23
Dec 2024
Sat
23 Dec 2024 Sat
Verdict in Periya double murder case today

കാസര്‍കോട്: കേരളാ രാഷ്ട്രീയത്തില്‍ വന്‍ പ്രകമ്പനങ്ങള്‍ സൃഷ്ടിച്ച പെരിയ ഇരട്ടക്കൊലപാതക കേസില്‍ ഇന്ന് വിധി. ആറു വര്‍ഷത്തോളം നീണ്ട നിയമപോരാട്ടങ്ങള്‍ക്കു ശേഷമാണ് കൊച്ചി സിബിഐ കോടതി വിധി പറയുന്നത്. രണ്ട് വര്‍ഷത്തിലേറെ നീണ്ട വിചാരണക്കൊടുവിലാണ് വിധി പറച്ചില്‍. കേസില്‍ വിധി പറയുന്ന പശ്ചാത്തലത്തില്‍ ജില്ലയില്‍ പൊലീസ് സുരക്ഷ ശക്തമാക്കി. പൊലീസ് റൂട്ട് മാര്‍ച്ചും നടത്തി. കൃപേഷിന്റെയും ശരത് ലാലിന്റെയും കുടുബം വിധി കേള്‍ക്കാന്‍ കൊച്ചിയില്‍ എത്തി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കേസിനാസ്പദമായ സംഭവം

2019 ഫെബ്രുവരി 17ന് രാത്രി ഏഴരയോടെയാണ് കേസിനാസ്പദമായ സംഭവം. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനെയും(23) കൃപേഷിനെയും(19) കല്യോട്ട് കൂരാങ്കര റോഡില്‍ തടഞ്ഞുനിര്‍ത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്. ആദ്യം ലോക്കല്‍ പൊലീസിലെ പ്രത്യേക സംഘവും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് പിന്നീട് സിബിഐ ഏറ്റെടുക്കുകയായിരുന്നു. ശരത് ലാലിന്റെയും കൃപേഷിന്റെയും മാതാപിതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം റദ്ദാക്കി കേസ് സിബിഐക്ക് വിട്ടത്. സര്‍ക്കാര്‍ എതിര്‍ത്തെങ്കിലും ഡിവിഷന്‍ ബെഞ്ച് ശരിവച്ചു. സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ പോയെങ്കിലും പരമോന്നത കോടതിയും കുടുംബത്തോടൊപ്പം നിന്നു.

മുന്‍ എം.എല്‍.എയും പ്രതി

മുന്‍ എം.എല്‍.എയും സിപിഎം കാസര്‍കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ കെ.വി കുഞ്ഞിരാമന്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും സിപിഎം ഉദുമ മുന്‍ ഏരിയ സെക്രട്ടറിയുമായ കെ.മണികണ്ഠന്‍, മുന്‍ ലോക്കല്‍ സെക്രട്ടറിമാരായ എന്‍.ബാലകൃഷ്ണന്‍, രാഘവന്‍ വെളുത്തതോളി തുടങ്ങിയ 24 പേരാണ് കേസിലെ പ്രതികള്‍. ഒന്നാം പ്രതി പെരിയ മുന്‍ ലോക്കല്‍ കമ്മിറ്റിയംഗം എ പീതാംബരന്‍ ഉള്‍പ്പെടെ 14 പേരെ ക്രൈംബ്രാഞ്ചും കെവി കുഞ്ഞിരാമന്‍ ഉള്‍പ്പെടെ 10 പേരെ സിബിഐയുമാണ് അറസ്റ്റ് ചെയ്തത്.

ആദ്യം അറസ്റ്റിലായ 14 പേരില്‍ കെ മണികണ്ഠന്‍, എന്‍ ബാലകൃഷ്ണന്‍, ആലക്കോട് മണി എന്നിവര്‍ക്കു ജാമ്യം ലഭിച്ചിരുന്നു. ബാക്കി 11 പേര്‍ ഇപ്പോഴും വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലാണ്. സിബിഐ അറസ്റ്റ് ചെയ്ത 10 പേരില്‍ കെവി കുഞ്ഞിരാമനും രാഘവന്‍ വെളുത്തോളിയുമുള്‍പ്പെടെ 5 പേര്‍ക്കും ജാമ്യം ലഭിച്ചിരുന്നു.

Verdict in Periya double murder case today