വാഷിങ്ടണ്‍: പഹല്‍ഗാം ഭീകരാക്രമണം ആസൂത്രണം ചെയ്തതായി ആരോപിക്കപ്പെടുന്ന ദി റെസിസ്റ്റന്‍സ് ഫ്രണ്ടിനെ (ടി.ആര്‍.എഫ്) ആഗോള ഭീകരസംഘടനയായി പ്രഖ്യാപിച്ച് അമേരിക്ക. (US declares organization behind Pahalgam attack as terrorist organization) യു.എസ് സ്റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റിന്റേതാണ് തീരുമാനം. ആഗോള ഭീകരസംഘടനയുടെയും വിദേശ ഭീകരസംഘടനയുടെയും പട്ടികയിലും ടി.ആര്‍.എഫിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
|
ഭീകരതയെ നേരിടുന്നതില്‍ ട്രംപ് ഭരണകൂടം പ്രതിജ്ഞാ ബദ്ധമാണെന്ന് സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോ വ്യക്തമാക്കി. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ടി.ആര്‍.എഫിനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം ആഗോളതലത്തില്‍ ഇന്ത്യ നടത്തിയ നീക്കത്തിന്റെ വിജയം കൂടിയാണ് ഭീകരസംഘടനയായുള്ള പ്രഖ്യാപനം. ഭീകരാക്രമണത്തിന് പിന്നില്‍ ടി.ആര്‍.എഫ് ആണെന്ന് തെളിവ് ലഭിച്ചതിന് പിന്നാലെ ഇക്കാര്യം ലോക രാജ്യങ്ങള്‍ക്ക് മുമ്പില്‍ ഇന്ത്യ ഉന്നയിച്ചിരുന്നു.
എന്നാല്‍, ടി.ആര്‍.എഫിനെ അനുകൂലിക്കുന്ന നിലപാടാണ് ഐക്യരാഷ്ടസഭയില്‍ പാകിസ്താന്‍ സ്വീകരിച്ചിരുന്നത്. ആഗോള ഭീകരസംഘടനയായി പ്രഖ്യാപിക്കുന്നത് ഒഴിവാക്കാനുള്ള നീക്കം പാക് അധികൃതര്‍ നടത്തുകയും ചെയ്തു.
ഏപ്രില്‍ 22നാണ് ജമ്മു കശ്മീര്‍ പഹല്‍ഗാമിലെ ടൂറിസ്റ്റ് കേന്ദ്രമായ ബൈസരണ്‍ വാലിയില്‍ ഭീകരാക്രമണം നടക്കുന്നത്. മലയാളി അടക്കം 26 പേരാണ് ഭീകരരുടെ വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. ലശ്കറെ തയ്യിബയുമായി ബന്ധമുള്ള ദ റസിസ്റ്റന്‍സ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്തമേറ്റിരുന്നു.


