കണ്ണൂർ: പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനിൽ ആദ്യ ദിനം തന്നെ ചോർച്ച. കണ്ണൂർ റെയിൽവേ സ്‌റ്റേഷനിൽ നിർത്തിയിട്ടിരുന്ന വന്ദേഭാരതിന്റെ എക്‌സിക്യുട്ടീവ് കോച്ചിലാണ് വെള്ളം കയറിയത്. ഇന്നലെ രാത്രി പെയ്ത മഴയെ തുടർന്നാണ് ട്രെയിനിനകത്ത് വെള്ളം കയറിയതെന്നാണ് റെയിൽവേ ജീവനക്കാർ പറയുന്നത്.
|
ബോഗിയുടെ മുകൾ വശത്തുണ്ടായ വിള്ളലിലൂടെയാണ് ഉള്ളിലേക്ക് വെള്ളമിറങ്ങിയത്. റെയിൽവേ ജീവനക്കാർ ചോർച്ച അടയ്ക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.
ഉദ്ഘാടനത്തിന് ശേഷം ചൊവ്വാഴ്ച തിരുവനന്തപുരത്ത് നിന്നും ആദ്യ സർവീസ് ആരംഭിച്ച വന്ദേഭാരത് ബുധനാഴ്ച കാസർകോട് നിന്ന് തിരിച്ച് പുറപ്പെടാനിരുന്നതാണ്. ഇന്നലെ രാ്ര്രതി 11ഓടെ തന്നെ ട്രെയിൻ കാസർകോട് നിന്ന് കണ്ണൂരെത്തിച്ചിരുന്നു. ട്രെയിനിൽ വെള്ളം നിറയ്ക്കുന്നതുൾപ്പെടെയുള്ള ആവശ്യങ്ങൾക്കായാണ് കണ്ണൂരിലെത്തിച്ചത്. ഇവിടെ പ്ലാറ്റ്‌ഫോമിൽ നിർത്തിയിട്ട ട്രെയിനാണ് മഴയിൽ ചോർന്നൊലിച്ചത്.
ഇന്ന് പുലർച്ചെ ജീവനക്കാരെത്തി പരിശോധിച്ചപ്പോഴാണ് ബോഗിയിൽ വെള്ളം ശ്രദ്ധയിൽപ്പെട്ടത്. ചെറിയ ചോർച്ചയാണെന്നും എത്രയും വേഗം അറ്റകുറ്റപ്പണികൾ നടത്തി യാത്ര ആരംഭിക്കുമെന്നും റെയിൽവേ ഉദ്യോഗസ്ഥർ അറിയിച്ചു. ചോർച്ച എങ്ങനെയണ്ടായി എന്നതടക്കമുള്ള കാര്യത്തിൽ അന്വേഷണം നടത്താനും നിർദേശമുണ്ട്.
ഇന്നലെ തിരുവനന്തപുരം തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നടത്തിയ ഉദ്ഘാടന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്‌സ്പ്രസ് ഫ്‌ളാഗ് ഓഫ് ചെയ്തത്.





