02
Jun 2025
Wed
02 Jun 2025 Wed
FORDOW NUCLEAR REACTOR

വാഷിംഗ്ടണ്‍: ഇറാനിലെ ഫൊര്‍ദോ, നതാന്‍സ്, ഇസ്ഫഹാന്‍ എന്നിവിടങ്ങളിലെ ആണവകേന്ദ്രങ്ങളില്‍ അമേരിക്ക നടത്തിയ ആക്രമണം പരാജയമെന്നതിന് തെളിവുകള്‍ പുറത്ത്. (US intelligence report says bombing of Iran’s nuclear facilities failed) യുഎസ് ഇന്റലിജന്‍സിന്റെ പ്രാഥമിക വിലയിരുത്തലിലാണ് ഇക്കാര്യം വെളിപ്പെട്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇറാന്റെ ആണവ പദ്ധതിയുടെ പ്രധാന ഘടകങ്ങള്‍ നശിപ്പിക്കുന്നതില്‍ അമേരിക്കന്‍ ആക്രമണം പരാജയപ്പെട്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയാ സിഎന്‍എന്‍ ആണ് പുറത്തുകൊണ്ടു വന്നത്.

അമേരിക്ക നടത്തിയ ആക്രമണം ഇറാന്റെ ആണവ പദ്ധതിയെ ഏതാനും മാസങ്ങള്‍ മാത്രം പിന്നോട്ടടിപ്പിക്കുകയേ ചെയ്തിട്ടുള്ളുവെന്നും ഇറാന്‍ വളരെ സമ്പുഷ്ടമായ യുറേനിയത്തിന്റെ ബാച്ചുകള്‍ ആക്രമണത്തിന് മുമ്പ് മാറ്റിയെന്നുമുള്ള പ്രാഥമിക റിപ്പോര്‍ട്ട് ഇന്റലിജന്‍സ് ഏജന്‍സി തയ്യാറാക്കിയിട്ടുണ്ടെന്നായിരുന്നു സിഎന്‍എന്നിന്റെ റിപ്പോര്‍ട്ട്.

ALSO READ: മൊസാദിന്റെ നീരാളിക്കൈകള്‍ അരിഞ്ഞ് ഇറാന്‍; പിടിച്ചെടുത്തത് 10000ലേറെ ഡ്രോണുകള്‍

ഇറാന്റെ ആണവകേന്ദ്രങ്ങള്‍ പൂര്‍ണ്ണമായി തകര്‍ത്തെന്നും ഇറാന് ഇനി ആണവായുധങ്ങള്‍ നിര്‍മ്മിക്കാന്‍ സാധിക്കില്ലെന്നുമുള്ള അമേരിക്കന്‍ പ്രസിഡന്റിന്റെ അവകാശവാദങ്ങളെ നിരാകരിക്കുന്നതായിരുന്നു സിഎന്‍എന്‍ പുറത്ത് വിട്ട റിപ്പോര്‍ട്ട്. ഇറാനിലെ അമേരിക്കന്‍ ആക്രമണത്തെക്കുറിച്ചുള്ള ഇന്റലിജന്‍സ് വിലയിരുത്തലിന്റെ പേരില്‍ അമേരിക്കയില്‍ വാദപ്രതിവാദങ്ങള്‍ രൂക്ഷമാകുകയാണെന്നും റിപ്പോര്‍ട്ടുണ്ട്.

എന്നാല്‍, റിപോര്‍ട്ട് വൈറ്റ് ഹൗസ് തള്ളി. സിഎന്‍എന്‍ വാര്‍ത്തയോട് പ്രതികരിച്ചാണ് ഇന്റലിജന്‍സിന്റെ പ്രാഥമിക വിലയിരുത്തല്‍ പൂര്‍ണ്ണമായും തെറ്റാണെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കിയിരിക്കുന്നത്.

‘ആരോപിക്കപ്പെട്ട വിലയിരുത്തല്‍ പൂര്‍ണ്ണമായും തെറ്റാണ്. അത് അതീവ രഹസ്യമായി കണക്കാക്കിയിരിക്കുന്ന രേഖയാണ്. പക്ഷേ അത് സിഎന്‍എന്നിന് ചോര്‍ന്നു. ഇപ്പോള്‍ ന്യൂയോര്‍ക്ക് ടൈംസ്, വാള്‍സ്ട്രീറ്റ് ജേണല്‍, വാഷിംഗ്ടണ്‍ പോസ്റ്റ് എന്നിവയ്ക്കും’ എന്നായിരുന്നു വൈറ്റ്ഹൗസിന്റെ പ്രതികരണം.

ആരോപിക്കപ്പെടുന്ന വിലയിരുത്തല്‍ ചോര്‍ത്തിയത് പ്രസിഡന്റ് ട്രംപിനെ താഴ്ത്തിക്കെട്ടാനും ഇറാന്റെ ആണവ പദ്ധതിയെ ഇല്ലാതാക്കാനുള്ള ദൗത്യത്തില്‍ ഏര്‍പ്പെട്ട ധീരരായ യുദ്ധവിമാന പൈലറ്റുമാരെ അപകീര്‍ത്തിപ്പെടുത്താനുമുള്ള വ്യക്തമായ ശ്രമമാണെന്നും വൈറ്റ്ഹൗസ് കുറ്റപ്പെടുത്തി.

ഇതിനിടെ ഇറാനും ഇസ്രയേലും വെടിനിര്‍ത്തല്‍ അംഗീകരിച്ചതിന് പിന്നാലെ ഇരുരാജ്യങ്ങളും യുദ്ധവിജയം അവകാശപ്പെട്ട് രംഗത്ത് വന്നിട്ടുണ്ട്. ഇസ്രയേലിനെതിരെ വിജയം നേടിയെന്ന് ആവകാശപ്പെട്ട് ഇറാനില്‍ ആഹ്‌ളാദപ്രകടനം നടന്നു.

ഇസ്രായേല്‍ നേടിയ വിജയം തലമുറകളോളം നിലനില്‍ക്കുമെന്നായിരുന്നു പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രതികരണം. വെടിനിര്‍ത്തല്‍ ലംഘനം ഉണ്ടായാല്‍ ബലംപ്രയോഗിക്കേണ്ടി വരുമെന്ന് ഐക്യരാഷ്ട്ര സഭയിലെ ഇസ്രായേല്‍ അംബാസിഡര്‍ ഡാനി ഡാനോന്‍ വ്യക്തമാക്കി. ഇതിനിടെ വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട് ഖത്തറിന്റെ ഇടപെടലിന് ഇറാന്റെ യുഎന്‍ പ്രതിനിധി അമിര്‍ സെയ്ദ് ഇരവാനി നന്ദി അറിയിച്ചു.

ഇറാന്റെ മൂന്ന് ആണവ കേന്ദ്രങ്ങള്‍ ആക്രമിച്ചെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ജൂണ്‍ 22-ന് പ്രഖ്യാപിച്ചിരുന്നു. വൈറ്റ്ഹൗസില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു കൊണ്ടായിരുന്നു ട്രംപിന്റെ പ്രതികരണം.

ഭൂഗര്‍ഭ ആണവ കേന്ദ്രമായ ഫൊര്‍ദോ തകര്‍ത്തെന്നും ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. ബി 2 സ്റ്റെല്‍ത്ത് ബോംബര്‍ വിമാനങ്ങള്‍ ഫൊര്‍ദോ ആണവ കേന്ദ്രത്തില്‍ ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ പ്രയോഗിച്ചു എന്നായിരുന്നു അമേരിക്കയുടെ അവകാശവാദം.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക