16
Feb 2025
Thu
16 Feb 2025 Thu

ന്യൂഡല്‍ഹി: നാടുകടത്തിയ ഇന്ത്യക്കാര്‍ യു.എസ് ഇമിഗ്രേഷന്‍ വകുപ്പില്‍നിന്ന് നേരിട്ടത് കൊടിയ പീഡനവും മനുഷ്യാവകാശലംഘനങ്ങള്‍ക്കും. കൈകാലുകളില്‍ വിലങ്ങുവെച്ചാണ് കുടിയേറ്റക്കാരെ ഇന്ത്യയിലെത്തിച്ചത്. യാത്രയിലുടനീളം കൈകളും കാലുകളും ബന്ധിച്ചിരുന്നുവെന്നും ലാന്‍ഡിങ്ങിന് ശേഷമാണ് ഇവ നീക്കിയതെന്നും ഇന്ത്യയില്‍ തിരിച്ചെത്തിയവര്‍ വെളിപ്പെടുത്തി. ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കുന്നത് സംബന്ധിച്ച് തങ്ങള്‍ക്ക് അറിവുണ്ടായിരുന്നില്ലെന്നും മറ്റൊരു ക്യാംപിലേക്ക് മാറ്റുന്നുവെന്നാണ് കരുതിയതെന്നും എന്നാല്‍ പൊലീസ് ഉദ്യോഗസ്ഥന്‍ തങ്ങളെ ഇന്ത്യയിലേക്കാണ് കൊണ്ടുപോകുന്നതെന്ന് പറഞ്ഞപ്പോഴാണ് വിവരം അറിഞ്ഞതെന്നും സംഘത്തിലുണ്ടായിരുന്ന പഞ്ചാബ് സ്വദേശി ജസ്പാല്‍ സിങ് പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

40 മണിക്കൂറോളം തങ്ങളുടെ കൈയ്യിലും കാലിലും വിലങ്ങുവെച്ചെന്ന് മറ്റൊരു പഞ്ചാബ് സ്വദേശി ഹര്‍വീന്ദര്‍ സിങ് പറഞ്ഞു. സീറ്റില്‍ നിന്ന് ഒരിഞ്ച് പോലും അനങ്ങാന്‍ കഴിയുമായിരുന്നില്ല. നിരന്തരമായ അഭ്യര്‍ഥനകള്‍ക്ക് ശേഷമാണ് വാഷ്‌റൂമിലേക്ക് പോകാന്‍ അനുവദിച്ചത്. ശാരീരികമായി മാത്രമല്ല മാനസികമായും വലിയ പ്രയാസം നേരിട്ടെന്നും അദ്ദേഹം പറഞ്ഞു.

104 പേരടങ്ങുന്ന ഇന്ത്യക്കാരാണ് അമേരിക്കയുടെ സൈനിക വിമാനമായ സി17 അമൃത്സറില്‍ ഇന്നലെ എത്തിയത്. ആദ്യമെത്തിയ 104 ആളുകളില്‍ 48 പേരും 25 വയസില്‍ താഴെ പ്രായമുള്ളവരാണ്. ആദ്യ സംഘത്തില്‍ 25 സ്ത്രീകളും 12 കുട്ടികളും ഉണ്ടായിരുന്നു. നാലുവയസ് മാത്രം പ്രായമുള്ള കുഞ്ഞുമുണ്ട് സംഘത്തില്‍. ഗുജറാത്ത്, ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള 30 വീതം ആളുകളും ഉത്തര്‍പ്രദേശ്, ഛണ്ഡീഗഢ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള രണ്ടുവീതം ആളുകളും മഹാരാഷ്ട്രയില്‍ നിന്നുള്ള മൂന്നുപേരും ആണ് നാട്ടില്‍ എത്തിയത്.

യുഎസില്‍നിന്ന് നാടുകടത്തിയ ഇന്ത്യക്കാരെ കൈവിലങ്ങുവെച്ച് അപമാനിച്ചെന്നും ഇക്കാര്യത്തില്‍ കേന്ദ്രം ഒന്നും പ്രതികരിച്ചില്ലെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി. 2013ല്‍ ഇന്ത്യന്‍ നയതന്ത്രജ്ഞ ദേവയാനി ഖോബ്രഗഡെയോട് മോശമായി പെരുമാറിയതിനെതിരേ അന്നത്തെ യുപിഎ സര്‍ക്കാര്‍ ശക്തമായി പ്രതികരിച്ചതിനാല്‍ അമേരിക്ക ഖേദം പ്രകടിപ്പിച്ച കാര്യവും കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേഡ പറഞ്ഞു.