22
Sep 2022
Tue
22 Sep 2022 Tue

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ലഖ്‌നൗ: മദ്രസകളും അലിഗഡ് മുസ്ലിം സർവകലാശാലയും ബോംബിട്ട് തകർക്കണമെന്ന് പ്രസംഗിച്ച വിവാദ സന്യാസിയും ഹിന്ദുത്വനേതാവുമായ യതി നരസിംഹാനന്ദ അറസ്റ്റിൽ. വിവിധ മദ്‌റസകുടെയും മുസ്ലിം സംഘടനകളുടെയും പരാതിയിലാണ് നടപടി. യതിക്കെതിരേ, സമുദായങ്ങൾക്കിടയിൽ വൈര്യം വളർത്താൻ ശ്രമിച്ചതടക്കമുള്ള വകുപ്പുകളാണ് ചുമത്തിയതെന്ന് അലിഗഡ് പൊലീസ് സൂപ്രണ്ട് കുൽദീപ് സിങ് ഗുനാവത്  അറിയിച്ചു.

അനുച്ഛേദം 188, 295 എ, 298 എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. മതവികാരം വ്രണപ്പെടുത്തിയതും വിവിധ വിഭാഗങ്ങൾക്കിടയിൽ സ്പർധ ഉണ്ടാക്കുന്നതിനുമാണ് കേസെടുത്തിട്ടുള്ളത്. ഇതേ കേസുകൾ നേരത്തെ തന്നെ ഇയാൾക്കെതിരേ ഉണ്ടായിരുന്നെങ്കിലും ജാമ്യത്തിലിറങ്ങി സമാന കുറ്റം ആവർത്തിക്കുകയായിരുന്നു.

ഞായറാഴ്ച അലിഗഡിൽ ഹിന്ദു മഹാസഭ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു വിദ്വേഷ പ്രസംഗം. മദ്രസ പോലെ ഒരു സ്ഥാപനം ഉണ്ടാകരുതെന്നായിരുന്നു യതി നരസിംഹാനന്ദയുടെ പരാമർശം. ‘ചൈന ചെയ്തത് പോലെ എല്ലാ മദ്രസകളും വെടിമരുന്ന് ഉപയോഗിച്ച് പൊളിക്കണം. മദ്രസയിൽ പഠിക്കുന്ന എല്ലാ വിദ്യാർത്ഥികളേയും ക്യാമ്പുകളിലേക്ക് മാറ്റണം. അതാകുമ്പോൾ ഖുർആൻ എന്ന വൈറസ് അവർക്കിടയിൽ നിന്ന് പൊയ്‌ക്കോളും,’ യതി നരസിംഹാനന്ദ പറഞ്ഞു. ഇതിന്റെ വീഡിയോയും പ്രചരിച്ചിരുന്നു. മദ്രസകളെ പോലെ തന്നെ അലിഗഡ് മുസ്ലിം സർവകലാശാലയും പൊളിച്ചുനീക്കണമെന്നും നരസിംഹാനന്ദ കൂട്ടിച്ചേർക്കുന്നുണ്ട്.

വിദ്വേഷ പ്രസംഗം നടത്തിയതിന് യതി നരസിംഹാനന്ദയ്‌ക്കെതിരെ ഇതിന് മുമ്പും പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. മഹാത്മാഗാന്ധിക്കെതിരെ വിവാദ പരാമർശം നടത്തിയതിന് അടുത്തിടെ യതി നരസിംഹാനന്ദിനെതിരെ കേസെടുത്തിരുന്നു. ‘ഒരു കോടി ഹിന്ദുക്കളുടെ കൊലപാതകത്തിന് ഉത്തരവാദി മഹാത്മാഗാന്ധിയാണ്’ എന്നായിരുന്നു അന്ന് നരസിംഹാനന്ദ നടത്തിയ പരാമർശം. രാഹുൽ ഗാന്ധിക്കെതിരെയും ഇദ്ദേഹം വിദ്വേഷ പ്രചരണങ്ങൾ നടത്തിയിരുന്നു. കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്ര തമാശയാണെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

Yati Narsinghanand Booked for Saying ‘Madrassas, AMU Should Be Blown Up’