24
May 2025
Fri
24 May 2025 Fri

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരുവനന്തപുരം: കൈമനത്ത് സ്ത്രീയുടെ മൃതദേഹം വീട്ടിനുള്ളിൽ കത്തിക്കരിഞ്ഞനിലയില്‍ കണ്ടെത്തി. കരുമം സ്വദേശി ഷീജ (50) ആണ് മരിച്ചത്. മരണത്തില്‍ ദുരൂഹതയെന്ന് ഷീജയുടെ ബന്ധുക്കള്‍ ആരോപിച്ചു രംഗത്ത് വന്നതോടെ പോലിസ് അന്വേഷണം തുടങ്ങി.

ഇന്നലെ രാത്രിയോടെ കൈമനം കരുമത്ത് കുറ്റിക്കാട്ടുലൈനില്‍ ഒഴിഞ്ഞ പുരയിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമായ ഇവിടെ ആള്‍പ്പാര്‍പ്പില്ലാത്ത ഒരു വീട് മാത്രമാണ് ഉള്ളത്. ഇതിനുള്ളിൽ ആണ് ഷീജയുടെ മൃതദേഹം കണ്ടെത്തിയത്.

വീട്ടിനുള്ളിൽ ഒരു സ്ത്രീയുടെ കരച്ചില്‍ കേട്ട് നാട്ടുകാര്‍ ആണ് പൊലീസിനെ വിവരം അറിയിച്ചത്. പൊലീസ് എത്തുമ്പോഴേക്കും തീപൊള്ളലേറ്റ് മരണം സംഭവിച്ചിരുന്നു. ഇന്ന് രാവിലെയാണ് മൃതദേഹം ഷീജയുടേത് ആണെന്നു തിരിച്ചറിഞ്ഞത്. പ്രദേശത്തുള്ള പുരുഷ സുഹൃത്ത് സജിക്കൊപ്പമാണ് യുവതി താമസിച്ചിരുന്നത്. ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നു എങ്കിലും ഇടക്കിടെ വഴക്കും പതിവായിരുന്നുവെന്നു ബന്ധുക്കള്‍ പറയുന്നു. ഈ ബന്ധം ഷീലയുടെ ബന്ധുക്കള്‍ അംഗീകരിച്ചിരുന്നില്ല. ഇതിനിടെ കുറച്ചുനാള്‍ അകന്നുകഴിഞ്ഞ ഇരുവരും അടുത്തകാലത്ത് വീണ്ടും അടുക്കുകയായിരുന്നു. മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് തൊട്ടടുത്താണ് സജിയുടെ വീട് സ്ഥിതിചെയ്യുന്നത്. സജിയെ കാണാന്‍ വേണ്ടി തന്നെയായിരിക്കണം ഷീജ ഇന്നലെ രാത്രി പോയത് എന്നാണ് പൊലീസിന്റെ നിഗമനം. അതിനാല്‍ സജിയുടെ പങ്ക് അന്വേഷിക്കണമെന്നാണ് ബന്ധുക്കള്‍ ആവശ്യപ്പെടുന്നത്. ആത്മഹത്യയാകാം എന്നാണ് പൊലീസിന്റെ പറയുന്നതെങ്കിലും സജിയുടെ പങ്ക് അന്വേഷിക്കണമെന്നാണ് ബന്ധുക്കള്‍ ആവശ്യപ്പെട്ടു.

Woman’s body found burnt inside house in Thiruvananthapuram and mystery continue