കട്ടപ്പന-ആനവിലാസം-കുമളി റോഡിന്റെ അശാസ്ത്രീയ നിർമാണവും സ്കൂൾ സമയങ്ങളിൽ റോഡ് ബ്ലോക്ക് ചെയ്ത് റോഡിന്റെ നിർമാണപ്രവൃത്തി നടത്തുന്നതും വൻതോതിലുള്ള ഗതാഗതക്കുരുക്കിനും നിരവധി അപകടങ്ങൾക്കും കാരണമാവുന്നു. നിർമാണപ്രവൃത്തിക്കായി എത്തിച്ച വാഹനങ്ങൾ പണി ചെയ്യാത്ത സമയങ്ങളിൽ റോഡിന്റെ വീതി കുറഞ്ഞ ഭാഗത്ത് പാർക്ക് ചെയ്യുന്നതുമൂലം വലിയ വാഹനങ്ങൾ കടന്നുപോവുമ്പോൾ ഗതാഗതകുരുക്കുണ്ടാവുന്നത് പതിവാണ്.
|
ഇതിനു പുറമേ രാവിലെയും വൈകുന്നേരവും സ്കൂൾ ബസ്സുകൾ കടന്നുപോവുന്ന സമയത്ത് നിർമാണ പ്രവൃത്തിക്കായി ടോറസ് ലോറിയിൽ മെറ്റൽ കൊണ്ടുവന്നിറക്കുന്നതും അനാവശ്യ ഗതാഗതക്കുരുക്ക് ഉണ്ടാക്കുകയാണ്. റോഡിന്റെ വശങ്ങളിൽ കോൺക്രീറ്റ് ചെയ്യാത്തതിനാൽ മഴവെള്ളമൊഴുകി മണ്ണ് ഒലിച്ചുപോയ അവസ്ഥയിലാണ്. എതിരേ വാഹനങ്ങൾ വരുമ്പോൾ റോഡിന്റെ വശത്തേക്ക് ഇറക്കേണ്ടിവരുന്ന കാറുകളുടെ അടിവശം റോഡിൽ തട്ടുകയും വാഹനങ്ങൾക്ക് കേടുപാടുണ്ടാവുകയും ചെയ്യുന്നു.
റോഡിന്റെ വശത്തേക്ക് ഇറക്കുന്ന ഇരുചക്രവാഹനങ്ങൾ മറിഞ്ഞ സംഭവങ്ങളും അടിക്കടി ഉണ്ടാവുന്നുണ്ട്. പണികൾക്ക് മേൽനോട്ടം വഹിക്കാനും തിരക്കേറിയ സമയങ്ങളിൽ ഗതാഗതനിയന്ത്രണം നടത്താനോ മലയാളികളായ ആരെയും നിർമാണകരാർ എടുത്ത രാജി മാത്യു ആൻഡ് കമ്പനി ഏർപ്പെടുത്തിയിട്ടില്ല എന്നതും വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. ദിവസവും നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോവുന്ന ഈ പാത നവീകരിക്കേണ്ടത് അനിവാര്യതയാണെങ്കിലും നിർമാണത്തിലെ അശാസ്ത്രീയതയും തിരക്കേറിയ സമയങ്ങളിലെ മുന്നൊരുക്കങ്ങളില്ലാത്തതുമാണ് ജനങ്ങളെ ബുദ്ധിമുട്ടിലാക്കിയിരിക്കുന്നത്.



