|
ന്യൂഡല്‍ഹി: നിര്‍ദിഷ്ട വിദ്യാഭ്യാസ യോഗ്യത ഇല്ലെങ്കിലും സര്‍വകലാശാലകളിലും മറ്റ് ഉന്നത സ്ഥാപനങ്ങളിലും വിദഗ്ധര്‍ക്ക് അധ്യാപകനിയമനത്തിന് അവസരം നല്‍കുന്നു. വിവിധ മേഖലകളില്‍ കഴിവുതെളിയിച്ച വിദഗ്ധരുടെ സേവനം പ്രയോജനപ്പെടുത്തുന്ന വിധത്തില്‍ അധ്യാപകനിയമനത്തില്‍ മാറ്റംവരുത്തുന്നു എന്ന് അവകാശപ്പെട്ടാണ് യു.ജി.സി പരിഷ്‌കരണം കൊണ്ടുവരുന്നത്.
എന്നാല്‍, പുതിയ നീക്കം സംബന്ധിച്ച് അക്കാദമിക് സമൂഹത്തില്‍നിന്ന് ആശങ്കയും ഉയര്‍ന്നിട്ടുണ്ട്. അതത് സര്‍ക്കാരുകള്‍ തങ്ങള്‍ക്ക് ഇഷ്ടപ്പെട്ടവരെ സര്‍വകലാശാലകളിലേക്ക് അധ്യാപകരമായി തിരുകിക്കയറ്റാനുള്ള വേദിയായി നിയമത്തെ മാറ്റുമോയെന്നതാണ് ആശങ്ക.
‘പ്രൊഫസേഴ്സ് ഓഫ് പ്രാക്ടീസ്’ എന്നപേരില്‍ വിദഗ്ധരെ ഫാക്വല്‍റ്റി അംഗങ്ങളായി ഉള്‍പ്പെടുത്തുന്നതിനുള്ള വിജ്ഞാപനം വൈകാതെ തന്നെ യു.ജി.സി പുറത്തിറക്കുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്ചെയ്തു. കഴിഞ്ഞയാഴ്ച നടന്ന യു.ജി.സിയുടെ ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.
നിലവില്‍ 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദവും യു.ജി.സി നടത്തുന്ന ദേശീയ പ്രവേശനപ്പരീക്ഷാ (നെറ്റ്) വിജയവുമാണ് അസിസ്റ്റന്റ് പ്രൊഫസറാവാനുള്ള യോഗ്യത. ഈ യോഗ്യതക്ക് പുറമെ ഉദ്യോഗാര്‍ഥിയുടെ പേരില്‍ വിവിധ ജേണലുകളിലോ മറ്റോ പ്രസിദ്ധീകരിച്ച മികവുറ്റ സൃഷ്ടികള്‍ അധികയോഗ്യതയുമായി കണക്കാക്കും. എന്നാല്‍ ഇത്തരം വ്യവസ്ഥകളില്ലാതെ തന്നെ അധ്യാപകനിയമനം നടപ്പാക്കാനാണ് യു.ജി.സി ആലോചന.
എന്‍ജിനീയറിങ്, ശാസ്ത്രം, മാധ്യമം, സാഹിത്യം, സംരഭകത്വം, സാമൂഹിക ശാസ്ത്രം, കല, സായുധസേന, സിവില്‍സര്‍വിസ് തുടങ്ങിയ മേഖലകളില്‍ കഴിവുതെളിയിച്ചതും എന്നാല്‍ യു.ജി.സി നിയമപ്രകാരം അധ്യാപകരാവാന്‍ യോഗ്യതയില്ലാത്തവരെയും ഫാക്വല്‍റ്റിയില്‍ ഉള്‍പ്പെടുത്തുകയാണ് ലക്ഷ്യം. ഈ മേഖലയില്‍ 15 വര്‍ഷത്തെയങ്കിലും പരിചയമുള്ളവര്‍ക്ക് അക്കാദമിക് യോഗ്യത വേണ്ടതില്ലെന്നാണ് കരട് നിര്‍ദേശത്തിലുള്ളത്. ഓരോ സ്ഥാപനത്തിലും നിയമനം നടത്താന്‍ അനുവാദമുള്ള ആകെ ഫാക്വല്‍റ്റിയുടെ പത്ത് ശതമാനത്തില്‍ കൂടുതല്‍ വിദഗ്ധരെ നിയമിക്കാനും പാടില്ല. സാധാരണ ഫാക്വല്‍റ്റി നിയമനത്തെ വിദഗ്ധരുടെ നിയമനം ഒരുനിലയ്ക്കും ബാധിക്കാനും പാടില്ലെന്നും യു.ജി.സി നിര്‍ദേശിക്കുന്നു.
ഇത്തരത്തില്‍ നിയമിക്കപ്പെടുന്ന വിദഗ്ധരുടെ സര്‍വിസ് കാലാവധി മൂന്നുവര്‍ഷമാണ്. പ്രത്യേക സാഹചര്യങ്ങളില്‍ ഒരുവര്‍ഷത്തേക്ക് കൂടി അധികമായി നീട്ടാം. എങ്കിലും ഒരുകാരണവശാലും നാലുവര്‍ഷത്തില്‍ കൂടുതല്‍ സര്‍വിസില്‍ തുടരരുത്. വൈസ് ചാന്‍സിലര്‍ക്കും ഡയറക്ടര്‍മാര്‍ക്കും മാധ്യമങ്ങള്‍ മുഖേന ഫാക്വല്‍റ്റികളിലേക്ക് വിദഗ്ധരില്‍നിന്ന് അപേക്ഷക്ഷണിക്കാം. വിശദമായ ബയോഡാറ്റകളില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ടവരെ അഭിമുഖം നടത്തിയ ശേഷമാണ് നിയമിക്കേണ്ടത്.
‘Professors of Practice’ | Varsities to hire experts as 10% faculty; degree, publications not mandatory



