ഡല്‍ഹി: ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരെ തകര്‍പ്പന്‍ വിജയം നേടി ഇന്ത്യ. ഓസ്‌ട്രേലിയയെ ആദ്യ മത്സരത്തില്‍ പരാജയപ്പെടുത്തിയ ഇന്ത്യ രണ്ടാം ജയം ആണ് അഫ്ഗാനിസ്ഥാനെതിരെ ഇന്ന് നേടിയത്. 273 റണ്‍സ് എന്ന വിജയ ലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യയ്ക്ക് 35 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തിലാണ് വിജയം കുറിയ്ക്കാനായത്. രോഹിത് ശര്‍മ്മയുടെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം ആണ് ഇന്ത്യയെ മിന്നും വിജയത്തിലേക്ക് നയിച്ചത്. 156 റണ്‍സാണ് ഇന്ത്യ ഒന്നാം വിക്കറ്റില്‍ ഇന്ത്യയുടെ ഓപ്പണര്‍മാര്‍ നേടിയത്. 47 റണ്‍സ് നേടിയ ഇഷാന്‍ കിഷനെ റഷീദ് ഖാന്‍ ആണ് പുറത്താക്കിയത്.
|
ഇഷാന്‍ പുറത്തായ ശേഷം ഇന്ത്യയെ രോഹിത്തും വിരാട് കോഹ്‌ലിയും ചേര്‍ന്ന് മുന്നോട്ട് നയിക്കുകയായിരുന്നു. രണ്ടാം വിക്കറ്റില്‍ ഈ കൂട്ടുകെട്ട് 49 റണ്‍സ് നേടിയപ്പോള്‍ 131 റണ്‍സ് നേടിയ രോഹിത്തിനെ ആണ് ടീമിന് നഷ്ടമായത്. റഷീദ് ഖാന് തന്നെയായിരുന്നു രോഹിത്തിന്റെ വിക്കറ്റും.
വിരാട് കോഹ്‌ലി ശ്രേയസ്സ് അയ്യര്‍ കൂട്ടുകെട്ട് മൂന്നാം വിക്കറ്റില്‍ 68 റണ്‍സ് കൂട്ടിചേര്‍ത്ത് ഇന്ത്യയെ എട്ട് വിക്കറ്റ് വിജയത്തിലേക്ക് നയിച്ചപ്പോള്‍ കോഹ്‌ലി 55 റണ്‍സും ശ്രേയസ്സ് അയ്യര്‍ 25 റണ്‍സും നേടി പുറത്താകാതെ നിന്നു.
നേരത്തേ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത അഫ്ഗാന്‍ 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 272 റണ്‍സെടുത്തിരുന്നു. ഒരു ഘട്ടത്തില്‍ മുന്നൂറ് കടക്കുമെന്ന് തോന്നിച്ച അഫ്ഗാന്‍ സ്‌കോര്‍ അവസാന ഓവറുകളിലെ മികച്ച ബൗളിങ്ങോടെ ഇന്ത്യ 272-ല്‍ ഒതുക്കുകയായിരുന്നു. ഇന്ത്യയ്ക്കായി ജസ്പ്രീത് ബുംറ നാല് വിക്കറ്റ് വീഴ്ത്തി. ഹാര്‍ദിക് പാണ്ഡ്യ രണ്ട് വിക്കറ്റെടുത്തു. 63 റണ്‍സെടുക്കുന്നതിനിടെ അഫ്ഗാന് ഇബ്രാഹിം സദ്രാന്‍ (22), റഹ്‌മാനുള്ള ഗുര്‍ബാസ് (21), റഹ്‌മത്ത് ഷാ (16) എന്നിവരെ നഷ്ടമായി പ്രതിരോധത്തിലായിരുന്നു അഫ്ഗാന്‍. എന്നാല്‍ പിന്നീട് ക്രീസില്‍ ഒന്നിച്ച ക്യാപ്റ്റന്‍ ഹഷ്മത്തുള്ള ഷാഹിദി – അസ്മത്തുള്ള ഒമര്‍സായ് സഖ്യം ഇന്ത്യന്‍ ബൗളര്‍മാരെ വെള്ളം കുടിപ്പിച്ചു. നാലാം വിക്കറ്റില്‍ 121 റണ്‍സ് കൂട്ടിച്ചേര്‍ത്ത ഈ സഖ്യമാണ് അഫ്ഗാന്‍ ഇന്നിങ്സിന്റെ നട്ടെല്ല്.
88 പന്തില്‍നിന്ന് 80 റണ്‍സെടുത്ത ഷാഹിദിയാണ് അഫ്ഗാന്‍ നിരയിലെ ടോപ് സ്‌കോറര്‍. 69 പന്തുകള്‍ നേരിട്ട ഒമര്‍സായ് 62 റണ്‍സെടുത്തു. 35-ാം ഓവറില്‍ ഒമര്‍സായിയെ മടക്കി ഹാര്‍ദിക് പാണ്ഡ്യയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.
പിന്നാലെ മുഹമ്മദ് നബി (19), നജീബുള്ള സദ്രാന്‍ (2), റാഷിദ് ഖാന്‍ (16) എന്നിവരെ വേഗം പുറത്താക്കി ഇന്ത്യ സ്‌കോറിങ് പിടിച്ചുനിര്‍ത്തി. മുജീബ് ഉര്‍ റഹ്‌മാന്‍ (10*), നവീന്‍ ഉള്‍ ഹഖ് (9*) എന്നിവര്‍ പുറത്താകാതെ നിന്നു.


