21
Feb 2023
Tue
21 Feb 2023 Tue

കോഴിക്കോട്: ആർഎസ്എസ് നേതൃത്വവുമായി ഡൽഹിയിൽ ചർച്ച നടത്തിയെന്ന് വെളിപ്പെടുത്തി ജമാഅത്തെ ഇസ് ലാമി ജനറൽ സെക്രട്ടറി ടി ആരിഫലി. കേന്ദ്ര സർക്കാരിന് നേതൃത്വം നൽകിയ സംഘടന എന്ന നിലയിലാണ് ആർഎസ്എസ്സുമായി ജനുവരി 14ന് ചർച്ച നടത്തിയതെന്ന് ടി ആരിഫ് അലി ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മുസ് ലിം സംഘടനകളും ആർഎസ്എസുമായുളള ചർച്ചകൾക്ക് വേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന എസ് വൈ ഖുറേഷി, ഡൽഹി മുൻ ലഫ്റ്റനന്റ് ​ഗവർണർ നജീബ് ജങ്, ഷാഹിസ് സിദ്ദീഖി, സയീദ് ഷെർവാനി എന്നിവരുമായി 2022 ആ​ഗസ്തിൽ ആർഎസ്എസ് മേധാവി മോഹൻ ഭാഗവതുമായി നടത്തിയ കൂടിക്കാഴ്ചയിലൂടെയാണ് ഇത്തരമൊരു ചർച്ചയ്ക്കു വഴിയൊരുങ്ങിയത്. ചർച്ചകൾക്കായി ആർഎസ്എസ് നാലംഗ സമിതിക്ക് രൂപം നൽകുകയും ചെയ്തു. ഖുറേഷിയാണ് ചർച്ചയുമായി സഹകരിക്കണമെന്ന് ജമാഅത്തെ ഇസ് ലാമിയോട് അഭ്യർഥിച്ചത്. കൂടിക്കാഴ്ച പൊതുസമൂഹത്തിന്റെ താൽപര്യത്തിന് വിരുദ്ധമല്ലാത്തതിനാലാണ് തങ്ങൾ പങ്കെടുക്കാൻ തീരുമാനിച്ചത്.

രാജ്യത്തിൻ്റെ വിവിധ ഭാ​ഗങ്ങളിൽ നടന്നുവരുന്ന ആൾക്കൂട്ട ആക്രമണം, അനധികൃത നിർമാണങ്ങളുടെ പേരു പറഞ്ഞ് കെട്ടിടങ്ങൾ ഇടിച്ചു നിരത്തുന്ന ബുൾഡോസർ രാഷ്ട്രീയവും നിരപരാധികളെ അറസ്റ്റ് ചെയ്യുന്നതും യോ​ഗത്തിൽ തങ്ങൾ ഉയ‍‍‍ർത്തിക്കാട്ടി. കാശിയിലെയും മധുരയിലെയും മോസ്‌കുകളുമായി ബന്ധപ്പെട്ട വിഷയമാണ് ആർഎസ്എസ് ഉയർത്തിയത്. വിശ്വാസികളുടെ പ്രശ്നമെന്നാണ് ആർഎസ്എസ് പറഞ്ഞത്. അതേക്കുറിച്ച് തങ്ങൾക്ക് പറയാനൊന്നുമില്ലെന്ന് മറുപടിയും നൽകി. ആ‍‍ർഎസ്എസിന്റെ രണ്ടാം നിര നേതാക്കളുമായാണ് തങ്ങൾ ച‍ർച്ച നടത്തിയതെന്നും മുൻ നിരനേതാക്കളുമായി രണ്ടാം ഘട്ട ചർച്ചകൾ നടത്തുമെന്നും ആരിഫലി കൂട്ടിച്ചേർത്തു.