29
Jul 2023
Thu
29 Jul 2023 Thu

ബെംഗളൂരു: മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ (ബിഎംടിസി) ബസിലെ കണ്ടക്ടറോട് തലയിലെ തൊപ്പി നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ട് യാത്രക്കാരി. തുടര്‍ച്ചയായി ആവശ്യപ്പെട്ടതോടെ കണ്ടകര്‍ തന്റെ തൊപ്പി അഴിച്ചുമാറ്റുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ ഇക്കാര്യം അന്വേഷിക്കുമെന്ന് സിറ്റി പൊലീസ് അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

യുവതി തന്നെയാണ് വീഡിയോ ചിത്രീകരിച്ചതും. യുവതിക്കെതിരെ വ്യാപകമായ വിമര്‍ശനവും സമൂഹ മാധ്യമങ്ങളില്‍ നിന്ന് ഉയര്‍ന്നു. കണ്ടക്ടറായി യൂണിഫോമിലായിരിക്കുമ്പോള്‍ തൊപ്പി ധരിക്കാമോ എന്നാണ് യുവതി കണ്ടക്ടറോട് പ്രധാനമായും ചോദിക്കുന്നത്. ധരിക്കാന്‍ ഒരുപക്ഷെ കഴിയുമെന്നാണ് കണ്ടക്ടര്‍ മറുപടി പറഞ്ഞത്. നിങ്ങള്‍ മതം വീട്ടില്‍ ആചരിക്കുക, യൂണിഫോമിലായിരിക്കുമ്പോള്‍ തൊപ്പി ധരിക്കാന്‍ പാടില്ലെന്നും യുവതി പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം.

ഞാന്‍ വര്‍ഷങ്ങളായി തൊപ്പി ധരിക്കുന്ന വ്യക്തിയാണെന്നാണ് ഇതിന് കണ്ടക്ടറുടെ മറുപടി. യൂണിഫോമിന്റെ ഭാഗമായി തൊപ്പി ധരിക്കാമോയെന്ന് കണ്ടക്ടറോട് യുവതി വീണ്ടും എടുത്ത് ചോദിക്കുന്നതും ഒന്നര മിനുറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ കാണാം. ഇതുവരെ ആരും തൊപ്പി ധരിക്കുന്നത് വിലക്കിയിട്ടില്ലെന്നും പരാതിയുണ്ടെങ്കില്‍ അധികൃതരെ സമീപിക്കാനും കണ്ടക്ടര്‍ യുവതിയോട് നിര്‍ദേശിച്ചു.

പള്ളിയിലോ വീട്ടിലോ ആയിരുന്നെങ്കില്‍ തൊപ്പി ധരിക്കുന്നതില്‍ ഞാന്‍ എതിര്‍ക്കുമായിരുന്നില്ലെന്ന് പറഞ്ഞു കണ്ടക്ടര്‍ തൊപ്പി നീക്കം ചെയ്യണമെന്ന നിലപാടില്‍ യുവതി ഉറച്ച് നില്‍ക്കുകയായിരുന്നു. ഇതിന് പിന്നാലെ കണ്ടക്ടര്‍ തൊപ്പി നീക്കം ചെയ്തു. കണ്ടക്ടറെ ഉന്നം വച്ചുള്ള പ്രതികരണത്തിന് യുവതിക്കെതിരെ നിരവധി പേര്‍ വിമര്‍ശനം ഉന്നയിച്ചു. ബിന്ദിയോ തലപ്പാവോ ധരിക്കുന്നവരോട് ഇതേ രീതിയില്‍ പെരുമാറുമോ എന്ന ചോദ്യവും ഉയര്‍ത്തി. പൊലീസ് സ്‌റ്റേഷനില്‍ നടന്ന ആയുധപൂജ ആഘോഷത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ കാവി ഷോള്‍ ധരിച്ചതും ചൂണ്ടിക്കാണിച്ചായിരുന്നു വിമര്‍ശനം.