02
Jul 2023
Wed
02 Jul 2023 Wed

തിരുവനന്തപുരം: അടുത്തവര്‍ഷത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് പാര്‍ട്ടിയെ സജ്ജമാക്കുന്നതിന്റെ ഭാഗമായി കെ. സുരേന്ദ്രനെ മാറ്റി പകരം കേന്ദ്ര സഹമന്ത്രി വി. മുരളീധരനെ ബിജെപി സംസ്ഥാന അധ്യക്ഷപദവിയിലിരുത്തുന്നു. മുരളീധരനു പകരം നടനും മുന്‍ രാജ്യസഭാംഗവുമായ സുരേഷ് ഗോപി കേന്ദ്രമന്ത്രിസഭയില്‍ എത്തുമെന്നും സൂചനയുണ്ട്. എന്നാല്‍ സുരേന്ദ്രനു പകരം എന്തു ചുമതല നല്‍കും എന്നതില്‍ വ്യക്തത വന്നിട്ടില്ല. ഇക്കാര്യത്തില്‍ കേന്ദ്ര ബിജെപി നേതൃത്വം ധാരണയില്‍ എത്തിക്കഴിഞ്ഞതായി ഉന്നത വൃത്തങ്ങള്‍ സൂചിപ്പിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കഴിഞ്ഞദിവസം നാലു സംസ്ഥാനങ്ങളില്‍ ബിജെപി പുതിയ അധ്യക്ഷന്മാരെ നിയമിച്ചിരുന്നു. ഇന്നോ നാളെയോ ആയി കൂടുതല്‍ സംസ്ഥാനങ്ങളില്‍ പുതിയ നേതൃത്വത്തെ നിയോഗിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തെരഞ്ഞെടുപ്പു നടക്കാനിരിക്കെ തെലങ്കാനയില്‍ കേന്ദമന്ത്രി ജി കിഷന്‍ റെഡ്ഢിയെ അധ്യക്ഷനാക്കിയതോടെയാണ് കേരളത്തിലും സമാനമായ സാധ്യതയുണ്ടെന്ന സൂചനകള്‍ പുറത്തുവന്നത്. രണ്ട് ദിവസത്തിനുള്ളില്‍ പ്രഖ്യാപനം ഉണ്ടാകും.

നിലവില്‍ സംസ്ഥാന അധ്യക്ഷന്മാരായ ചിലരെയെങ്കിലും കേന്ദ്ര മന്ത്രിസഭയിലേക്ക് അയക്കാനാണ് പാര്‍ട്ടി ആലോചന. മന്ത്രിയായ ശേഷം മത്സരിക്കുമ്പോള്‍ അത് സുരേഷ് ഗോപിയുടെ ജനപ്രീതി ഉയര്‍ത്തുമെന്നാണ് നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. കെ സുരേന്ദ്രന്‍ ദേശീയ നിര്‍വാഹക സമിതിയില്‍ ഇടം നേടിയേക്കും.

ഗുജറാത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യയും പുരുഷോത്തം രൂപാലയുമാണ് ഗുജറാത്ത് ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണനയിലുള്ള പേരുകള്‍. കേന്ദ്രമന്ത്രി ജീതേന്ദ്രസിംഗിനെയാണ് ജമ്മുകശ്മീരില്‍ പാര്‍ട്ടി തലപ്പത്തേക്ക് പരിഗണിക്കുന്നത്. മന്ത്രി നരേന്ദ്ര സിങ് തോമറോ, പ്രഹ്ലാദ് സിങ് പട്ടേലോ മധ്യപ്രദേശില്‍ അധ്യക്ഷനായേക്കാം.അതേസമയം പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കാന്‍ പാടുപെടുന്ന കര്‍ണാടകയില്‍ അധ്യക്ഷസ്ഥാനവും അനിശ്ചിതത്വത്തിലാണ്.

നാലു സംസ്ഥാനങ്ങളില്‍നിന്നായി ഒഴിവു വരുന്ന പത്തു രാജ്യസഭാ സീറ്റുകളിലേക്ക് ഈ മാസം 24ന് തെരഞ്ഞെടുപ്പു നടക്കുന്നുണ്ട്. ഇതില്‍ ജയം ഉറപ്പുള്ള സീറ്റില്‍ സുരേഷ് ഗോപിയെ നിര്‍ത്താനാണ് ബിജെപി നേതൃത്വം ഒരുങ്ങുന്നത്.