28
Apr 2025
Fri
28 Apr 2025 Fri
vhp chathisgarh

റായ്പൂര്‍: മതപരിവര്‍ത്തന ആരോപണമുന്നയിച്ച് ക്രിസ്ത്യന്‍ സമുദായത്തിനെതിരേ വീണ്ടും വാളെടുത്ത് സംഘപരിവാരം.  (VHP demands closure of Catholic-run nursing college in Chathisgarh) ഛത്തീസ്ഗഡിലെ കുംക്രിയില്‍ കത്തോലിക്കാ സഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹോളിക്രോസ് നഴ്സിങ് കോളേജിനു നേരെയാണ് പുതിയ നീക്കം. കോളേജ് അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്ത് മാര്‍ച്ച് നടത്തി. ഈ ആവശ്യമുന്നയിച്ച് ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായ്ക്ക് വി.എച്ച്.പി പരാതി നല്‍കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നേരത്തെ കോളേജിലെ മലയാളി അധ്യാപികക്കെതിരെ മതപരിവര്‍ത്തനത്തിന് കേസെടുത്തിരുന്നു. കോട്ടയം സ്വദേശിനിയും കോളേജ് പ്രിന്‍സിപ്പലുമായ സിസ്റ്റര്‍ ബിന്‍സി ജോസഫിനെതിരെയാണ് കേസെടുത്തിരുന്നത്. ഭീഷണിപ്പെടുത്തി മതം മാറ്റാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസ്.

അതേസമയം, കോളേജ് വിദ്യാര്‍ത്ഥിയെ മതം മാറ്റാന്‍ ശ്രമിച്ചുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നാണ് ഹോളിക്രോസ് കോളേജ് അധികൃതര്‍ വ്യക്തമാക്കുന്നത്. കേസെടുത്ത പൊലീസ് നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്നും അധികൃതര്‍ അറിയിച്ചിരുന്നു.

പരാതി നല്‍കിയ വിദ്യാര്‍ത്ഥിക്ക് മതിയായ ഹാജര്‍ ഇല്ലായിരുന്നു. ജനുവരി മുതല്‍ ക്ലാസുകളില്‍ നിന്നും ആശുപത്രി ജോലികളില്‍ നിന്നും വിദ്യാര്‍ത്ഥി വിട്ട് നില്‍ക്കുകയായിരുന്നു.

ഇതിനാല്‍ കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് നല്‍കാനാവില്ലെന്ന് കോളേജ് അധികൃതര്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതിന്റെ പ്രതികാരം തീര്‍ക്കാനാണ് വിദ്യാര്‍ത്ഥി വ്യാജപരാതി നല്‍കിയതെന്നാണ് കോളേജ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.

ഏപ്രില്‍ രണ്ടിനാണ് മതംമാറാന്‍ പ്രിന്‍സിപ്പല്‍ നിര്‍ബന്ധിച്ചുവെന്ന് കാണിച്ച് ജില്ലാ കളക്ടര്‍ക്കും പൊലീസ് സൂപ്രണ്ടിനും പെണ്‍കുട്ടി പരാതി നല്‍കിയത്. നിലവില്‍ നൂറിലധികം വിശ്വഹിന്ദു പരിഷത്തിന്റെ പ്രവര്‍ത്തകരാണ് നഴ്സിങ് കോളേജിന് മുന്നില്‍ തടിച്ചുകൂടിയിരിക്കുന്നത്. സ്ഥാപനം അടച്ചുപൂട്ടാന്‍ സര്‍ക്കാരില്‍ വി.എച്ച്.പി സമ്മര്‍ദം ചെലുത്തുകയാണെന്നാണ് വിലയിരുത്തല്‍.

കേരളത്തില്‍ ക്രൈസ്തവ സഭകളെ കൂടെ ചേര്‍ക്കാനുള്ള പദ്ധതികളുമായി ബിജെപി മുന്നോട്ട് പോകുന്നതിനിടെയാണ് ഇതര സംസ്ഥാനങ്ങളില്‍ ക്രൈസ്തവ വിരുദ്ധ അക്രമങ്ങള്‍ വ്യാപകമാവുന്നത്. കഴിഞ്ഞ ദിവസം ജബല്‍പൂരില്‍ മലയാളി വികാരിമാര്‍ ഉള്‍പ്പെടെയുള്ളവരെ സംഘപരിവാര പ്രവര്‍ത്തകര്‍ ആക്രമിച്ചു പരിക്കേല്‍പ്പിച്ചിരുന്നു. ഇതിനെതിരേ കൃത്യമായ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോലും സര്‍ക്കാര്‍ തയ്യാറായില്ല.