17
Jan 2025
Fri
17 Jan 2025 Fri

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അർലിങ്ടൺ (യു.എസ്): വാഷിങ്ടണിന് സമീപം റൊണാൾഡ് റീഗൻ ദേശീയ വിമാനത്താവളത്തിലിറങ്ങവെ യാത്രാവിമാനവും സൈനിക കോപ്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 67 പേരും മരിച്ചതായി സ്ഥിരീകരണം. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരും ജീവനക്കാരും അടക്കം 64 പേരും കോപ്ടറിലുണ്ടായിരുന്ന മൂന്ന് സൈനികരുമാണ് കൊല്ലപ്പെട്ടത്. യാത്രാ വിമാനത്തിൽ 60 യാത്രക്കാരും നാലു ജീവനക്കാരുമാണുണ്ടായിരുന്നത്.

ആകാശത്തുവെച്ചുണ്ടായ കൂട്ടിയിടിക്ക് പിന്നാലെ വിമാനവും കോപ്ടറും തൊട്ടടുത്തുള്ള പോടോമാക് നദിയിലേക്ക് വീഴുകയായിരുന്നു. കൻസാസിലെ വിചിതയിൽനിന്ന് വരികയായിരുന്നു വിമാനം. വിചിതയിൽനിന്ന് യു.എസ് ഫിഗർ സ്കേറ്റിങ് ചാമ്പ്യൻഷിപ് കഴിഞ്ഞുള്ള ക്യാമ്പിൽനിന്ന് മടങ്ങുകയായിരുന്ന സ്കേറ്റർമാരും കോച്ചുമാരും അവരുടെ കുടുംബാംഗങ്ങളുമാണ് വിമാനത്തിലുണ്ടായിരുന്നത്.

എങ്ങനെയാണ് കൂട്ടിയിടിയുണ്ടായത് എന്നതിൽ ഇതുവരെ ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല. പോടോമാക് നദിയിൽനിന്ന് ആണ് 25 ഓളം മൃതദേഹങ്ങൾ കണ്ടെടുത്തത്. ഇതിലെ വെള്ളം കൊടും ശൈത്യം കാരണം ഐസ് ആയി ഉറച്ചിരുന്നു. രക്ഷാപ്രവർത്തനത്തിനായി നിരവധി മുങ്ങൽ വിദഗ്ധരും കോപ്ടറുകളും എത്തി എങ്കിലും കാലാവസ്ഥ വലിയ തടസ്സമായി.
ലോകത്തിലെതന്നെ ഏറ്റവും കർശനമായ നിരീക്ഷണമുള്ള വ്യോമമേഖലയായ, വൈറ്റ്ഹൗസിൽനിന്നും കാപിറ്റോളിൽനിന്നും കേവലം മൂന്ന് മൈൽ തെക്കാണ് അപകടമുണ്ടായതെന്ന കാര്യത്തിൽ യു.എസ് അധികൃതർ നടുക്കത്തിലാണ്.
വിമാനം റീഗൻ ദേശീയ വിമാനത്താവളത്തിലിറങ്ങാനായി 400 അടി ഉയരത്തിലായിരുന്നു. പൊടുന്നനെ എതിർ ദിശയിൽ നിന്ന് വന്ന ഹെലികോപ്റ്റർ വിമാനത്തിലിടിച്ച് തീപിടിച്ച് നദിയിൽ പതിച്ചുവെന്നുമാണ് പറയുന്നത്. വിമാനത്തിന്റെ അവസാന വേഗം 140 മൈൽ (മണിക്കൂറിൽ) ആയിരുന്നു.

അതേസമയം ദുരന്തത്തിന് ബറാക് ഒബാമയും ജോ ബൈഡനും ആണെന്ന് ആരോപിച്ചു യു.എസ് പ്രസിഡൻറ് ഡോണാൾഡ് ട്രംപ് രംഗത്ത് വന്നു. മുൻ സ‍ർക്കാരിന്റെ ഡൈവേഴ്സിറ്റി, ഇക്വിറ്റി, ഇൻക്ലൂഷൻ നടപടികളാണ് ദുരന്തത്തിലേക്ക് നയിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഹെലികോപ്റ്ററും വിമാനവും വിപരീത ദിശയിൽ, ഒരേ ഉയരത്തിലായിരുന്നു. ആ ഉയരത്തിൽനിന്ന് ഹെലികോപ്റ്ററിനെ മാറ്റാൻ നടപടി വേണ്ടിയിരുന്നു. ഇത്തരം സന്ദർഭങ്ങളിൽ ഉചിതമായ തീരുമാനം പെട്ടെന്ന് എടുക്കാൻ മാനസികമായി ശേഷിയുള്ളവർ തലപ്പത്തുണ്ടാകണം. എയർ ട്രാഫിക് കൺട്രോളിൽ ഇരിക്കുന്നവർ ജീനിയസുകൾ ആയിരിക്കണം. അപകടത്തിൽ മരിച്ച മറ്റു രാജ്യക്കാരുടെ കാര്യം പിന്നാലെ വെളിപ്പെടുത്തും. ആ രാജ്യങ്ങളുമായി ബന്ധപ്പെട്ട് വിവരം അറിയിച്ചു കഴിഞ്ഞുവെന്നും ട്രംപ് പറഞ്ഞു.

Washington Helicopter Crash death toll to 67