ആർഎസ്എസ് നേതാവായിരുന്ന വിഡി സവർക്കറുടെ ചിത്രം രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ വരവേൽക്കുന്ന ബാനറിൽ ഇടംപിടിച്ചത് അബദ്ധമെന്ന് വിശദീകരണം. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ആണ് ഇതുസംബന്ധിച്ച വിശദീകരണം നൽകിയത്. പ്രിന്റിങ് മിസ്റ്റേക്ക് ആണെന്നും സാദാരണ പ്രവർത്തകനാണ് ബാനർ അടിപ്പിക്കാൻ പോയതെന്നും അദ്ദേഹം പ്രതികരിച്ചു. നെടുമ്പാശ്ശേരി അത്താണിയിലായിരുന്നു സ്വാതന്ത്ര്യ സമരസേനാനികൾക്കൊപ്പം വി ഡി സവർക്കറുടെ ചിത്രം കൂടി ബാനറിൽ ഉൾപ്പെട്ടത്.
|
ബാനർ വിവാദമായതോടെ സവർക്കറുടെ ചിത്രത്തിന്റെ സ്ഥാനത്ത് മഹാത്മാ ഗാന്ധിയുടെ ബാനർ സ്ഥാപിച്ച് മറയ്ക്കുകയും ചെയ്തിരുന്നു.
സ്വാതന്ത്ര്യ സമരസേനാനികളുടെ ചിത്രം ഗൂഗിളിൽ തിരഞ്ഞപ്പോൾ ലഭിച്ച ചിത്രം ഡിസൈൻ ചെയ്തയാളാണ് ബാനറിൽ വച്ചതെന്നും ഷിയാസ് പറഞ്ഞു.
അക്ഷരാഭ്യാസമില്ലാത്ത പ്രവർത്തകനാണ് ബാനർ ചെയ്യാൻ പോയതെന്നും വീഴ്ചയിൽ അദ്ദേഹം മാപ്പ് പറഞ്ഞതായും മുഹമ്മദ് ഷിയാസ് വ്യക്തമാക്കി. ഈ പ്രവർത്തകനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തുവെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു. കൂലിപ്പണി ചെയ്തു കിട്ടിയ പണം കൊണ്ടാണ് ഈ പ്രവർത്തകൻ ബാനർ വച്ചതെന്നും അതിനാലാണ് സവർക്കറുടെ ചിത്രം ഉള്ള ബാനർ കീറിക്കളയാൻ പോലും മനസ്സ് വരാതെ അവിടെ ഗാന്ധിജിയുടെ ചിത്രം വച്ച് മറച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിപിഐഎമ്മും എസ്ഡിപിഐയുമാണ് ഇത് വിവാദമാക്കി പ്രചരിപ്പിക്കുന്നതും മുഹമ്മദ് ഷിയാസ് പറഞ്ഞു.



