24
Dec 2024
Tue
24 Dec 2024 Tue
Uma Thomas' health condition unchanged Medical Board meeting today

കൊച്ചി: കലൂര്‍ സ്റ്റേഡിയത്തില്‍ വീണ് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഉമ തോമസ് എംഎല്‍എയുടെ ആരോഗ്യനില ഗുരുതരമായി കതുടരുന്നു. ഇന്ന് രാവിലെ പത്ത് മണിയോടെ മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്ന് തുടര്‍ സാഹചര്യം തീരുമാനിക്കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നിലവില്‍ ഉമ തോമസ് വെന്റിലേറ്ററില്‍ തന്നെ തുടരുകയാണ്. ഇവിടെ നിന്നു മാറ്റാന്‍ കഴിയുമോ എന്നു മെഡിക്കല്‍ സംഘം നിരീക്ഷിച്ചു വരുകയാണ്. ഇതുള്‍പ്പെടെയുള്ള കാര്യങ്ങളും മെഡിക്കല്‍ ബോര്‍ഡ് തീരുമാനിക്കും തലച്ചോറിനേറ്റ ക്ഷതവും ശ്വാസകോശത്തിനുണ്ടായ പരിക്കും ഗുരുതരമായതിനാല്‍ അപകടനില തരണം ചെയ്തിട്ടില്ലെന്നും ആരോഗ്യ സ്ഥിതി വീണ്ടെടുക്കാന്‍ സമയമെടുക്കമെന്നും ഡോക്ടര്‍മാര്‍ പ്രതികരിച്ചു.

ശനിയാഴ്ച വൈകിട്ടാണ് കൊച്ചി കലൂര്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍വെച്ചുണ്ടായ അപകടത്തില്‍ ഉമാ തോമസ് എംഎല്‍എയ്ക്ക് ഗുരുതര പരിക്കേറ്റത്.

ഉമാ തോമസ് എംഎല്‍എയ്ക്ക് ഗുരുതര പരിക്കിനിടയായ സംഭവത്തില്‍ സ്റ്റേജ് നിര്‍മിച്ചത് അനുമിതിയില്ലാതെയെന്ന് ജിസിഡിഎ അധികൃതര്‍ അറിയിച്ചു. സ്റ്റേജ് നിര്‍മാണത്തിന്റെ വിവരങ്ങള്‍ നല്‍കിയിരുന്നില്ല. ഐഎസ്എല്‍ മത്സരങ്ങള്‍ക്ക് സ്റ്റേജ് വിട്ടു നല്‍കുമ്പോള്‍ ഉണ്ടായിരുന്ന നിബന്ധനകള്‍ പ്രകാരമാണ് ഈ പരിപാടിക്കും സ്റ്റേഡിയം അനുവദിച്ചതെന്നും അധികൃതര്‍ പറഞ്ഞു. സ്റ്റേജ് നിര്‍മിച്ച സംഘാടകര്‍ക്ക് ഗുരുതര വീഴ്ച് സംഭവിച്ചെന്ന് ഫയര്‍ ഫോഴ്‌സ് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

പ്രധാന അതിഥികള്‍ക്ക് ഇരിക്കാനും മ്യൂസിക് ബാന്‍ഡിനുമായി രണ്ട് സ്റ്റേജുകളാണ് പരിപാടിക്കായി നിര്‍മിച്ചത്. രണ്ടര മീറ്റര്‍ മാത്രം വീതിയുള്ള സ്റ്റേജിലാണ് മന്ത്രിയുള്‍പ്പെടെയുള്ളവര്‍ക്ക് ഇരിക്കാനായി സൗകര്യം ഒരുക്കിയത്. ഇതില്‍ രണ്ട് നിരയില്‍ കസേരകളും ഇട്ടിരുന്നു. രണ്ടിഞ്ച് മാത്രമായിരുന്നു നടക്കാനായി നല്‍കിയിരുന്നത്. ഇതിലൂടെ നടക്കുന്നതിനിടെയായിരുന്നു എംഎല്‍എ കാല്‍വഴുതി താഴേയ്ക്ക് വീണത്.

സംഭവത്തില്‍ പൊലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സ്റ്റേജ് നിര്‍മിച്ച മുളന്തുരുത്തി സ്വദേശി ബെന്നി, മൃദംഗ വിഷന്‍ സിഇഒ ഷമീര്‍ അബ്ദുല്‍ റഹീം, ഓസ്‌കര്‍ ഇവന്റ്‌സ് മാനേജര്‍ കൃഷ്ണകുമാര്‍ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. നേരത്തെ ഓസ്‌കര്‍ ഇവന്റ്‌സും, മൃദംഗ വിഷനും മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചിരുന്നു.

Uma Thomas’ health condition unchanged Medical Board meeting today