21
Sep 2022
Mon
21 Sep 2022 Mon

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബല്ലാരി: ​ഹിന്ദുത്വസംഘടനകൾ സംഘടിപ്പിച്ച ​ഗണേശോത്സവ റാലിക്കിടെ പള്ളിയിലേക്ക് ചെരിപ്പെറിഞ്ഞ് വിഎച്ച്പി പ്രവർത്തകൻ. ഹിന്ദു മഹാസഭ ഗണേശ വിസർജൻ കമ്മിറ്റിയുടെ ബാനറിൽ വിശ്വഹിന്ദു പരിഷത്തും (വിഎച്ച്‌പി) ബജ്‌റംഗ്ദളും ചേർന്ന് ശനിയാഴ്ച കർണാടക ബല്ലാരിയിലെ സിർഗുപ്പയിൽ സംഘടിപ്പിച്ച ഗണേശോത്സവ ഘോഷയാത്രയ്ക്കിടെയാണ് സംഭവം.

 

സിർഗുപ്പയിലെ മുസ്‌ലിം ജനവാസമേഖലയിൽ സ്ഥിതി ചെയ്യുന്ന സൗദാഗർ സുന്നി മസ്ജിദിനു മുന്നിലൂടെ ഘോഷയാത്ര കടന്നുപോകുമ്പോഴായിരുന്നു ചെരിപ്പേറ്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. പള്ളിക്ക് മുന്നിൽ നിരവധി ഹിന്ദുത്വവാദികൾ നിലയുറപ്പിച്ചിരിക്കുന്നത് വീഡിയോയിൽ കാണാം. ഇതിനിടെ വിഎച്ച്പി അംഗം തന്റെ ചെരിപ്പ് പള്ളിയിലേക്ക് എറിയുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ചെരിപ്പേറിൽ ആഹ്ലാദം പങ്കുവയ്ക്കുന്നവരേയും വീഡിയോയിൽ കാണാം.‌

 

നിതീഷ് കുമാർ എന്ന വിഎച്ച്പി പ്രവർത്തകനാണ് പള്ളിക്ക് നേരെ ചെരിപ്പെറിഞ്ഞ്. സംഭവത്തിൽ പള്ളി കമ്മിറ്റിയുടെ പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തതായി ബല്ലാരി പൊലീസ് സൂപ്രണ്ട് സെയ്ദുലാദവത്ത് വാർത്താക്കുറിപ്പിൽ അറിയിച്ചു. സംഭവത്തിൽ അഞ്ച് അക്രമികളെ ഞങ്ങൾ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അവരെ കോടതിയിൽ ഹാജരാക്കുമെന്നും അദ്ദേഹം അറിയിച്ചു.

 

പ്രതികൾക്കെതിരെ ഐപിസി 153 എ (മതസ്പർധ), 143 (നിയമവിരുദ്ധമായി സമ്മേളിക്കൽ), 147 (കലാപമുണ്ടാക്കൽ), 295 എ (മതവികാരം വ്രണപ്പെടുത്തലും മതവിശ്വാസത്തെ അവഹേളിക്കലും), 505(2) (പൊതുദ്രോഹത്തിന് കാരണമാകുന്ന പ്രസ്താവനകൾ), 149 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സംഭവം പ്രദേശത്ത് വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

 

നിതീഷ് കുമാറിനൊപ്പം അയൽപക്കത്തുള്ള നിരവധി പേർ ഉണ്ടായിരുന്നതായി പ്രദേശവാസികൾ പറയുന്നു. മഹാത്മാഗാന്ധിയുടെ ഘാതകൻ നാഥുറാം വിനായക് ഗോഡ്‌സെയുടെ ആർഎസ്എസ് സൈദ്ധാന്തികൻ വി ഡി സവർക്കറുടെയും ചിത്രങ്ങളും ഘോഷയാത്രയിൽ പ്രദർശിപ്പിച്ചിരുന്നു. അതേസമയം, സ്ഥിതിഗതികൾ നിയന്ത്രിക്കാനും സമാധാനാന്തരീക്ഷം നിലനിർത്താനും സ്ഥലത്ത് പൊലീസ് സേനയെ വിന്യസിച്ചു.