തൃശൂര്‍: പ്രമുഖ സാഹിത്യകാരനും ചരിത്രപണ്ഡിതനും നിരൂപകനുമായ പ്രൊഫ. എം.ആര്‍. ചന്ദ്രശേഖരന്‍(96) അന്തരിച്ചു. എറണാകുളത്തെ സാന്ത്വന പരിചരണകേന്ദ്രത്തില്‍ ഇന്ന് പുലര്‍ച്ചെ 1.15 നായിരുന്നു അന്ത്യം. ചെമ്പൂക്കാവ് ധന്യശ്രീയില്‍ ആയിരുന്നു താമസം. പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന്റെ പ്രധാനനേതാക്കളില്‍ ഒരാളുമായിരുന്നു. വിദ്യാഭ്യാസ വിദഗ്ധന്‍കൂടിയായിരുന്ന അദ്ദേഹം എം.ആര്‍.സി എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.
|
തൃശൂര്‍ പോട്ടോരിലാണ് ജനനം. തൃശൂര്‍ വിവേകോദയം ബോയ്‌സ് സ്‌കൂള്‍, കേരളവര്‍മ കോളജ് എന്നിവിടങ്ങളില്‍ പഠനം പൂര്‍ത്തിയാക്കി. അന്‍പതിലേറെ പുസ്തകങ്ങള്‍ എഴുതി. നിരൂപണത്തിന് കേരള സാഹിത്യ ആക്കാദമി അവാര്‍ഡും വിവര്‍ത്തനത്തിന് എം.എന്‍ സത്യാര്‍ഥി പുരസ്‌കാരവും ഇദ്ദേഹത്തെ തേടിയെത്തി.
മാധ്യമപ്രവര്‍ത്തകനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ജോസഫ് മുണ്ടശ്ശേരിയുടെ നേതൃത്വത്തില്‍ ആരംഭിച്ച നവജീവന്‍ മാസികയുടെ എഡിറ്ററായിരുന്നു. മാതൃഭൂമി സബ് എഡിറ്ററായും സേവനമനുഷ്ഠിച്ചു.
സാഹിത്യ അക്കാദമി ജനറല്‍ കൗണ്‍സിലിലും നിര്‍വാഹകസമിതിയിലും അംഗമായിരുന്നു. കാലിക്കറ്റ് സര്‍വകലാശാല സെനറ്റ്, സിന്‍ഡിക്കേറ്റ്, തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാളം സര്‍വകലാശാല അക്കാദമിക് കൗണ്‍സില്‍ എന്നിവയിലും അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
കൊടകര നാഷണല്‍ ഹൈസ്‌കൂളിലും കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളജിലും അധ്യാപകനായി ജോലിചെയ്തു. പയ്യന്നൂര്‍ കോളജില്‍ നിന്നാണ് വിരമിച്ചത്. എകെപിസിടിഎ നേതാവായിരുന്നു.
ഭാര്യ: പരേതയായ വിജയകുമാരി. മക്കള്‍: റാം കുമാര്‍, പ്രിയ. മരുമക്കള്‍: ശങ്കര്‍, ധന്യ.
Eminent writer and critic Prof. M. R. Chandrasekaran passes away


