മലപ്പുറം: കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ പ്രതികളെ സംരക്ഷിക്കാനുള്ള സര്‍ക്കാര്‍ നീക്കം അവസാനിപ്പിക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടിയും എസ്‌ഡിപിഐയും. പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാതിരുന്ന സർക്കാർ നടപടി പ്രതികളെ സംരക്ഷിക്കാനാണ്.
ആർ.എസ്.എസുകാർ പ്രതികളായ കേസുകളില്‍ അവർക്ക് അനുകുലമായ രീതിയില്‍ നടക്കുന്ന ഇത്തരം നീക്കങ്ങള്‍ ആഭ്യന്തര വകുപ്പിന്റെ നയമാണോ എന്ന് സർക്കാർ വ്യക്തമാക്കണമെന്ന് വെല്‍ഫെയർ പാർട്ടി മലപ്പുറം ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി ആവശ്യപ്പെട്ടു.
|
നേരത്തെ ആലപ്പുഴ ഷാൻ വധക്കേസിലും പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാൻ വൈകിയതുമൂലം മാത്രം കേസ് തീർന്നിട്ടില്ല. കൊടിഞ്ഞി ഫൈസലിന്റെ
കുടുംബം ആവശ്യപ്പെട്ട അഭിഭാഷകനെ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കാൻ എന്താണ് തടസ്സമെന്ന് സർക്കാർ വ്യക്തമാക്കണം. ആർഎസ്എസുകാർക്ക് വേണ്ടി വിടുപണി ചെയ്യുന്ന നിലപാടുകളുമായി മുന്നോട്ടുപോകാനാണ് ആഭ്യന്തര വകുപ്പിന്റെ തീരുമാനമെങ്കില്‍ കേരളത്തിലെ ജനങ്ങള്‍ ഇനിയും തിരിച്ചടി നല്‍കുമെന്ന് യോഗം മുന്നറിയിപ്പ് നല്‍കി.
ഇസ് ലാം മതം സ്വീകരിച്ചതിന്റെ പേരില്‍ ആര്‍എസ്എസ്സുകാര്‍ കൊലപ്പെടുത്തിയ കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ വിചാരണ നടപടികള്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാത്തതിനാൽ വൈകുന്നു എന്നത് ആശങ്കാജനകമാണെന്ന് എസ്ഡിപിഐ മലപ്പുറം ജില്ലാ പ്രസിഡന്റ് അന്‍വര്‍ പഴഞ്ഞി പറഞ്ഞു.
സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് ഫൈസലിന്റെ ഭാര്യ സര്‍ക്കാരിനോട് ആവശ്യപ്പെട്ട് മൂന്ന് മാസങ്ങള്‍ കഴിഞ്ഞിട്ടും ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല.
പ്രതികളെ പിടികൂടുന്നത് മുതല്‍ പ്രതികള്‍ക്ക് ജാമ്യം ലഭിക്കുന്നത് വരെ ഗുരുതര വീഴ്ച സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ട്. റിയാസ് മൗലവി കേസില്‍ സംഭവിച്ചത് പോലെയുള്ള ആശങ്കകള്‍ ഈ കേസിലും നിലനില്‍ക്കുന്നുണ്ട്. ആര്‍എസ്എസുകാര്‍ പ്രതികളാവുന്ന കേസുകളുടെ മെല്ലെപ്പോക്ക് ഈ കേസിലും ഉണ്ടാവുന്നു എന്നത് ഗൗരവമേറിയ വിഷയമാണ്. അതുകൊണ്ട് തന്നെ അടിയന്തര പ്രാധാന്യത്തോടെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ച് വിചാരണ ആരംഭിക്കുന്നതിന് വേണ്ട നടപടികള്‍ ചെയ്യാന്‍ സര്‍ക്കാര്‍ ശ്രമിക്കണമെന്നും അല്ലാത്തപക്ഷം ജനങ്ങളെ അണിനിരത്തി പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
2016 നവംബർ 19ന് പുലർച്ചെയാണ് കൊടിഞ്ഞി ഫാറൂഖ് നഗറിൽ വച്ച് ഫാറൂഖ് നഗർ സ്വദേശിയായ കൊടിഞ്ഞി ഫൈസൽ കൊല്ലപ്പെട്ടത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





