ഗസ: മിന്നലാക്രമണത്തിന് പിന്നാലെ ഇസ്രയേലിനെതിരെ ആഞ്ഞടിച്ച് ഹമാസ് തലവൻ ഇസ്മാഈൽ ഹനിയ. അൽ അഖ്‌സ മസ്ജിദിന്‍റെ കാര്യത്തിൽ തീ കൊണ്ട് കളിക്കരുതെന്ന് ഇസ്രയേലിന് പല തവണ മുന്നറിയിപ്പ് നൽകിയെങ്കിലും അവർ ചെവിക്കൊണ്ടില്ലെന്ന് ഹനിയ പറഞ്ഞു. ഹമാസിന്‍റെ ഉടമസ്ഥതയിലുള്ള അൽ അഖ്സ ടെലിവിഷനാണ് ഹനിയയുടെ പ്രസംഗം സംപ്രേക്ഷണം ചെയ്തത്.
|
അൽ അഖ്‌സ മസ്ജിദിൽ കഴിഞ്ഞദിവസം ഇസ്രായേൽ നടത്തിയ ആക്രമണങ്ങളുടെ നേരിട്ടുള്ള പ്രതികരണമാണ് ഓപറേഷൻ അൽ അഖ്‌സ ഫ്ലഡ്. ഗസയിൽ തുടങ്ങി വെസ്റ്റ് ബാങ്കിലേക്കും ജറുസലേമിലേക്കും ഓപറേഷൻ അൽ അഖ്‌സ ഫ്ലഡ് വ്യാപിപ്പിക്കുമെന്നും ഹനിയ വ്യക്തമാക്കി.
ഇസ്രയേൽ ഭരണകൂടം അൽ അഖ്‌സ ഏറ്റെടുക്കാൻ പദ്ധതിയിടുന്നുവെന്ന വ്യക്തമായ വിവരം ഹമാസിന്റെ പക്കലുണ്ട്. ഇസ്‌ലാമിക പുണ്യഭൂമിയെ അപമാനിക്കുന്നത് ഹമാസ് നോക്കിനിൽക്കില്ലെന്ന് ഹനിയ മുന്നറിയിപ്പ് നൽകി.
തങ്ങൾ മികച്ച വിജയത്തിന്റെ വക്കിലാണെന്നും സുവ്യക്തമായ കീഴടക്കലിലാണ് ഗസ മുന്നണിയെന്നും ഹനിയ ചൂണ്ടിക്കാട്ടി. ഫലസ്തീൻ ഭൂമിയെയും അധിനിവേശ ജയിലുകളിൽ കഴിയുന്ന നമ്മുടെ തടവുകാരെയും മോചിപ്പിക്കാനുള്ള ഇൻതിഫാദകളും വിപ്ലവ പോരാട്ടങ്ങളും പൂർത്തിയാകണമെന്നും ഹനിയ ആഹ്വാനം ചെയ്തു.


