13
May 2025
Sun
13 May 2025 Sun
Who Is Haryana Travel YouTuber Jyoti Malhotra, the arrested pak spy

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈനിക വിവരങ്ങള്‍ പാകിസ്ഥാന് കൈമാറിയ സംഭവത്തില്‍ അറസ്റ്റിലായ ഹരിയാന സ്വദേശിയായ ഇന്ത്യന്‍ യൂട്യൂബറെ കുറിച്ചുള്ള അന്വേഷണങ്ങളില്‍ പുറത്താകുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. ‘ട്രാവല്‍ വിത്ത് ജോ’ എന്ന യൂട്യൂബ് ചാനല്‍ നടത്തുന്ന ഹരിയാന ഹിസാര്‍ സ്വദേശിനി ജ്യോതി മല്‍ഹോത്ര എന്ന ജ്യോതി റാണിയെ (33) ഇന്നലെയാണ് അറസ്റ്റ്‌ചെയ്തത്. പാകിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്‌ഐക്ക് ജ്യോതി സുപ്രധാന വിവരങ്ങള്‍ കൈമാറിയതായി ഇതിനകം വ്യക്തമായിട്ടുണ്ട്. ട്രാവല്‍ വ്‌ളോഗര്‍ എന്ന നിലയില്‍ ഇവര്‍ പലതവണ പാകിസ്ഥാന്‍ സന്ദര്‍ശിക്കുകയും പാക് നഗരങ്ങളില്‍  ഐഎസ്‌ഐ ഏജന്റുമാരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്‌തെന്ന ഞെട്ടിക്കുന്ന വിവരങ്ങളും പുറത്തുവന്നു. പാക് പൗരനൊപ്പം ജ്യോതി ഇന്തോനേഷ്യയിലെ ബാലി ഉള്‍പ്പെടെയുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും അവിടെ ദിവസങ്ങളോളം ഒന്നിച്ച് കഴിഞ്ഞതായും വ്യക്തമായിട്ടുണ്ട്. ജ്യോതിക്കൊപ്പം പോയ പാക് പൗരന്‍ ഐഎസ്‌ഐ ഏജന്റാണെന്നും റിപ്പോര്‍ട്ടുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

youtuber jyoti malhotra

ജ്യോതി യൂട്യൂബില്‍ പങ്കുവച്ച ഓരോ വീഡിയോയും അന്വേഷണ സംഘം സൂക്ഷ്മതയോടെ പരിശോധിക്കുകയാണ്. ഇന്ത്യയിലുള്ള പാകിസ്ഥാന്‍ ഹൈക്കമിഷനിലെ പരിപാടിയില്‍ ജ്യോതി പങ്കെടുക്കുന്ന വീഡിയോയും അവര്‍ പങ്കുവച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം പ്രത്യേക ക്ഷണ പ്രകാരമാണ് പാക് ഹൈക്കമിഷനില്‍ നടന്ന ഇഫ്താര്‍ ചടങ്ങില്‍ ജ്യോതി പങ്കെടുത്തത്. ഈ പരിപാടിയുടെ വീഡിയോ ആണ് ജ്യോതി സ്വന്തം ചാനലില്‍ പങ്കുവച്ചത്. വീഡിയോയില്‍ പാകിസ്ഥാന്‍ ഹൈക്കമ്മിഷന്‍ ഉദ്യോഗസ്ഥനായ എഹ്‌സാന്‍ഉര്‍റഹീം എന്ന ഡാനിഷുമായി ജ്യോതി അടുത്ത് ഇടപഴകുന്നത് കാണാം. ഇവര്‍ തമ്മില്‍ നേരത്തെ മുന്‍ പരിചയമുള്ളതുപോലെയും പലതവണ ആശയവിനിമയം നടത്തുകയും ചെയ്തതുപോലെയാണ് പെരുമാറിയത്. പാക് ഹൈമ്മിഷന്‍ നടത്തിയ പരിപാടിയില്‍ എത്തുന്ന ജ്യോതിയെ സ്വീകരിക്കാന്‍ മുമ്പിലുണ്ടായിരുന്നതും വേദിയിലേക്ക് കൊണ്ടുപോകുന്നതും ഡാനിഷായിരുന്നു.

ഇഫ്താറിനെത്തിയ മറ്റ് അതിഥികളെ ഡാനിാണ് ജ്യോതിക്ക് പരിചയപ്പെടുത്തിക്കൊടുത്തത്. ‘ഇവര്‍ ഒരു യൂട്യൂബറും വ്‌ളോഗറും’ ആണെന്ന് പറഞ്ഞാണ് ഡാനിഷ് പരിചയപ്പെടുത്തി തുടങ്ങുന്നത്. പേര് ജ്യോതി എന്നാണെന്നും ഇവരുടെ ചാനലിന് ഒരു ലക്ഷത്തില്‍ കൂടുതല്‍ സബ്‌സ്‌ക്രൈബേഴ്‌സുണ്ടെന്നും ഡാനിഷ് പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. ഇഫ്താറിനെത്തിയ തന്റെ ഭാര്യക്കും ഡാനിഷ് ജ്യോതിയെ പരിചയപ്പെടുത്തുന്നത് കാണാം.

