23
May 2023
Thu
23 May 2023 Thu

ന്യൂഡൽഹി: ഇന്ത്യൻ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റും ബിജെപി നേതാവുമായ ബ്രിജ് ഭൂഷൺ സിങ്ങിനെതിരേ ജന്തർമന്തറിൽ നടന്നുവന്ന സമരത്തിന് നേരെയുണ്ടായ പൊലീസ് അതിക്രമത്തിനു പിന്നാലെ പൊട്ടിക്കരഞ്ഞ് ഗുസ്തിതാരങ്ങൾ. മദ്യപിച്ചെത്തിയ പൊലീസ് മർദിക്കുകയും വനിതാ താരങ്ങളോട് മോശമായി പെരുമാറുകയും ചെയ്‌തെന്ന് സമരക്കാർ ആരോപിച്ചു. കുറ്റവാളികളോടെന്ന പോലെയാണ് പൊലീസ് തങ്ങളോട് പെരുമാറിയതെന്ന് ഒളിംപ്യൻ വിനേഷ് ഫോഗട്ട് കണ്ണീരോടെ പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇതൊക്കെ കാണാനാണോ ഞങ്ങൾ രാജ്യത്തിനായി മെഡലുകൾ നേടിയത്? പൊലീസ് ക്രിമിനലുകളോടെന്ന പോലെയാണ് ഞങ്ങളോട് പെരുമാറിയത്. എന്നെ പുരുഷ പൊലീസുകാർ അധിക്ഷേപിക്കുകയും കയ്യേറ്റം ചെയ്യുകയും ചെയ്തു. ഇതെല്ലാം നടക്കുമ്പോൾ വനിതാ പൊലീസുകാർ എവിടെയായിരുന്നു?’ വിനേഷ് ഫോഗട്ട് ചോദിച്ചു.

‘എന്റെ എല്ലാ മെഡലുകളും തിരികെ എടുക്കാൻ ഞാൻ സർക്കാരിനോട് അഭ്യർഥിക്കുന്നു. രാജ്യത്തിൻറെ മുഴുവൻ പിന്തുണ സമരത്തിനു വേണം. എല്ലാവരും ഡൽഹിയിലേക്ക് വരൂ’- ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ നാല് മെഡലുകൾ നേടിയ ബജ്‌രംഗ് പുനിയ പറഞ്ഞു.

ഇന്നലെ രാത്രിയാണ് പൊലീസും ഗുസ്തിതാരങ്ങളും തമ്മിൽ ഏറ്റുമുട്ടിയത്. രണ്ട് ഗുസ്തി താരങ്ങളുടെ തലയ്ക്ക് പരിക്കേറ്റു. സമരവേദിയിലേക്ക് കിടക്കകൾ എത്തിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.

പൊലീസ് ഉദ്യോഗസ്ഥർ മദ്യലഹരിയിൽ പ്രതിഷേധത്തിലുള്ള വിനേഷ് ഫോഗട്ട് അടക്കമുള്ള താരങ്ങളെ ആക്രമിച്ചെന്ന് സമരക്കാർ ആരോപിച്ചു. എന്നാൽ, അനുവാദമില്ലാതെ സമരപ്പന്തലിൽ പുതപ്പും കിടക്കകളുമെത്തിച്ച സോമനാഥ് ഭാരതിയടക്കമുള്ള ആം ആദ്മി നേതാക്കളെ ചോദ്യം ചെയ്തതാണ് സംഘർഷത്തിൽ കലാശിച്ചതെന്ന് ഡെപ്യൂട്ടി കമ്മീഷണർ പറഞ്ഞു.

ഏപ്രിൽ 23നാണ് ജന്തർമന്തറിൽ കുത്തിയിരിപ്പ് സമരം തുടങ്ങിയത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഉൾപ്പെടെ ഏഴ് വനിതാ ഗുസ്തിതാരങ്ങൾ ബ്രിജ് ഭൂഷനെതിരെ ലൈംഗിക പീഡന പരാതി നൽകിയിട്ട് പൊലീസ് എഫ്.ഐ.ആർ പോലും രജിസ്റ്റർ ചെയ്യാത്ത സാഹചര്യത്തിലായിരുന്നു സമരം. രാപകൽ സമരം 13ാം ദിവസത്തിലെത്തി.