ന്യൂഡല്‍ഹി: ആരോഗ്യവാന്മാരായ യുവാക്കളില്‍ പെട്ടെന്നുള്ള മരണം വര്‍ധിച്ചത് കോവിഡ് വാക്‌സിന്‍ കാരണമാണെന്ന വാദം തള്ളി വിദഗ്ധര്‍.(Union Health Ministry says Covid vaccine not responsible for sudden death in young people) ജീവിതശൈലിയും മുന്‍കാല രോഗാവസ്ഥകളുമാണ് യുവാക്കളിലെ പെട്ടെന്നുള്ള മരണങ്ങള്‍ക്ക് പിന്നിലെ പ്രധാന ഘടകങ്ങളെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും (ഐ.സി.എം.ആര്‍) എയിംസും സംയുക്തമായി നടത്തിയ പഠനം വ്യക്തമാക്കുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം.
|
കോവിഡ് വാക്‌സിനേഷനും പെട്ടെന്നുള്ള മരണങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രസ്താവനകള്‍ തെറ്റാണ്. ഇത്തരം ആരോപണങ്ങള്‍ക്ക് ശാസ്ത്രീയമായ തെളിവുകളില്ലെന്നും മന്ത്രാലയം അറിയിച്ചു.
കര്‍ണാടകയിലെ ഹാസനില്‍ ഒരു മാസത്തിനിടെ 20 പേര്‍ ഹൃദയാഘാതംമൂലം മരിച്ചതുമായി കോവിഡ് വാക്‌സിന് ബന്ധമുണ്ടാവാമെന്ന സംശയം മുഖ്യമന്ത്രി സിദ്ധരാമയ്യ ഉയര്‍ത്തിയിരുന്നു. അതിവേഗത്തില്‍ കോവിഡ് വാക്‌സിന് അനുമതി നല്‍കി വിതരണം ചെയ്തത് ചിലപ്പോള്‍ മരണങ്ങള്‍ക്ക് കാരണമായിട്ടുണ്ടാകാമെന്നും വാക്‌സിനുകളുടെ പാര്‍ശ്വഫലങ്ങള്‍ പഠിക്കുന്നതിന് സമിതി രൂപവത്കരിക്കുന്നതായും സിദ്ധരാമയ്യ എക്‌സില്‍ കുറിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഐ.സി.എം.ആര്‍-എയിംസ് പഠനം ചൂണ്ടിക്കാട്ടി കേന്ദ്രം രംഗത്തുവന്നത്.
18നും 45നും ഇടയില്‍ പ്രായമുള്ളവരില്‍ പെട്ടെന്ന് ഉണ്ടാകുന്ന മരണങ്ങള്‍ക്ക് പിന്നിലെ കാരണങ്ങള്‍ മനസ്സിലാക്കാന്‍ ഐ.സി.എം.ആറും നാഷനല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളും (എന്‍.സി.ഡി.സി) ഗവേഷണങ്ങള്‍ തുടര്‍ന്നുവരുകയാണ്.
2023 മേയ് മുതല്‍ ആഗസ്റ്റ് വരെ ഇത്തരത്തില്‍ പഠനം നടത്തിയിരുന്നു. 19 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 47 ആശുപത്രികളിലാണ് എയിംസുമായി സഹകരിച്ച് പഠനം നടത്തിയത്. 2021 ഒക്ടോബറിനും 2023 മാര്‍ച്ചിനും ഇടയില്‍ ആരോഗ്യവാന്മാരായിരുന്ന, എന്നാല്‍ പെട്ടെന്ന് മരിച്ച വ്യക്തികളെ കേന്ദ്രീകരിച്ചായിരുന്നു പഠനം.
സമീപകാലത്ത് നടത്തിയ രണ്ട് പഠനങ്ങളിലൂടെ യുവാക്കളിലെ പെട്ടെന്നുള്ള മരണ സാധ്യത കോവിഡ് വാക്‌സിനുകള്‍ വര്‍ധിപ്പിക്കുന്നില്ലെന്നാണ് കണ്ടെത്തല്‍. ജനിതകരോഗ സാധ്യത, ജീവിതശൈലി, മുമ്പുണ്ടായിരുന്ന അവസ്ഥകള്‍, കോവിഡിനു ശേഷമുള്ള സങ്കീര്‍ണതകള്‍ എന്നിവയുള്‍പ്പെടെ നിരവധി ഘടകങ്ങള്‍ പെട്ടെന്നുള്ള ഹൃദയാഘാത മരണങ്ങള്‍ക്ക് കാരണമാകാമെന്നുമാണ് പഠനത്തില്‍ പറയുന്നതെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.


