|
കൊച്ചി: ഇന്ത്യൻ സൂപ്പർലീഗ് ചരിത്രത്തിൽ ആദ്യത്തെ സംഭവമാണ് ഒരു ടീം റഫറിങ്ങിൽ പ്രതിഷേധിച്ച് സ്റ്റേഡിയം വിടുന്നത്. ഇന്നലെ ബെംഗളൂരു എഫ്.സിക്കെതിരായ പ്ലേ ഓഫ് മത്സരത്തിൽ എക്‌സ്ട്രാ ടൈമിലെ ഫ്രീ കിക്ക് ഗോളിനെച്ചൊല്ലി തർക്കിച്ച് കേരളാ ബ്ലാസ്‌റ്റേഴ്‌സ് മൈതാനം വിടുമ്പോൾ അത് ISL ചരിത്രത്തിലെ പുതിയ അധ്യായമായി. വിഷയത്തിൽ ബ്ലാസ്റ്റേഴ്‌സിനെ അനുകൂലിച്ചും പ്രതികൂലിച്ചും സോക്കർ നിരീക്ഷകർ രംഗത്തുണ്ട്. സുനിൽ ഛെത്രിയുടെ വിവാദഗോളിന് പിന്നാലെ ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാൻ വുകുമനോവിച്ച് തന്നെയാണ് താരങ്ങളോട് മൈതാനം വിടാൻ ആവശ്യപ്പെട്ടത്. കോച്ചിന്റെ നടപടിക്ക് ബ്ലാസ്റ്റേഴ്‌സ് ആരാധകർ സമ്പൂർണ പിന്തുണയാണ് നൽകിയത്.
എന്നാൽ, കളി പൂർത്തിയാക്കാതെ മൈതാനം വിട്ട ബ്ലാസ്റ്റേഴ്‌സിന്റെ നടപടിയുടെ ഭാവി എന്താകുമെന്നും ഇതിനകം ചർച്ചനടക്കുകയാണ്. സംഭവത്തെ കുറിച്ച് മാച്ച് കമ്മീഷണർ നൽകുന്ന റിപ്പോർട്ടും ബ്ലാസ്‌റ്റേഴ്‌സ് നൽകുന്ന തെളിവും പരാതിയും അനുസരിച്ചാകും അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ നടപടി സ്വീകരിക്കുക. ഫുട്‌ബോൾ ചട്ടപ്രകാരം കനത്ത നടപടി ബ്ലാസ്റ്റേഴ്‌സിനെതിരേ സ്വീകരിച്ചേക്കാം. അങ്ങനെയെങ്കിൽ ഒരു സീസൺ വിലക്ക് വന്നേക്കാം. അതല്ലെങ്കിൽ കനത്ത തുക പിഴയായി നൽകേണ്ടി വരും. ബ്ലാസ്റ്റേഴ്‌സിന്റെ പരാതിയിൽ കാര്യമുണ്ടെന്ന് കണ്ടാൽ മത്സരം വീണ്ടും നടത്തുന്നത് ഉൾപ്പെടെയുള്ള നടപടിയും സ്വീകരിക്കാം.
ക്വിക്ക് റീ സ്റ്റാർട്ടിൽ കളി വീണ്ടും ആരംഭിച്ചെന്നാണ് ബെംഗളൂരുവിന്റെ വാദം. ഫൗൾ സംഭവിച്ച് നിമിഷനേരത്തിനുള്ളിൽ കളി പുനരാരംഭിക്കുന്നതിനെയാണ് ക്വിക്ക് റീ സ്റ്റാർട്ട്. ഇത്തരത്തിൽ മത്സരം വീണ്ടും തുടങ്ങാൻ റഫറി വിസിൽ അടിക്കേണ്ടതില്ല. പക്ഷേ ഈ മത്സരത്തിൽ ഫൗൾ കഴിഞ്ഞ് (അനുവദിക്കപ്പെട്ട 27 സെക്കന്റും കഴിഞ്ഞ്) ഏറെ നേരത്തിന് ശേഷമാണ് ഛെത്രിയുടെ ഫ്രീ കിക്ക് ഗോൾ വരുന്നത്. ആ സമയത്ത് ബ്ലാസ്റ്റേഴ്‌സ് ഗോൾകീപ്പർ, താരങ്ങൾക്ക് നിർദേശം നൽകുന്നതിനായി സ്ഥാനം തെറ്റി നിൽക്കുകയായിരുന്നു.
ക്വിക്ക് റീസ്റ്റാർട്ടിലാണ് ഗോൾ അനുവദിച്ചതെന്നാവും ബെംഗളൂരു എഫ്.സിയും മാച്ച് കമ്മീഷനും വാദിക്കുക. എന്നാൽ അങ്ങനെയെല്ലെന്ന് ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റും വാദിക്കും. ഫൗൾ അനുവദിച്ച് കിക്ക് എടുക്കുന്നത് വരെയുള്ള സമയം ഉൾപ്പെടെ വ്യക്തമാക്കുന്ന വീഡിയോയും ക്ലബ്ബ് സമർപ്പിക്കും.
ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി ക്ലബ്ബ് അൽ നസ്‌റിൽ എത്തുന്നത് വരെ ഏഷ്യയിൽ തന്നെ ഏറ്റവും ആരാധകരുള്ള ക്ലബ്ബായിരുന്നു ബ്ലാസ്‌റ്റേഴ്‌സ്. ഇന്ത്യൻ ലീഗിൽ ബ്ലാസ്‌റ്റേഴ്‌സിന് ലഭിച്ചത്ര ഫോളോവേഴ്‌സിന്റെ അടുത്ത് പോലും മറ്റൊരു ടീമില്ല. മികച്ച ആരാധകരുള്ള ടീമിനെ വിലക്കി ലീഗ് സംഘാടകർ ആരാധകരോഷം പിടിച്ചുപറ്റുമോ എന്നും നിരീക്ഷകർ ഉറ്റുനോക്കുകയാണ്.


