29
Jul 2024
Wed
29 Jul 2024 Wed
Bhole baba Hathras stampede case

ഹാഥ്‌റസ്: 120ലേറെ പേര്‍ മരിക്കാന്‍ ഇടയായ ഹാഥ്‌റസ് ദുരന്തത്തില്‍ കേസ് അട്ടിമറിക്കാന്‍ ശ്രമം. (UP police files FIR in Hathras stampede case, omits name of preacher Narayan Sakar ) വലിയ തിക്കിനും തിരക്കിനുമിടയാക്കിയ ദുരന്തത്തിലേക്ക് നയിച്ചത് സ്വയം പ്രഖ്യാപിത ആള്‍ ദൈവം ഭോലെ ബാബയുടെ വാഹനം കടന്നു പോവാന്‍ ആളുകളെ തള്ളിമാറ്റിയതാണെന്ന് ദൃക്‌സാക്ഷികള്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഭോലെ ബാബ എന്നറിയപ്പെടുന്ന ബാബ നാരായണ്‍ ഹരിയെ ഉത്തര്‍പ്രദേശ് പൊലീസിന്റെ എഫ്‌ഐആറില്‍ പ്രതിയായി പരാമര്‍ശിച്ചിട്ടില്ല.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അതേ സമയം, ദുരന്തത്തിന്റെ തെളിവു നശിപ്പിക്കാന്‍ സംഘാടകര്‍ ശ്രമിച്ചതായി പൊലീസ് എഫ്‌ഐആറില്‍ പറയുന്നു. അപകടം നടന്ന സ്ഥലത്തെ വസ്തുക്കളെല്ലാം നീക്കി സ്ഥലം വൃത്തിയാക്കി. ചിതറിക്കിടന്ന ചെരുപ്പുകളും വസ്ത്രങ്ങളും മറ്റു വസ്തുക്കളും മറ്റൊരിടത്തേക്ക് വലിച്ചെറിഞ്ഞു. പ്രഭാഷണത്തിന്റെ മുഖ്യ സംഘാടകന്‍ ദേവ് പ്രകാശ് മധുകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരെയാണ് കേസ്.

ഭാരതീയ ന്യായ് സംഹിത സെക്ഷന്‍ 105 (മനപ്പൂര്‍വമല്ലാത്ത നരഹത്യ), 110 (നരഹത്യാ ശ്രമം), 126 (2) (തെറ്റായ സംയമനം), 223 (പൊതു ഉദ്യോഗസ്ഥന്റെ ഉത്തരവ് നിരാകരിക്കല്‍), 238 (തെളിവുകള്‍ നശിപ്പിക്കല്‍) എന്നിവ പ്രകാരമാണ് എഫ്‌ഐആര്‍.

മരിച്ച 121 പേരില്‍ കൂടുതലും ഹാഥ്‌റസ് സ്വദേശികളായ സ്ത്രീകളാണ്. മതപ്രഭാഷണം അവസാനിപ്പിച്ചു മടങ്ങുകയായിരുന്ന ഭോലെ ബാബയുടെ വാഹനം പോയ വഴിയിലെ മണ്ണു ശേഖരിക്കാന്‍ ഭക്തര്‍ തിരക്കുകൂട്ടിയിരുന്നു. വാഹനത്തിന് വഴിയൊരുക്കാന്‍ ഇവരെ തള്ളിമാറ്റാന്‍ സംഘാടകര്‍ ശ്രമിച്ചത് തിരക്ക് വര്‍ധിക്കാനിടയാക്കി. റോഡിന്റെ മറുവശത്ത് ചെളിയും വെള്ളവും കെട്ടിക്കിടക്കുകയായിരുന്നു. പലരും ഇതില്‍ പുതഞ്ഞുപോയി.

ഹാഥ്‌റസ് ജില്ലയിലെ സിക്കന്ദ്രറാവു പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പുല്‍റായ്ക്കടുത്ത് കാണ്‍പുര്‍ കൊല്‍ക്കത്ത ഹൈവേയിലാണ് അപകടം സംഭവിച്ചത്. റോഡിനു ഇടതുവശത്തുള്ള വയലിനു സമീപത്താണു പ്രഭാഷണത്തിനുള്ള വേദി ഒരുക്കിയിരുന്നത്. 60,000 പേര്‍ക്കു മാത്രം അനുമതി ഉണ്ടായിരുന്നിടത്തു രണ്ടര ലക്ഷത്തോളം ആളുകള്‍ എത്തിയിരുന്നു.

പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാന്‍ വൊളന്റിയര്‍മാര്‍ സഹകരിച്ചില്ലെന്നും പോലീസ് എഫ്‌ഐആറിലുണ്ട്.