മലപ്പുറം: ഏലംകുളത്ത് വീട്ടിൽ ഭർത്താവിനൊപ്പം ഉറങ്ങാൻ കിടന്ന യുവതിയെ കഴുത്തിൽ തുണി മുറുക്കി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. സംഭവ സ്ഥലത്തു നിന്ന് കാണാതായ ഭർത്താവിനെ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്തു.
|
ഏലംകുളം വായനശാലയ്ക്ക് സമീപം പൂത്രൊടി കുഞ്ഞലവിയുടെ മകൾ ഫാത്തിമ ഫഹ്ന (30) ആണ് കൊല്ലപ്പെട്ടത്. കിടപ്പുമുറിയുടെയും വീടിന്റെയും വാതിലുകൾ തുറന്നുകിടക്കുന്നതു കണ്ട് ഫഹ്നയുടെ ഉമ്മ നോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ഏലംകുളം, പെരിന്തൽമണ്ണ, കൊപ്പം എന്നിവിടങ്ങളിലെ ബേക്കറികളിൽ ഷവർമ നിർമാണജോലിക്കാരനായ ഭർത്താവ് റഫീഖ് രണ്ടുമാസത്തിലേറെയായി ഫഹ്നയുടെ വീട്ടിലാണ് താമസം.
വീട്ടിൽ നിന്നു പുലർച്ചെ കാണാതായ ഇവരുടെ ഭർത്താവ് മണ്ണാർക്കാട് പള്ളിക്കുന്ന് ആവണക്കുന്ന് പാറപ്പുറവൻ മുഹമ്മദ് റഫീഖിനെ (35) മണ്ണാർക്കാടുള്ള സ്വന്തം വീട്ടിൽ നിന്നാണ് പിടികൂടിയത്. ഇന്നലെ പുലർച്ചെ നാലോടെയാണു ഫഹ്നയെ കിടപ്പുമുറിയിൽ കൈകാലുകൾ ജനലിനോടും കട്ടിലിനോടും തുണി കൊണ്ട് ബന്ധിച്ച്, വായിൽ തുണി തിരുകിയ നിലയിൽ കണ്ടെത്തിയത്. 6 വർഷം മുൻപായിരുന്നു ഇരുവരുടെയും വിവാഹം. ഇവർക്ക് നാലുവയസ്സുള്ള മകളുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





