21
Aug 2025
Mon
21 Aug 2025 Mon
Voter registration: Over 25 lakh applications received; Deadline ends tomorrow

തിരുവനന്തപുരം: തദ്ദേശ വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കാന്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള സമയപരിധി നാളെ അവസാനിക്കും. ഇതുവരെ 25 ലക്ഷം പേരാണ് അപേക്ഷിച്ചത്. ഇന്നലെ വൈകീട്ട് വരെയുള്ള കണക്കുപ്രകാരം പേരുചേര്‍ക്കാനുള്ള 25,51,412 അപേക്ഷകളാണ് ലഭിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരുത്തലിന് 11,564 അപേക്ഷയും വാര്‍ഡ് മാറ്റാന്‍ 1,40,604 അപേക്ഷയും ലഭിച്ചു. 3,05,954 പേരെ നീക്കാന്‍ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ ഓണ്‍ലൈനായി അപേക്ഷ നല്‍കി. വോട്ടര്‍പട്ടികയില്‍ പേര് ഉള്‍പ്പെടുത്തുന്നതിനുള്ള കൂടുതല്‍ അപേക്ഷകള്‍ മലപ്പുറം ജില്ലയിലാണ്. 3,53,519 അപേക്ഷകള്‍. കോഴിക്കോട്, പാലക്കാട്, തൃശൂര്‍, എറണാകുളം, തിരുവനന്തപുരം ജില്ലകളില്‍ രണ്ട് ലക്ഷത്തിന് മുകളില്‍ പേര്‍ വോട്ടുചേര്‍ക്കാന്‍ അപേക്ഷ നല്‍കി.
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ കഴിഞ്ഞമാസം 23ന് പ്രസിദ്ധീകരിച്ച കരട് വോട്ടര്‍പട്ടികയില്‍ 1,034 തദ്ദേശസ്ഥാപനങ്ങളുടെ 20,998 വാര്‍ഡുകളിലായി 2,66,78,256 വോട്ടര്‍മാരാണുള്ളത്. 1,26,32,186 പുരുഷന്മാരും 1,40,45,837 സ്ത്രീകളും 233 ട്രാന്‍സ്‌ജെന്‍ഡര്‍മാരുമാണ് കരട് പട്ടികയിലുള്ളത്. ഹിയറിങ് നടപടികള്‍ പൂര്‍ത്തിയാക്കി ഈ മാസം 30ന് അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കാനുള്ള തയാറെടുപ്പിലാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍.

അപേക്ഷകരുടെ എണ്ണം ജില്ലതിരിച്ച്

കാസര്‍കോട് 97,526.
കണ്ണൂര്‍ 1,97,157.
വയനാട് 64,045.
കോഴിക്കോട് 2,78,483.
മലപ്പുറം 3,53,519.
പാലക്കാട് 2,16,630.
തൃശൂര്‍ 2,78,923.
എറണാകുളം 2,51,170.
ഇടുക്കി 76,984.
കോട്ടയം 1,35,234.
ആലപ്പുഴ 1,35,924.
പത്തനംതിട്ട 63,378.
കൊല്ലം 1,83,561.
തിരുവനന്തപുരം 2,18,878.

എങ്ങിനെ അപേക്ഷിക്കാം

2025 ജനുവരി ഒന്നിനോ അതിന് മുമ്പോ 18 വയസ് പൂര്‍ത്തിയായവര്‍ക്ക് പേര് ചേര്‍ക്കാം.
വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനും തിരുത്താനും സ്ഥാനമാറ്റത്തിനും sec.kerala.gov.in ല്‍ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.
അപേക്ഷിക്കുന്നവര്‍ വീട്ടിലെ ആരുടെയെങ്കിലും വോട്ടര്‍ ഐഡി കരുതണം. ഓണ്‍ലൈന്‍ മുഖേന അല്ലാതെ നിര്‍ദിഷ്ട ഫോറത്തില്‍ ഇലക്ഷന്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ക്കാണ് അപേക്ഷിക്കേണ്ടത്. പേര് ഉള്‍പ്പെടുത്തുന്നതിനുള്ള അപേക്ഷയിലെ പേര്, വയസ്, താമസം എന്നിവ സംബന്ധിച്ച് ഇആര്‍ഒ മാര്‍ക്ക്എന്തെങ്കിലും സംശയങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ കമീഷന്‍ നിര്‍ദ്ദേശിച്ച 12 രേഖകളില്‍ ഏതെങ്കിലും പരിശോധിച്ച് തുടര്‍നടപടി സ്വീകരിക്കാം.

തുടര്‍ന്ന് ഹിയറിങ്ങിന് ലഭിക്കുന്ന തീയതിയില്‍ നേരിട്ട് ഹാജരാകണം. സംശയങ്ങള്‍ക്ക് അതത് തദ്ദേശ സ്ഥാപനങ്ങളിലെ ഇലക്ടറല്‍ ഓഫീസര്‍മാരുമായി ബന്ധപ്പെടണം. പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും അതാത് സെക്രട്ടറിമാരും കോര്‍പറേഷനില്‍ അഡീഷണല്‍ സെക്രട്ടറിമാരും ആണ് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍.
കരട് വോട്ടര്‍പട്ടിക എല്ലാ തദ്ദേശസ്ഥാപനങ്ങളിലും വില്ലേജ്, താലൂക്ക് ഓഫിസുകളിലും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്‌സൈറ്റിലും പരിശോധനയ്ക്ക് ലഭ്യമാണ്.

Voter registration: Over 25 lakh applications received; Deadline ends tomorrow