തൃശൂര്‍ തളിക്കുളത്ത് ഭര്‍ത്താവിന്റെ വെട്ടേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു. നമ്പിക്കടവ് സ്വദേശിനി അരവശേരി വീട്ടില്‍ ഹഷിത(25)യാണ് മരിച്ചത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായാണ് മരണം. ശനിയാഴ്ച രാത്രിയാണ് ഭര്‍ത്താവ് ആഷിഫ് യുവതിയെയും ഇവരുടെ മാതാപിതാക്കളെയും വെട്ടിപ്പരിക്കേല്‍പ്പിച്ചത്.
|
20 ദിവസം പ്രായമുള്ള കുഞ്ഞിനെ കാണാനെത്തിയപ്പോള്‍ ആഷിഫ് കൈയില്‍ കരുതിയ കത്തി ഉപയോഗിച്ച് മൂവരെയും ആക്രമിക്കുകയായിരുന്നു. ഹഷിതയേയും കുഞ്ഞിനെയും കാണാന്‍ അമ്മയ്ക്കും ബന്ധുക്കള്‍ക്കുമൊപ്പമാണ് നമ്പിക്കടവിലെ വീട്ടില്‍ ആഷിഫ് എത്തിയത്. പിന്നീട് ബന്ധുക്കള്‍ വീട്ടില്‍ നിന്നിറങ്ങിയതിന് പിന്നാലെ നിലവിളി കേട്ട് തിരിച്ചെത്തിയപ്പോഴാണ് ആക്രമണ വിവരം അറിയുന്നത്.
ഭാര്യയുമായുള്ള തര്‍ക്കത്തിനിടെ പ്രതി ഇവരെ ആക്രമിക്കുകയായിരുന്നു. ശരീരമാസകലം വെട്ടേറ്റ ഹഷിതയുടെ ഇടതു കൈ അറ്റ് തൂങ്ങാറായ നിലയിലായിരുന്നു. മകളെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ചപ്പോഴാണ് നൂര്‍ദ്ധീന്റെ തലയ്ക്ക് വെട്ടേറ്റത്. നൂര്‍ദ്ധീന്‍ അപകടനില തരണം ചെയ്‌തെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ആക്രമണശേഷം ഒളിവിൽ പോയ പ്രതിക്ക് വേണ്ടി തിരച്ചിൽ തുടരുകയാണ്.



