15
Oct 2024
Fri
15 Oct 2024 Fri
Yahya Sinwar

ഗസ സിറ്റി: ഹമാസിന്റെ ഏറ്റവും കരുത്തനായ നേതാക്കാളിലൊരാളിയി വിശേഷിപ്പിക്കപ്പെടുന്ന യഹ്‌യ സിന്‍വാര്‍ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ഇസ്രായേല്‍ സൈന്യം. (Who is Yahya Sinwar?) റഫയിലെ താല്‍ അല്‍ സുല്‍ത്താനിലുള്ള കെട്ടിടത്തില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയ മൂന്നുപേരില്‍ ഒരാള്‍ സിന്‍വാറാണെന്നാണ് ഇസ്രായേലിന്റെ അവകാശവാദം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മൃതദേഹങ്ങള്‍ ഡി.എന്‍.എ പരിശോധനക്കായി ഇസ്രായേലിലേക്ക് കൊണ്ടുപോയിരുന്നു. അതിന്റെ പരിശോധന ഫലം എന്താണെന്നത് വ്യക്തമല്ല. അതേസമയം, ഹമാസ് ഇതിനോട് പ്രതികരിച്ചിട്ടില്ല.

ബുധനാഴ്ച രാത്രി തെക്കന്‍ ഗസയിലുള്ള സതേണ്‍ കമാന്‍ഡ് 828-ാം ബ്രിഗേഡിലെ ഇസ്രായേല്‍ സൈനികരാണ് ആക്രമണം നടത്തിയത്. ഇസ്രായേല്‍ അവകാശവാദം സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.

കര്‍ക്കശക്കാരനായ നേതാവ്

Yahya Sinwar hamas chief
ഹമാസിന്റെ ഏറ്റവും കരുത്തനും കാര്‍ക്കശ്യക്കാരനുമായ നേതാവായിരുന്നു സിന്‍വാര്‍. കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ ഏഴിന് ഇസ്രായേലില്‍ നടത്തിയ തൂഫാനുല്‍ അഖ്‌സ ഓപറേഷന്റെ സൂത്രധാരനായിരുന്നു. ഇസ്മാഈല്‍ ഹനിയ്യ തെഹ്‌റാനില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹം ഹമാസ് മേധാവിയായി ചുമതലയേറ്റത്.

62 വയസ്സുകാരനായ സിന്‍വാറിന്റെ ജീവിതം മുഴുവന്‍ പോരാട്ടവും സംഘാടനവും ഏറ്റുമുട്ടലുമൊക്കെ നിറഞ്ഞതായിരുന്നു. ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോ നേതാവാകുന്നതിന്റെ മുമ്പ് തന്നെ ഇസ്രായേലിന്റെ ഹിറ്റ് ലിസ്റ്റില്‍ ഒന്നാമനായിരുന്നു സിന്‍വാര്‍. പൊതുമധ്യത്തില്‍ അപൂര്‍വ്വമായി പ്രത്യക്ഷപ്പെടുന്ന അദ്ദേഹം തുരങ്കങ്ങളിലിരുന്നാണ് കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്നതെന്നാണ് ചില റിപോര്‍ട്ടുകളില്‍ പറയുന്നത്.

അതേസമയം, ഇസ്രായേലി സൈനികരുമായുള്ള നേരിട്ടുള്ള ഏറ്റുമുട്ടലിനിടെയാണ് സിന്‍വാര്‍ കൊല്ലപ്പെട്ടതെന്നാണ് ഇസ്രായേല്‍ അധികൃതര്‍ പറയുന്നത്. എന്ത് കൊണ്ടാണ് അദ്ദേഹം പുറത്തേക്ക് വന്നതെന്നോ അതല്ല ഇസ്രായേല്‍ പറയുന്നതിന് വിരുദ്ധമായി യുദ്ധത്തിലുടനീളം പോരാളികളോടൊത്ത് അദ്ദേഹം പുറത്തു തന്നെയുണ്ടായിരുന്നോ എന്ന കാര്യം വ്യക്തമല്ല.

ഖസ്സാം ബ്രിഗേഡിന് പിന്നിലെ തലച്ചോറ്

Qassam Brigade
1962ല്‍ ഖാന്‍ യൂനുസിലെ അഭാര്‍ത്ഥി ക്യാമ്പില്‍ ജനിച്ച സിന്‍വാര്‍ വിട്ടുവീഴ്ച്ചയില്ലാത്ത ഹമാസ് നേതാക്കളില്‍ ഒരാളായാണ് അറിയപ്പെടുന്നത്. ഗസയിലെ ഇസ്ലാമിക് യൂനിവേഴ്‌സിറ്റിയില്‍ അധിനിവേശ വിരുദ്ധ പോരാട്ടത്തിന് ഊര്‍ജം പകര്‍ന്നുവെന്ന കുറ്റത്തിന് 1980കളില്‍ അദ്ദേഹം പല തവണ ഇസ്രായേല്‍ ജയിലിലായിരുന്നു.

