|
കല്‍പ്പറ്റ: രാഹുൽ ഗാന്ധിക്കെതിരെ ആരോപണം ഉന്നയിച്ചു വയനാട് ഡിസിസി ജനറല്‍സെക്രട്ടറി പിഎം സുധാകരന് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നു. അവഗണന മൂലമാണ് രാജിവയ്ക്കുന്നതെന്നും ജില്ലാ നേതാക്കള്‍ക്കും പഞ്ചായത്ത് പ്രസിഡന്റിന് പോലും രാഹുല്‍ ഗാന്ധി അപ്രാപ്യനാണെന്നും സുധാകരന് പറഞ്ഞു. നരേന്ദ്രമോദിയുടെ വികസന രാഷ്ട്രീയത്തില്‍ ആകൃഷ്ടനായിട്ടാണ് താന്‍ ബിജെപിയില്‍ ചേരുന്നതെന്നും ഈ കാലഘട്ടത്തിന് അനുയോജ്യമായ പാര്‍ട്ടിയാണ് ബിജെപിയെന്നും അദേഹം അവകാശപ്പെട്ടു.
രാഹുൽ ഗാന്ധി വയനാട്ടില്‍ വരുമ്പോള്‍ കൈകൊടുക്കാന്‍ വേണ്ടി മണിക്കൂറുകള്‍ കാത്തിരിക്കേണ്ടിവരുന്നത് രാഷ്ട്രീയ ഗതികേടാണെന്നും സുധാകരന് പറഞ്ഞു. പഞ്ചായത്തുപ്രസിഡന്റുമാര്‍ക്ക് അദ്ദേഹത്തിനൊപ്പം ഫോട്ടോ പോലും എടുക്കാനാകുന്ന സാഹചര്യമില്ലെന്നും സാധാരണക്കാരുമായി സംവദിക്കാന്‍ രാഹുലിന് കഴിയുന്നില്ലെന്നും സുധാകരന് പറഞ്ഞു.
റിട്ട ഫോറസ്റ്റ് റേഞ്ച് ഓഫീസർ ശശികുമാർ, സിവിൽ എഞ്ചിനീയർ പ്രജീഷ് എന്നിവർ അദ്ദേഹത്തോടൊപ്പം ബിജെപിയിൽ ചേർന്നു. വയനാട് ജില്ലാ പ്രഭാരി ടിപി ജയചന്ദ്രൻ, ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയൽ, സംസ്ഥാന സമിതി അംഗം സജി ശങ്കർ തുടങ്ങിയ നേതാക്കൾ ചേർന്നാണ് മൂന്ന് പേരെയും പാർട്ടിയിലേക്ക് സ്വീകരിച്ചത്.


