ന്യഡല്‍ഹി: വിമര്‍ശകരെ നിശ്ശബ്ദമാക്കാന്‍ ഇന്ത്യാ ഗവണ്‍മെന്റ് യുഎപിഎ പ്രയോഗിക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് യുഎന്‍. (un-rights-chief-urges-india-to-withdraw-uapa-case-against-arundhati-roy)
2010ല്‍ നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ എഴുത്തുകാരി അരുന്ധതി റോയ്ക്കും കശ്മീര്‍ സെന്‍ട്രല്‍ യൂണിവേഴ്സിറ്റി മുന്‍ പ്രൊഫസര്‍ ഷെയ്ഖ് ഷൗക്കത്ത് ഹുസൈനുമെതിരായ യു.എ.പി.എ കേസ് പിന്‍വലിക്കണമെന്ന് യു.എന്‍ മനുഷ്യാവകാശ ഹൈക്കമ്മീഷണര്‍ വോള്‍ക്കര്‍ ടര്‍ക്ക് ആവശ്യപ്പട്ടു..
|
കേസ് പിന്‍വലിക്കണമെന്ന് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഓഫീസ് ഇന്ത്യാ ഗവണ്‍മെന്റിനോട്ആവശ്യപ്പെടുന്നതായി അദ്ദേഹം പറഞ്ഞു.
വിമര്‍ശകരെ നിശബ്ദരാക്കാന്‍ യു.എ.പി.എ എന്ന ഭീകരവിരുദ്ധ നിയമം ഉപയോഗിക്കുന്നതില്‍ ആശങ്കയുണ്ട്. നിയമം പുനഃപരിശോധിക്കണമെന്നും നിയമത്തിന് കീഴില്‍ തടവിലാക്കപ്പെട്ട മനുഷ്യാവകാശ സംരക്ഷകരെ മോചിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നേരത്തെ, 200 ഓളം അക്കാദമിക് വിദഗ്ധരും ആക്ടിവിസ്റ്റുകളും മാധ്യമപ്രവര്‍ത്തകരും കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അഭിപ്രായ സ്വാതന്ത്ര്യം അപകടത്തിലാണെന്ന് ചൂണ്ടിക്കാട്ടി അവര്‍ തുറന്ന കത്തെഴുതി.
ചരിത്രകാരി റോമില ഥാപ്പര്‍, പത്രപ്രവര്‍ത്തകന്‍ പരഞ്‌ജോയ് ഗുഹ താകുര്‍ത്ത, മുന്‍ എം.പിയും പത്രപ്രവര്‍ത്തകനുമായ കുമാര്‍ കേത്കര്‍, സാമൂഹിക പ്രവര്‍ത്തക മുക്ത മനോഹര്‍, സാമൂഹിക പ്രവര്‍ത്തകന്‍ സുനില്‍ ചവാന്‍, കവിയും എഴുത്തുകാരനുമായ ശ്രീരഞ്ജന്‍ അവാതെ, യോഗേന്ദ്രയാദവ്, തുഷാര്‍ ഗാന്ധി തുടങ്ങി 200ലധികം പേരാണ് കത്തില്‍ ഒപ്പു വെച്ചത്.
ഈ മാസം ആദ്യമാണ് അരുന്ധതി റോയിയെയും ഷെയ്ഖ് ഷൗക്കത്ത് ഹുസൈനെയും യു.എ.പി.എ ചുമത്തി വിചാരണ ചെയ്യാന്‍ ഡല്‍ഹി ലഫ്റ്റനന്റ് ജനറല്‍ വിനയ് കുമാര്‍ സക്സേന അനുമതി നല്‍കിയത്. 2010-ല്‍ ഡല്‍ഹിയില്‍ നടന്ന ഒരു പരിപാടിയില്‍ എഴുത്തുകാരിയും ബുക്കര്‍ പ്രൈസ് ജേതാവുമായ അരുന്ധതി റോയിയും ഷെയ്ഖ് ഷൗക്കത്ത് ഹുസൈനും പ്രകോപനപരമായ പ്രസംഗം നടത്തി എന്നതായിരുന്നു കുറ്റം.