 

മെയ് 13ന് ചാരവൃത്തി ആരോപിച്ച് ഡാനിഷ് അടക്കമുള്ള ചില പാക് ഹൈക്കമ്മിഷന്‍ ഉദ്യോഗസ്ഥരെ ഇന്ത്യ പുറത്താക്കുകയും ചെയ്തിരുന്നു. 2023ല്‍ ആണ് ജ്യോതി ആദ്യമായി പാകിസ്ഥാന്‍ സന്ദര്‍ശിച്ചത്. ഈ സമയത്ത് ഡാനിഷുമായി ജ്യോതി ബന്ധംസ്ഥാപിച്ചെന്നാണ് സൂചന. ജ്യോതിയെ നിരവധി പാകിസ്ഥാന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥരുമായി പരിചയപ്പെടുത്തിയത് ഡാനിഷാണ്.

തന്റെ ചാനലില്‍ ജ്യോതി ആകെ 487 വീഡിയോകളാണ് ചെയ്തത്. ഇതില്‍ കൂടുതലും പാകിസ്ഥാനെക്കുറിച്ചാണ്. പാകിസ്ഥാന്റെ ഓരോ തെരുവോരങ്ങളിലും പോയി ജ്യോതി വീഡിയോ പകര്‍ത്തിയിട്ടുണ്ട്. പാക് മണ്ണ് ഏറെ പരിചിതമായത് പോലുള്ള വിവരണമാണ് ജ്യോതി നല്‍കുന്നത്.

മിക്ക വീഡിയോയും പാകിസ്ഥാന്‍, തായ്‌ലാന്‍ഡ്, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ളവയാണ്. കേരളം ഉള്‍പ്പെടെ ഇന്ത്യയിലെ പലയിടങ്ങളിലും ജ്യോതി സന്ദര്‍ശനം നടത്തിയിട്ടുണ്ട്. ഇന്‍സ്റ്റഗ്രാം പേജില്‍ കേരളത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ പിന്‍ ചെയ്തു വച്ചിട്ടുമുണ്ട്. കൊച്ചി, മൂന്നാര്‍, ആലപ്പുഴ എന്നിവിടങ്ങളില്‍ ആണ് ജ്യോതി സന്ദര്‍ശനം നടത്തിയത്. കണ്ണൂരില്‍ തെയ്യം കാണുന്നതിന്റെയും കേരള സാരി അണിയുന്നതിന്റെയും വീഡിയോ ജ്യോതിയുടെ ഇന്‍സ്റ്റഗ്രാം പേജിലുണ്ട്.

ഇന്നലെയാണ് ട്രാവല്‍ വിത് ജോ എന്ന പേരില്‍ യുട്യൂബ് ചാനല്‍ നടത്തിവന്നിരുന്ന ജ്യോതി മല്‍ഹോത്ര എന്ന ജ്യോതി റാണി അടക്കം ആറു പേര്‍ അറസ്റ്റിലായത്. പാകിസ്താനില്‍ പോവുന്നതിനായി വിസ കിട്ടാന്‍ 2023ല്‍ ഡല്‍ഹിയിലെ പാക് ഹൈക്കമ്മീഷനില്‍ പോയപ്പോഴാണ് ഡാനിഷുമായി പരിചയപ്പെടുന്നതെന്ന് ജ്യോതി പറഞ്ഞു. പാകിസ്താനില്‍ എത്തിയപ്പോള്‍ ഡാനിഷിന്റെ സുഹൃത്ത് അലി അഹ് വാനാണ് താമസവും യാത്രയുമൊക്കെ ഏര്‍പ്പെടുത്തി നല്‍കിയത്.

 

ഇവിടെ വച്ച് അലി അഹ് വാന്‍, ജ്യോതി മല്‍ഹോത്രയ്ക്ക് പാക് ഇന്റലിജന്‍സ് ഉദ്യോഗസ്ഥരായ ഷാകിറിനെയും റാണാ ഷഹബാസിനെയും പരിചയപ്പെടുത്തി നല്‍കി. ഇന്ത്യയിലെത്തിയ ശേഷം യുവതി ഇവരുമായി വാട്‌സ്ആപ്പിലും സ്‌നാപ് ചാറ്റിലും ടെലഗ്രാമിലും ആശയവിനിമയം തുടരുകയും സൈനിക രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കുകയും ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

READ ALSO: പണത്തിനു വേണ്ടി രാജ്യരഹസ്യങ്ങൾ പാകിസ്ഥാന് ഒറ്റിക്കൊടുത്തു; വിശാഖപട്ടണം ചാരക്കേസില്‍ മലയാളി ഉള്‍പ്പെടെ മൂന്നു പേര്‍ കൂടി അറസ്റ്റിൽ

Who Is Haryana Travel YouTuber Jyoti Malhotra, the arrested pak spy