വിവാഹം കഴിഞ്ഞ് ഭാര്യയിൽ കുഞ്ഞ് ജനിച്ച ശേഷം ശസ്ത്രക്രിയയിലൂടെ ട്രാൻസ് വുമണായി മാറിയ ഭർത്താവിനെ വാടകക്കൊലയാളികളെ ഉപയോഗിച്ച് കൊല്ലിച്ച യുവതി പിടിയിൽ. തെലങ്കാനയിലെ സിദ്ധിപേട്ട് ജില്ലയിലാണ് സംഭവം. സ്വകാര്യ സ്‌കൂളിൽ അക്കൗണ്ടന്റായിരുന്ന വേദശ്രീ (30)യാണ് ഭർത്താവിനെ വാടകക്കൊലയാളികളെ ഉപയോഗിച്ച് കൊലപ്പെടുത്തിയത്.
|
ട്രാൻസ് വുമണായ വെങ്കടേഷ് (റോജ– 35) ആണ് കൊല്ലപ്പെട്ടത്. ഡിസംബർ 11നാണ് വെങ്കടേഷ് എന്ന റോജ കൊല്ലപ്പെട്ടത്. വെങ്കടേഷിന്റെ ബന്ധുക്കളുടെ പരാതിയിൽ അസ്വാഭാവിക മരണത്തിനു കേസെടുത്ത പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
2014ലാണ് വേദശ്രീയും വെങ്കടേഷും വിവാഹിതരായത്. 2015ൽ ഇവർക്ക് കുഞ്ഞു പിറന്നു. 2019ൽ, വെങ്കടേഷ് സ്ത്രീയാകാൻ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനാകുകയും റോജ എന്ന പേരു സ്വീകരിക്കുകയും ചെയ്തു. അന്നുമുതൽ ഇവർ വേർപിരിഞ്ഞു കഴിയുകയായിരുന്നു. സ്വകാര്യ സ്‌കൂളിൽ അക്കൗണ്ടന്റായി ജോലി ചെയ്തിരുന്ന വേദശ്രീയെ ട്രാൻസ് വുമണായി മാറിയശേഷം വെങ്കടേഷ് നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നെന്നും പൊലീസ് പറഞ്ഞു. ഭർത്താവിൽനിന്നു ജീവനാംശം ലഭിക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്നായിരുന്നു ഇത്.
വെങ്കടേഷ് സ്കൂളിലെത്തി നിരന്തരം ശല്യം തുടങ്ങിയതോടെ വേദശ്രീയെ സ്കൂൾ അധികൃതർ ജോലിയിൽനിന്നു പുറത്താക്കി. ഇതിന്റെ വൈരാഗ്യത്തിലാണ് വെങ്കടേഷിനെ കൊലപ്പെടുത്താൻ വേദശ്രീ തീരുമാനിച്ചതെന്ന് പൊലീസ് പറഞ്ഞു.
വെങ്കടേഷിനെ കൊലപ്പെടുത്താൻ 18 ലക്ഷം രൂപയാണ് വേദശ്രീ വാടകക്കൊലയാളികൾക്ക് വാഗ്ദാനം ചെയ്തത്. ഇതിൽ 4.6 ലക്ഷം രൂപ യുവതി കൈമാറുകയും ചെയ്തിരുന്നു. വെങ്കടേഷിനെ ബീയർ കുടിപ്പിച്ച് മയക്കിയശേഷം ഉറക്കത്തിൽ തലയണകൊണ്ട് ശ്വാസം മുട്ടിച്ചായിരുന്നു കൊലപ്പെടുത്തിയതെന്നും പൊലീസ് കണ്ടെത്തി.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





