27
Dec 2023
Sun
27 Dec 2023 Sun

പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ നാല് വയസുകാരനെ കഴുത്തുഞെരിച്ചു കൊന്ന കേസിൽ പിതൃ സഹോദരന്റെ ഭാര്യ അറസ്റ്റിൽ. വണ്ണാമല തുളസി നഗർ സ്വദേശി ദീപ്തി ദാസാണ് (29) അറസ്റ്റിലായത്. കൊലപാതകത്തിന് ശേഷം ജീവനൊടുക്കാൻ ശ്രമിച്ച പ്രതി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കൊഴിഞ്ഞാമ്പാറ പൊലീസാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഡിസംബർ 11നായിരുന്നു സംഭവം. വണ്ണാമല തുളസി നഗറിൽ മധുസൂദനന്റെ മകൻ ഋത്വിക്കാണ് മരിച്ചത്. രാത്രി മറ്റു കുടുംബാംഗങ്ങൾ വീട്ടിൽ ഇല്ലാത്ത സമയം ദീപ്തി ദാസ് ഋത്വികിനെ കഴുത്തുഞെരിച്ചു കൊല്ലുകയായിരുന്നു. ഋത്വിക്കിനെ കൊഴിഞ്ഞാമ്പാറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

കൊലയ്ക്ക് ശേഷം ആയുധം ഉപയോഗിച്ച് സ്വയം മുറിവേൽപ്പിച്ച മധുസൂദനന്റെ ജേഷ്ഠന്റെ ഭാര്യ ദീപ്തി ദാസിനെ സാരമായ പരുക്കുകളോടെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

മധുസൂദനന് ഡല്‍ഹിയിലാണ് ജോലി. ബന്ധുവിന് സുഖമില്ലാത്തതിനെത്തുടര്‍ന്ന് ഭാര്യ ആതിരയടക്കം എല്ലാവരും സമീപത്തെ ആശുപത്രിയില്‍ പോയി. ഉറക്കം വന്നതിനെത്തുടര്‍ന്ന് ഋത്വിക് അടക്കമുള്ള കുട്ടികളെ വീട്ടില്‍കൊണ്ടാക്കി. ഇവരോടൊപ്പം ദീപ്തി ദാസിനെയും വീട്ടിലിരുത്തി. ആശുപത്രിയില്‍ പോയവര്‍ രാത്രി 10 മണി കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ വീട് അടച്ചിട്ടിരിക്കുകയായിരുന്നു. വാതിലില്‍ തട്ടിയിട്ടും തുറന്നില്ല.

ഇതിനിടെ, മധുസൂദനന്റെ മകൾ എങ്ങനെയോ വീടിന്റെ പിന്നിലെ വാതില്‍ തുറന്നു. അകത്ത് ഋത്വിക് അനക്കമില്ലാതെ കിടക്കുന്നതാണ് ഇവര്‍ കണ്ടത്. സമീപത്ത് രക്തത്തില്‍ കുളിച്ചുകിടക്കുകയായിരുന്നു ദീപ്തി. ഉടനെ നാട്ടുകല്ലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടി മരിച്ചു. കരുവപ്പാറ സെന്റ് ഫ്രാന്‍സിസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ പ്രീ കെ.ജി. വിദ്യാര്‍ഥിയായിരുന്നു ഋത്വിക്.