ബ്യൂണസ് അയേഴ്സ്: ഫുട്ബോൾ ലോകത്തെ പുതിയ യുവരാജാക്കന്മാർ യുറുഗ്വേ. ഡീഗോ മറഡോണ സ്റ്റേഡിയത്തിൽ നടന്ന അണ്ടർ-20 ലോകകപ്പ് കലാശപ്പോരാട്ടത്തിൽ ഇറ്റലിയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപിച്ച് ലാറ്റിനമേരിക്കൻ രാജ്യം കന്നിക്കിരീടത്തിൽ മുത്തമിട്ടു. രാജ്യത്തിന്റെ ചരിത്രത്തിലെ ആദ്യ അണ്ടർ 20 ലോകകപ്പ് കിരീടനേട്ടമാണിത്.
|
കളി അവസാനനിമിഷത്തിലേക്ക് നീങ്ങിയ ഘട്ടത്തിൽ 86-ാം മിനിറ്റിൽ ലൂസിയാനോ റോഡ്രിഗസ് ആണ് യുറുഗ്വേയുടെ വിജയനായകനായത്. ക്ലോസ് റേഞ്ചിൽനിന്നുള്ള അളന്നുമുറിച്ച ഹെഡർ ഇറ്റാലിയൻ വലയിലേക്ക് തുളച്ചുകയറുമ്പോൾ ഉറുഗ്വേ ആരാധകർ വിജയാഘോഷത്തിനു തുടക്കമിട്ടുകഴിഞ്ഞിരുന്നു. ടൂർണമെന്റിലുടനീളം തുടരുന്ന മികച്ച ഫോമിന്റെ നിറഞ്ഞാട്ടം കൂടിയായിരുന്നു കലാശപ്പോരിലും ഉറുഗ്വേയുടേത്. ലാറ്റിനമേരിക്കൻ ഫുട്ബോളിന്റെ വശ്യമനോഹര ഭാവം മുഴുവൻ പുറത്തെടുത്ത സംഘം ടൂർണമെന്റിലുടനീളം ആകെ മൂന്ന് ഗോൾ മാത്രമാണ് വഴങ്ങിയത്. മൂന്നും ഗ്രൂപ്പ് ഘട്ടത്തിൽ ഇംഗ്ലണ്ടിനോട് വഴങ്ങിയതായിരുന്നു.
ധാരാളം അവസരങ്ങൾ കളിക്കളത്തിൽ സൃഷ്ടിച്ചെങ്കിലും അവ ലക്ഷ്യത്തിൽ എത്തിക്കാൻ സാധിക്കാതെ പോയതാണ് ഉറുഗ്വേയെ പ്രതിരോധത്തിലാഴ്ത്തിയത്. ബ്രസീൽ, അർജന്റീന, ഇംഗ്ലണ്ട്, ഫ്രാൻസ് തുടങ്ങിയ മുൻ നിര ടീമുകൾ വീണ ടൂർണമെന്റിൽ ഉറുഗ്വേയുടെ കുതിപ്പ് അപ്രതീക്ഷിതമായിരുന്നു. 997ലും 2013ലും ടൂർണമെന്റിന്റെ ഫൈനലിൽ തോറ്റ ഉറുഗ്വേക്ക് ഈ കിരീടം സ്വപ്‌ന തുല്യമാണ്.
ആദ്യ ലോകകപ്പിനെത്തിയ ഇസ്രായേലാണ് മൂന്നാം സ്ഥാനക്കാർ. ലൂസേഴ്സ് ഫൈനലിൽ ദക്ഷിണ കൊറിയയെ ഒന്നിനെതിരെ മൂന്ന് ഗോളിനാണ് ഇസ്രായേൽ തകർത്തത്.