ബിരുദമെടുത്ത ശേഷം സായുധ പ്രതിരോധത്തിനായി അദ്ദേഹം പോരാളികളുടെ ഒരു ശൃംഖല സൃഷ്ടിച്ചെടുത്തു. ഇതാണ് പിന്നീട് ഹമാസിന്റെ സൈനിക വിഭാഗമായ ഖസ്സാം ബ്രിഗേഡ് ആയി രൂപം പ്രാപിച്ചത്.

1987ല്‍ ശെയ്ഖ് അഹ്‌മസ് യാസീന്‍ ഹമാസ് രൂപീകരിച്ചതിന് പിന്നാലെ തന്നെ സിന്‍വാറും പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. തൊട്ടടുത്ത വര്‍ഷം അറസ്റ്റിലായ അദ്ദേഹത്തെ ഇസ്രായേല്‍ 4 ജീവപര്യന്തം തടവിന്(426 വര്‍ഷം) വിധിച്ചു. രണ്ട് ഇസ്രായേലി സൈനികരെയും നാല് ചാരന്മാരെയും കൊലപ്പെടുത്തിയതായിരുന്നു കുറ്റം.

23 വര്‍ഷം ഇസ്രായേല്‍ ജയിലില്‍ കിടന്ന അദ്ദേഹം ഹീബ്രു പഠിക്കുകയും ഇസ്രായേല്‍ കാര്യങ്ങളിലും ആഭ്യന്തര രാഷ്ട്രീയത്തിലും അവഗാഹം നേടുകയും ചെയ്തു. ഈ ജയില്‍ വാസത്തിനിടെയാണ് സിന്‍വാര്‍ ഫലസ്തീന്‍ പോരാട്ടത്തെക്കുറിച്ച് ആത്മകഥാംശം നിറഞ്ഞ നോവല്‍ എഴുതി പൂര്‍ത്തിയാക്കിയത്.

2011ല്‍ ഹമാസ് പിടികൂടിയ ഇസ്രായേല്‍ സൈനികന്‍ ഗിലാദ് ഷാലിത്തിനെ മോചിപ്പിച്ചതിന്റെ ഭാഗമായി അദ്ദേഹത്തെ ജയിലില്‍നിന്ന് വിട്ടയച്ചു. മോചിതനായശേഷം സിന്‍വാര്‍ ഹമാസിന്റെ മുന്‍നിര നേതാവായി വളര്‍ന്നു. 2012ല്‍ ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

ഖസ്സാം ബ്രിഗേഡിനെ ഏകോപിക്കുന്നതിന്റെ ചുമതല സിന്‍വാറിനായിരുന്നു. 2014ല്‍ ഇസ്രായേല്‍ ഗസയില്‍ നടത്തിയ ഏഴാഴ്ച്ച നീണ്ട അധിനിവേശത്തെ ചെറുത്തുനില്‍ക്കുന്നതിന് ചുക്കാന്‍ പിടിച്ചത് സിന്‍വാര്‍ ആയിരുന്നു. അടുത്ത വര്‍ഷം അമേരിക്ക സിന്‍വാറിനെ പ്രത്യേകം ടാര്‍ജറ്റ് ചെയ്യേണ്ട ആഗോള ഭീകരനായി പ്രഖ്യാപിച്ചു

ഹനിയ്യയുടെ പിന്‍ഗാമി

Yahya Sinwar with Ismail Haniyya
2017ല്‍ ഹനിയ്യയുടെ പിന്‍ഗാമിയായി ഗസയിലെ ഹമാസ് മേധാവിയായി തിരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍, യുദ്ധവേളയിലുടനീളം വിവിധ രാജ്യങ്ങളില്‍ സഞ്ചരിച്ച് ഇസ്രായേല്‍ അധിനിവേശത്തെക്കുറിച്ച് സംസാരിച്ച ഹനിയ്യയില്‍ നിന്ന് വ്യത്യസ്ഥമായി 2023 ഒക്ടോബര്‍ 7ന് ശേഷം സിന്‍വാര്‍ പൊതുമധ്യത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നില്ല.

2021ല്‍ നല്‍കിയ അഭിമുഖത്തില്‍ സിന്‍വാര്‍ പറഞ്ഞത് ഇങ്ങിനെയാണ്: ”യുദ്ധത്തിന് വന്‍വില കൊടുക്കേണ്ടി വരുമെന്നതിനാല്‍ ഫലസ്തീനികള്‍ അതു തേടിപോകില്ല. എന്നാല്‍, അക്രമിക്കപ്പെടുമ്പോള്‍ വെള്ളപ്പതാക വീശുകയുമില്ല.”