ഇന്‍ഫോസിസില്‍ സോഫ്റ്റ്വെയര്‍ എന്‍ജിനീയറായ യുവതിയെ കാമുകന്‍ വെടിവച്ചുകൊന്നു. പുനെയിലാണ് സംഭവം. വന്ദനാ ദ്വിവേദി എന്ന 26കാരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ വന്ദനയുടെ കാമുകനായ ഋഷഭ് നിഗത്തെ(30) പൊലീസ് അറസ്റ്റ് ചെയ്തു. പൂനെ ഹിന്‍ജേവാരി മേഖലയിലെ ഒയോ ഹോട്ടലില്‍ ശനിയാഴ്ചയാണ് കൊലപാതകം നടന്നത്. ഹോട്ടല്‍ മുറിയില്‍നിന്ന് വെടിയൊച്ച കേട്ടെന്ന വിവരമറിഞ്ഞ് പൊലീസ് എത്തിയപ്പോഴാണ് മൃതദേഹം കണ്ടത്.
|
കൊല്ലപ്പെട്ട വന്ദനയും ഋഷഭും ഉത്തര്‍പ്രദേശില്‍ നിന്നുള്ളവരാണെന്ന് പൊലീസ് വെളിപ്പെടുത്തി. ഇരുവരും പത്തു വര്‍ഷമായി പ്രണയത്തിലാണെന്നു പൊലീസ് അറിയിച്ചു. ബന്ധത്തിലുണ്ടായ വിള്ളലാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് വിവരം. ലക്‌നൗവിലാണ് ഋഷഭ് ജോലി ചെയ്യുന്നത്. വന്ദനയെ കാണാനാണ് ഇയാള്‍ പുനെയില്‍ എത്തിയത്.
ജനുവരി 25 മുതല്‍ ഇരുവരും ഹോട്ടലില്‍ മുറിയെടുത്തു താമസിക്കുകയായിരുന്നു. 27നു രാത്രി 9.30ഓടെയാണ് വന്ദന കൊല്ലപ്പെട്ടതെന്നാണ് പൊലീസ് നിഗമനം. അന്നു രാത്രി 10ന് ഋഷഭ് റൂമില്‍നിന്നു പോകുന്നതിന്റെ സിസിടിവി ദൃശ്യം ലഭിച്ചിട്ടുണ്ട്. കൊലപാതകത്തിനു ശേഷം ഇയാള്‍ ടാക്‌സി വിളിച്ച് മുംബൈയിലേക്ക് രക്ഷപ്പെടുകയായിരുന്നു.
പ്രണയബന്ധത്തില്‍നിന്ന് വന്ദന പിന്‍മാറാന്‍ ശ്രമിക്കുന്നുവെന്ന സംശയമാണ് കൊലപാതകത്തിനു കാരണമെന്ന് പൊലീസ് പറഞ്ഞു.





