മൂന്ന് ദിവസം കൊണ്ടാണ് സിറിയന്‍ പ്രതിപക്ഷ പോരാളികള്‍ രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ ആലപ്പോ പിടിച്ചെടുത്തത്. (Who is Abu Mohammed al-Julani, leader of HTS )ദിവസങ്ങള്‍ക്കുള്ളില്‍ മിഡില്‍ ഈസ്റ്റിലെ ഏറ്റവും മര്‍ക്കട മുഷ്ടിക്കാരനായ സ്വേഛാധിപതിയായിരുന്ന ബശ്ശാറുല്‍ അസദിനെ വീഴ്ത്തി സിറിയ കീഴടക്കുന്നതും ലോകം കണ്ടു. അമ്പരപ്പിക്കുന്ന രീതിയിലായിരുന്നു ബശ്ശാര്‍ അനുകൂലികളായ സൈന്യം ആയുധം വച്ചു കീഴടങ്ങിയത്.
|
സിറിയയിലെ ഏറ്റവും ശക്തമായ സായുധ പ്രതിപക്ഷ ഗ്രൂപ്പുകളിലൊന്നായ ഹയാത്ത് തഹ്‌രീര്‍ അല്‍ ശാമിന്റെ(എച്ച്ടിഎസ്) തലവന്‍ അബൂ മുഹമ്മദ് അല്‍ ജുലാനിയാണ് കണ്ണഞ്ചിപ്പിക്കുന്ന ഈ മുന്നേറ്റത്തിന് നേതൃത്വം നല്‍കിയത്.
മറ്റ് സായുധ സംഘങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി രാജ്യാന്തര ഇടപെടലുകള്‍ ഒഴിവാക്കി സ്വന്തം രാജ്യത്ത് ഇസ്ലാമിക് റിപബ്ലിക്ക് സ്ഥാപിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു എന്നതായിരുന്നു എച്ച്ടിഎസിന്റെ സവിശേഷത. ഒരു പതിറ്റാണ്ട് കൊണ്ടുണ്ടാക്കിയ ഈ മാറ്റത്തിന്റെ ചാലക ശക്തി അല്‍ ജൂലാനി ആയിരുന്നു.
ALSO READ: അസദ് ഭരണം അവസാനിച്ചതായി വിമതര്‍; സിറിയയില്‍ അപ്രതീക്ഷിത അട്ടിമറി
2016 മുതല്‍ സിറിയയിലെ പ്രധാന പ്രതിപക്ഷ നേതാവ് എന്ന നിലയിലേക്ക് അല്‍ ജുലാനി മാറിയിരുന്നു. 2011ലെ അറബ് വസന്ത കാലത്തെ ജനകീയ വിപ്ലവത്തെ ക്രൂരമായി അടിച്ചമര്‍ത്തിയ അസദിനെ താഴെയിറക്കിയാല്‍ പിന്നെ ആര് എന്ന ചോദ്യത്തിന് ഉത്തരമായി ഉയര്‍ന്നത് അല്‍ ജുലാനിയുടെ പേരായിരുന്നു.
സിറിയല്‍ സാല്‍വേഷന്‍ ഗവണ്‍മെന്റിലൂടെ ഇദ്‌ലിബിലെ ഗവര്‍ണറേറ്റ് നിയന്ത്രിച്ചിരുന്നത് എച്ച്ടിഎസ് ആയിരുന്നു. അതേ സമയം, പ്രതിഷേധ സ്വരങ്ങളെ അടിച്ചമര്‍ത്തുന്നു എന്ന ആരോപണം എച്ച്ടിഎസിനെതിരേയും ഉയര്‍ന്നിരുന്നു.
1982ല്‍ സൗദി അറേബ്യയിലെ റിയാദിലാണ് അഹ്‌മദ് ഹുസൈന്‍ അല്‍ ശര്‍അ എന്ന അബൂ മുഹമ്മദ് അല്‍ ജൂലാനിയുടെ ജനനം. അദ്ദേഹത്തിന്റെ പിതാവ് അവിടെ പെട്രോളിയം എന്‍ജിനീയറായി ജോലി ചെയ്യുകയായിരുന്നു. 1989ല്‍ ആണ് കുടുംബം സിറിയയിലേക്ക് മടങ്ങിയത്.
2003ല്‍ ഇറാഖിലേക്ക് പോയ അദ്ദേഹം അമേരിക്കന്‍ അധിനിവേശത്തിനെതിരേ പോരാടാന്‍ അല്‍ ഖാഇദയില്‍ ചേര്‍ന്നു. 2006ല്‍ അമേരിക്കന്‍ തടവിലായ ജൂലാനി അഞ്ച് വര്‍ഷത്തിന് ശേഷമാണ് മോചിതനായത്. പിന്നീട് സിറിയയിലെ അല്‍ ഖാഇദ ബ്രാഞ്ച് സ്ഥാപിക്കുന്നതിനുള്ള ചുമതല നല്‍കി. അല്‍ നുസ്‌റ ഫ്രണ്ട് പ്രതിപക്ഷ നിയന്ത്രണത്തിലുള്ള മേഖലകളില്‍ പ്രത്യേകിച്ച് ഇദ്‌ലിബില്‍ അതിവേഗമാണ് സ്വാധീനമുറപ്പിച്ചത്.

