|
ബ്യൂണസ് ഐറിസ്: പരാഗ്വേയ്ക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അര്‍ജന്റീന ക്യാപ്റ്റന്‍ ലയണല്‍ മെസ്സി കളിക്കുന്നത് സംശയമാണ് എന്ന് പരിശീലകന്‍ ലയണല്‍ സ്‌കലോണി. നാളെ പുലര്‍ച്ചെ ആണ് അര്‍ജന്റീന പരാഗ്വേ പോരാട്ടം നടക്കുന്നത്. ഒരു മാസം മുമ്പുണ്ടായ മസില്‍ ഇഞ്ചുറിയില്‍ നിന്ന് മെസ്സി ഇപ്പോഴും പൂര്‍ണ്ണമായി ഫിറ്റ്‌നസിലേക്ക് വന്നിട്ടില്ല. ഇന്റര്‍ മയാമിയുടെ അവസാന മത്സരത്തില്‍ സബ്ബായി ഇറങ്ങി മെസ്സി കളത്തിലേക്ക് തിരിച്ചെത്തി എങ്കിലും അദ്ദേഹത്തിന്റെ ഫിറ്റ്‌നസില്‍ ഇപ്പോഴും ആശങ്കയുണ്ട്.
പരാഗ്വേക്ക് എതിരായ മത്സരത്തിന് മുന്നോടിയായി 36കാരനായ ഫോര്‍വേഡ് പരിശീലനം നടത്തി എന്ന് സ്‌കലോണി പറഞ്ഞു.”മെസ്സിയെ സംബന്ധിച്ചിടത്തോളം, ഒരു പരിശീലന സെഷന്‍ കൂടി പ്രധാനമാണ്, മെസ്സി കളിക്കണോ വേണ്ടയോ എന്ന് അതിനു ശേഷം സംസാരിക്കും” സ്‌കലോണി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
മെസ്സി നാളെ സബ്ബായി കളിക്കാന്‍ ഇറങ്ങും എന്നും ആദ്യ ഇലവനില്‍ ഉണ്ടാകില്ല എന്നുമാണ് സൂചനകള്‍. ഒക്ടോബര്‍ 17 ന് ലിമയില്‍ വെച്ച് പെറുവിനെയും അര്‍ജന്റീന നേരിടും.


