|
ലിമ:2026 ഫിഫ ലോകകപ്പ് ദക്ഷിണ അമേരിക്കന്‍ യോഗ്യതയില്‍ അര്‍ജന്റീനയ്ക്ക് തുടര്‍ച്ചയായ രണ്ടാം ജയം. എവേ മത്സരത്തില്‍ പെറുവിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ലിയോണല്‍ മെസിയും സംഘവും തകര്‍ത്തത്. ഗോളുകള്‍ രണ്ടും നേടിയത് നായകന്‍ മെസി തന്നെയായിരുന്നു. 32 -ാം മിനിറ്റിലായിരുന്നു മെസിയുടെ ആദ്യ ഗോള്‍. 10 മിനിറ്റുകള്‍ക്ക് ശേഷം ഇതിഹാസത്തിന്റെ രണ്ടാം ഗോള്‍. പെറുവിനെതിരെ അര്‍ജന്റീനയ്ക്ക് സമ്പൂര്‍ണാധിപത്യമായിരുന്നു. നിക്കോളാസ് ഗോണ്‍സാസിന്റെ അസിസ്റ്റില്‍ 32-ാം മിനിറ്റില്‍ മെസി ആദ്യ ഗോള്‍ നേടി. അര്‍ജന്റീനയുടെ കൗണ്ടര്‍ അറ്റാക്കിലായിരുന്നു ഗോള്‍. എന്‍സോ പെറുവിന്റെ ബോക്സിലേക്ക് നീട്ടികൊടുത്ത പന്ത് ഗോണ്‍സാലസ് ക്രോസ് ചെയ്തു. ആദ്യ ടച്ചില്‍ മെസി പന്ത് വലയിലെത്തിക്കുകയായിരുന്നു.
രണ്ടാം ഗോളിന് വഴിയൊരുക്കിയത് എന്‍സോ ഫെര്‍ണാണ്ടസ്. ജൂലിയന്‍ അല്‍വാരസിന്റെ ഇടപെടലും നിര്‍ണായകമായി. എന്‍സോ നല്‍കിയ പാസ് അല്‍വാരസ് അടിക്കാനൊരുങ്ങിയെങ്കിലും പ്രതിരോധ താരം മുന്നില്‍ വന്നതോടെ താര ഒഴിഞ്ഞുമാറി. ഇതോടെ മെസിക്ക് അനായാസം പന്ത് വലയിലെത്തിക്കാനായി.
മെസി ഒരിക്കല്‍ കൂടി പന്ത് പെറുവിന്റെ പോസ്റ്റിലെത്തിച്ചെങ്കിലും വാര്‍ പരിശോധനയില്‍ അസാധുവായി.
യൂറോ യോഗ്യതാ മല്‍സരത്തില്‍ ഇറ്റലിയെ 3-1ന് പരാജയപ്പെടുത്തി ഇംഗ്ലണ്ട് ഫൈനല്‍ റൗണ്ടില്‍ കടന്നു. ഇംഗ്ലണ്ടിനായി ഹാരി കെയ്ന്‍ ഇരട്ട ഗോള്‍ നേടിയ മല്‍സരത്തില്‍ റാഷ്‌ഫോഡ് മറ്റൊരു ഗോള്‍ നേടി. അന്താരാഷ്ട്ര സൗഹൃദമല്‍സരത്തില്‍ മെക്‌സിക്കോ ജര്‍മ്മനിയെ 2-2ന് സമനിലയില്‍ പിടിച്ചു. മറ്റൊരു മല്‍സരത്തില്‍ ഘാനയെ എതിരില്ലാത്ത നാല് ഗോളിന് അമേരിക്ക പരാജയപ്പെടുത്തി.