അല്‍ഖാഇദയുടെ ഭാഗമായിരുന്ന ഇസ്ലാമിക് സ്റ്റേറ്റ് ഇന്‍ ഇറാഖ് മേധാവി അബൂ ബക്കര്‍ അല്‍ബഗ്ദാദിയുമായി സഹകരിച്ചാണ് അക്കാലത്ത് അല്‍ജുലാനി പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍, 2013 ഏപ്രിലില്‍ അല്‍ ബഗ്ദാദി പൊടുന്നനെ അല്‍ഖാഇദയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതായും സിറിയയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതായും പ്രഖ്യാപിച്ചു. അല്‍ നുസ്‌റ ഫ്രണ്ടിനെ ഐഎസ്‌ഐഎല്ലില്‍ ലയിപ്പിക്കുന്നതായി അറിയിച്ചു.
എന്നാല്‍, ഈ മാറ്റം അല്‍ ജുലാനി തള്ളിക്കളഞ്ഞു. അദ്ദേഹം അല്‍ഖാഇദയുമായുള്ള ബന്ധം തുടര്‍ന്നു. ആഗോള ഖിലാഫത്ത് എന്ന ആശയത്തില്‍ നിന്ന് അകലം പാലിച്ച ജൂലാനി തന്റെ ഗ്രൂപ്പിന്റെ പ്രവര്‍ത്തനം സിറിയന്‍ അതിര്‍ത്തിക്കുള്ളില്‍ മാത്രമൊതുക്കി.
2016 ജൂലൈയില്‍ ആലപ്പോയുടെ നിയന്ത്രണം ബശ്ശാര്‍ ഭരണകൂടം പിടിച്ചെടുത്തു. അതോടെ സായുധ ഗ്രൂപ്പുകള്‍ പ്രതിപക്ഷ നിയന്ത്രണത്തിലുള്ള ഇദ്‌ലിബിലേക്കു നീങ്ങി. അതേ സമയത്താണ്, അല്‍ജൂലാനി തന്റെ ഗ്രൂപ്പിന്റെ പേര് ജബ്ഹത്ത് ഫതഹ് അല്‍ ശാം എന്നാക്കി മാറ്റിയത്.
2017ല്‍ അലപ്പോയില്‍ നിന്ന് പലയാനം ചെയ്ത നിരവധി പോരാളികള്‍ ഇദ്‌ലിബിലേക്ക് ഒഴുകി. അത്തരം ഗ്രൂപ്പുകളെയൊക്കെ കൂട്ടി യോജിപ്പിച്ചാണ് ജൂലാനി ഹയാത്ത് തഹ്‌രീര്‍ അല്‍ ശാമിന് രൂപം നല്‍കിയത്.
അസദിന്റെ സ്വേഛാധിപത്യത്തില്‍ നിന്ന് സിറിയയെ മോചിപ്പിക്കുക, ഇറാനിയന്‍ സായുധ സംഘങ്ങളെ രാജ്യത്ത് നിന്ന് പുറത്താക്കുക, ഇസ്ലാമിക നിയമ പ്രകാരമുള്ള സര്‍ക്കാര്‍ രൂപീകരിക്കുക തുടങ്ങിയവയൊക്കെയായിരുന്നു എച്ച്ടിഎസ് മുന്നോട്ട് വച്ച ലക്ഷ്യം.
നേരത്തേ ക്രിസ്ത്യാനികള്‍, അലവികള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങളെ തള്ളിപ്പറഞ്ഞിരുന്ന ജൂലാനി പുതിയ സാഹചര്യത്തില്‍ അവരെക്കൂടി ഉള്‍ക്കൊള്ളുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
നിലവില്‍ യുഎന്‍, അമേരിക്ക, തുര്‍ക്കി, യൂറോപ്യന്‍ യൂനിയന്‍ എന്നിവ എച്ച്ടിഎസിനെ ഭീകരസംഘടനയായാണ് കണക്കാക്കുന്നത്. എന്നാല്‍, പഴയ ബന്ധങ്ങളും നിലപാടുകളും ഒഴിവാക്കി സിറിയയുടെ സ്വാതന്ത്ര്യത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന എച്ച്ടിഎസിനെ ഭീകര പട്ടികയില്‍ നിലനിര്‍ത്തുന്നത് അനീതിയാണെന്നാണ് ജൂലാനി പറയുന്നത്.
ഒരു വശത്ത് ലബ്‌നാനിലും ഇസ്രായേലിലും അധിനിവേശം നടത്തുന്ന ഇസ്രായേല്‍. മറുവശത്ത് ഹമാസിനൊപ്പം പ്രതിരോധം തീര്‍ക്കുന്ന ഹിസ്ബുല്ലയും ഇറാനും. ഇതിനിടയിലാണ് ഇറാന്റെ സഖ്യ കക്ഷിയായ അസദിന്റെ വീഴ്ച്ച. സിറിയയിലെ ഭരണമാറ്റം പശ്ചിമേഷ്യയെ പ്രത്യേകിച്ച് ഗസയിലെ സാഹചര്യങ്ങളെ ഏത് രീതിയില്‍ സ്വാധീനിക്കുമെന്നാണ് മുസ്ലിം ലോകം ഉറ്റുനോക്കുന്നത്.


