യുപിയിൽ ജയിലിൽ കഴിയവെ തുടർച്ചയായി അഞ്ചുദിവസം കക്കൂസിൽ പോവാൻ പോലും അനുവദിച്ചില്ലെന്ന് 28മാസത്തെ തടങ്കലിനു ശേഷം ജാമ്യത്തിലിറങ്ങിയ മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പൻ. ഒരു മുസ് ലിം ആയതിനാൽ മാത്രമാണ് തന്നെയവർ ടാർഗറ്റ് ചെയ്തതെന്നും സിദ്ദീഖ് കാപ്പൻ ദ വയറിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
|
ജയിൽവാസത്തിനിടെ രണ്ടുതവണയാണ് കോവിഡ് പിടിപെട്ടത്. ജയിൽ ആശുപത്രിയിൽ കഴിയവെ തന്നെ തീവ്രവാദിയെന്നാണ് ഒരു ഉദ്യോഗസ്ഥൻ വിളിച്ചാണ്. ആശുപത്രിയിൽ കഴിയവെ കൈവിലങ്ങണിയിച്ചിരുന്നു. തുടർച്ചയായ അഞ്ചുദിവസം ഇതേ അവസ്ഥയിലായിരുന്നു. കക്കൂസിൽ പോവാൻ അനുവദിച്ചില്ല. മൂത്രമൊഴിച്ചത് കുപ്പിയിലായിരുന്നുവെന്നും സിദ്ദീഖ് കാപ്പൻ പറഞ്ഞു.
മാധ്യമ സെൻസർഷിപ്പിനും ബിജെപി സർക്കാരിനുമെതിരേ ശബ്ദമുയർത്തിയതിനാലാണ് തന്നെയവർ ലക്ഷ്യമിട്ടത്. ഇതിനു ശേഷം ഹിന്ദുത്വ അനുകൂല ഓൺലൈൻ മാധ്യമങ്ങൾ തന്നെ ഡൽഹി കലാപ ആസൂത്രകനെന്നാണ് വാർത്തകൾ നൽകിയത്.
യുപിയിലെ ഹാഥ്രസിൽ ദലിത് പെൺകുട്ടിയെ കൂട്ടബലാൽസംഗം ചെയ്തു കൊന്ന സംഭവം ബിജെപിക്കും യോഗി ആദിഥ്യനാഥ് സർക്കാരിനും കനത്ത തിരിച്ചടിയാണുണ്ടാക്കിയത്. അതിനാൽ തന്നെ ആ പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിച്ച് വാർത്ത റിപോർട്ട് ചെയ്യാൻ പോയ ഭീകരവാദിയെന്ന് അവർക്ക് എളുപ്പത്തിൽ വിളിക്കാനായി. കാരണം ഞാൻ സിദ്ദീഖ് കാപ്പനാണ്, ഒരു മുസ് ലിം.
ജയിലിൽ കിടക്കുമ്പോൾ വീട്ടിലേക്ക് കത്തെഴുതമായിരുന്നു. കുട്ടികളുടെ കാര്യത്തിലായിരുന്നു ഏറെ ആശങ്ക. 19കാരനായ മൂത്ത മകനെ തീവ്രവാദിയുടെ മകനെന്നു വിളിക്കുമോയെന്നായിരുന്നു എന്റെ ആശങ്ക. എന്റെ മക്കളുടെ പ്രതിച്ഛായ ഇങ്ങനെ തകർക്കപ്പെടുന്നതിന് എനിക്ക് ആഗ്രഹമില്ലായിരുന്നു.
എന്തൊക്കെ പീഡനങ്ങളുണ്ടായാലും മാധ്യമപ്രവർത്തനരംഗത്തുനിന്ന് താൻ പിന്നോട്ടില്ലെന്നും സിദ്ദീഖ് കാപ്പൻ കൂട്ടിച്ചേർത്തു.
2020 ഒക്ടോബറിൽ ജോലി ചെയ്തുകൊണ്ടിരുന്ന ഡൽഹിയിൽ നിന്ന് ഹാഥ്രസിലേക്ക് പോവുന്നതിനിടെയാണ് സിദ്ദീഖ് കാപ്പനെ യുപി പൊലീസ് അറസ്റ്റ് ചെയ്തത്. യുഎപിഎ ചുമത്തിയാണ് സിദ്ദീഖിനെ ജയിലിൽ അടച്ചത്. 28 മാസം നീണ്ടുനിന്ന ജയിൽ ജീവിതത്തിനു ശേഷം ദിവസങ്ങൾക്കു മുമ്പാണ് അദ്ദേഹം ജാമ്യം ലഭിച്ചു പുറത്തിറങ്ങിയത്.



