|
ന്യൂഡൽഹി: വിദ്വേഷം എഴുതിയും പ്രസംഗിച്ചും വിവാദത്തിലായ ബി.ജെ.പി വനിതാ നേതാവ് എൽ. വിക്ടോറിയ ഗൗരി മദ്രാസ് ഹൈക്കോടതി ജഡ്ജി. ഇവരുൾപ്പെടെ 13 ജഡ്ജിമാരെ നിയമിച്ച് ഇന്ന് ഉച്ചയ്ക്കാണ് കേന്ദ്രസർക്കാർ വിജ്ഞാപനം ഇറക്കിയത്. ഇവരുടെ നിയമനത്തിനെതിരായ ഹരജി സുപ്രിംകോടതിയുടെ പരിഗണനയിലിരിക്കെയാണ് കേന്ദ്രസർക്കാരിന്റെ നടപടി. കൊളീജിയം ശുപാർശ അംഗീകരിച്ച് വിക്ടോറിയയെ ജഡ്ജിയാക്കി നിയമിച്ച് ഉത്തരവിറക്കിയതോടെ ഹരജി വേഗത്തിൽ പരിഗണിക്കണമെന്ന ആവശ്യം പരിഗണിച്ച് കേസിൽ നാളെ വാദം കേൾക്കാൻ സുപ്രിംകോടതി തീരുമാനിച്ചു.
ബമഹിളാ മോർച്ചാ ജനറൽ സെക്രട്ടറിയായ വിക്ടോറിയ, ആർ.എസ്.എസ് മുഖപത്രമായ ഓർഗനൈസറിൽ ക്രിസ്ത്യാനികൾക്കും മുസ്ലിംകൾക്കുമെതിരേ ലേഖനം എഴുതിയതിന്റെ പേരിൽ വിമർശനം നേരിട്ടിരുന്നു. ‘ദേശീയ സുരക്ഷയ്ക്കും ക്രമസമാധാനത്തിനും കൂടുതൽ ഭീഷണി ജിഹാദോ ക്രിസ്ത്യൻ മിഷനറിയോ?’, ‘ക്രിസ്ത്യൻ മിഷനറിമാരുടെ സാംസ്‌കാരിക വംശഹത്യ.’ എന്നീ രണ്ടു തലക്കെട്ടുകളിലാണ് ലക്ഷ്മണചന്ദ്രയുടെ ലേഖനം പ്രസിദ്ധീകരിക്കപ്പെട്ടത്.
ലക്ഷ്മണചന്ദ്രയെപ്പോലുള്ളവരുടെ നിയമനങ്ങൾ ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിന് തുരങ്കം വെയ്ക്കുമെന്ന് ആശങ്കയുണ്ടെന്നു ചൂണ്ടിക്കാട്ടി ഒരു വിഭാഗം അഭിഭാഷകർ രാഷ്ട്രപതിക്കും സുപ്രീംകോടതി കൊളീജിയത്തിനും പരാതി നൽകിയിരുന്നു. നിരന്തരം വിദ്വേഷ പരാമർശങ്ങൾ നടത്തുന്ന ഇത്തരം ആളുകളെ ജഡ്ജിയാക്കുന്നത് അനുചിതവും നീതിന്യായ വ്യവസ്ഥയുടെ നിക്ഷ്പക്ഷതയ്ക്ക് വിഘാതമാകുമെന്നും ജഡ്ജിയാക്കാനുള്ള നീക്കം പുനപരിശോധിക്കണമെന്നുമാണ് പരാതിയിൽ പറയുന്നത്.
ലക്ഷ്മണചന്ദ്രയുടെ നിലപാടുകൾ ഭരണഘടനാ മൂല്യങ്ങൾക്ക് നിരക്കുന്നതല്ലെന്നു ചൂണ്ടിക്കാട്ടി മദ്രാസ് ഹൈക്കോടതിയിലെ ഒരു വിഭാഗം അഭിഭാഷകർ നൽകിയ ഹരജിയാണ് സുപ്രിംകോടതിയിലുള്ളത്.



