30
Jul 2023
Wed
30 Jul 2023 Wed

AAP സര്‍ക്കാരിനെ പൂട്ടാനുള്ള ‘ഡല്‍ഹി ഓര്‍ഡിനന്‍സി’ന് പകരമുള്ള ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ന്യൂഡല്‍ഹി: അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ഡല്‍ഹി സര്‍ക്കാരിനെ നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ കൊണ്ടുവരുന്ന ‘ഡല്‍ഹി ഓര്‍ഡിനന്‍സി’ന് പകരം നിര്‍മ്മിച്ച ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. നടപ്പ് വര്‍ഷകാല സമ്മേളനത്തില്‍ തന്നെ ഇത് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ഡല്‍ഹിയിലെ ഉദ്യോഗസ്ഥരുടെ നിയമനവും സ്ഥലംമാറ്റവും സംബന്ധിച്ച അധികാരം കേന്ദ്രത്തിന് നല്‍കുന്നതായിരുന്നു കേന്ദ്രസര്‍ക്കാര്‍ തന്നെ പുറത്തിറക്കിയ ഓര്‍ഡിനന്‍സ്.

ഡല്‍ഹി സര്‍ക്കാറിന് അനുകൂലമായ സുപ്രിംകോടതിവിധി മറികടക്കാനാണ് ലെഫ്റ്റ്‌നന്റ് ഗവര്‍ണര്‍ കൂടി ഉള്‍പ്പെട്ട സമിതിക്ക് ഉദ്യോഗസ്ഥരുടെ നിയമനാധികാരം നല്‍കി കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറത്തിറക്കിയത്. മെയില്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് ആറുമാസത്തിനുള്ളില്‍ ബില്ലിന്റെ രൂപത്തില്‍ പാസ്സാക്കിയില്ലെങ്കില്‍ ലാപ്‌സാവും. ഈ സാഹചര്യത്തിലാണ് ബില്ലിന് അംഗീകാരം ലഭിച്ചത്.

ബില്ല് പാര്‍ലമെന്റിലെത്തുമ്പോള്‍ പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെട്ട് അരവിന്ദ് കെജ്‌രിവാള്‍ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെ കണ്ടിരുന്നു. ഒപ്പം നില്‍ക്കാമെന്ന് പ്രതിപക്ഷ ചേരിയിലെ എല്ലാ പാര്‍ട്ടികളും അരവിന്ദ് കെജ്‌രിവാളിന് ഉറപ്പ് നല്‍കിയിട്ടുണ്ട്. ഭൂരിപക്ഷം ഇല്ലാത്തതിനാല്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ എല്ലാം ഒന്നിച്ചുനിന്നാല്‍ രാജ്യ സഭയില്‍ പാസാക്കിയെടുക്കാന്‍ ബി.ജെ.പിക്ക് സാധിക്കില്ല. പ്രതിപക്ഷ നിലയില്‍ വിള്ളല്‍ ഉണ്ടാക്കി ഓര്‍ഡിനന്‍സില്‍ പകരമുള്ള പാസാക്കിയെടുക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ ശ്രമം.

ഡല്‍ഹി സര്‍ക്കാരിനു കീഴിലുള്ള സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ നിയമനം, സ്ഥലംമാറ്റം എന്നിവയ്ക്കു പ്രത്യേക അതോറിറ്റി രൂപീകരിക്കാനാണു കേന്ദ്രം മേയ് 19നു പ്രത്യേക ഓര്‍ഡിനന്‍സ് (ഗവണ്‍മെന്റ് ഓഫ് നാഷനല്‍ ക്യാപിറ്റല്‍ ടെറിറ്ററി (അമെന്‍ഡ്‌മെന്റ്) ഓര്‍ഡിനന്‍സ് 2023) കൊണ്ടുവന്നത്. പുതുതായി രൂപീകരിച്ച നാഷനല്‍ ക്യാപിറ്റല്‍ സിവില്‍ സര്‍വീസ് അതോറിറ്റിയില്‍ മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, ആഭ്യന്തര വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവരാണ് അംഗങ്ങള്‍.