റാക്കിലൂടെയാണ് റയൽ മറുപടി നൽകിയത്. ഈ തന്ത്രം 36-ാം മിനിറ്റിൽ വിജയം കണ്ടു. കാമവിംഗയിൽ നിന്ന് പന്ത് സ്വീകരിച്ച വിനീഷ്യസ് ജൂനിയർ ഒരു കിടിലൻ ലോഞ്ചിലൂടെ ഗോൾകീപ്പർ എഡേഴ്സണെ കീഴ്പ്പെടുത്തി. ആദ്യ പകുതിയിൽ റയൽ മാഡ്രിഡിൻറെ ഏക ഗോൾശ്രമമായിരുന്നു ഇത്.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഡി ബ്രുയിനിൻറെ രണ്ട് ഗോൾ ശ്രമങ്ങൾ കോർട്ടോ തടഞ്ഞു. എന്നാൽ 67-ാം മിനിട്ടിൽ സിറ്റി ആരാധകർ കാത്തിരുന്ന ഗോൾ പിറന്നു. ഗുണ്ടോഗൻ നൽകിയ പാസിൽ നിന്നും പെനാൽറ്റി ബോക്സിന് പുറത്ത് നിന്നുള്ള ബുള്ളറ്റ് ഷോട്ടിലൂടെ ഡി ബ്രുയിനാണ് സിറ്റിയുടെ രക്ഷകനായത്.

തുടർന്നും ഇരുടീമുകളും ജയത്തിനായി പൊരുതി. 78-ാം മിനിറ്റിൽ ടോണി ക്രൂസിൻറെ ഫ്രീകിക്കിൽ നിന്നുള്ള ബെൻസേമയുടെ ഹെഡർ എഡേഴ്സൺ തടഞ്ഞു. പിന്നാലെ റയൽ മാഡ്രിഡ് അസെൻസിയോ, ചൗമെനി എന്നിവരെ കളത്തിലിറക്കി. മത്സരം അവസാനിക്കാൻ സെക്കൻഡുകൾ ബാക്കിനിൽക്കെ ചൗമെനിയുടെ ഷോട്ട് മികച്ച സേവിലൂടെ വിഫലമാക്കി എഡേഴ്സൺ സിറ്റിയെ രക്ഷിച്ചു.

ഇനി സിറ്റിയുടെ തട്ടകമായ ഇത്തിഹാദിൽ നടക്കുന്ന രണ്ടാം പാദത്തിൽ സിറ്റിയെ തോൽപ്പിച്ചാൽ മാത്രമെ റയലിന് ഫൈനലിൽ ഇടം നേടാനാകു. ഈ മാസം 18നാണ് രണ്ടാം പാദം.