17
Apr 2024
Mon
17 Apr 2024 Mon

ഡ്രോണ്‍ വടിവെച്ചിട്ടു; USന് വീണ്ടും തിരിച്ചടി നല്‍കി ഹൂതികള്‍, ബ്രിട്ടീഷ് കപ്പലും തകര്‍ത്തു

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സന്‍ആ: ഫലസ്തീനില്‍ കടന്നുകയറ്റം നടത്തുന്ന ഇസ്രായേലിന് എല്ലാ പിന്തുണയും നല്‍കിവരുന്ന യു.എസിന് തിരിച്ചടി തുടര്‍ന്ന് യമനിലെ ഹൂതി വിമതര്‍. യമനി ഹൂതികള്‍ യു.എസിന്റെ ഡ്രോണ്‍ വെടിവച്ചിട്ടു. ശനിയാഴ്ച യുഎസ് മിലിട്ടറി MQ9 റീപ്പര്‍ ഡ്രോണ്‍ ആണ് വെടിവച്ചിട്ടത്. യു.എസ്‌ഡ്രോണിന്റെ ഘടകങ്ങളുമായി പൊരുത്തപ്പെടുന്ന ഭാഗങ്ങളുടെ ദൃശ്യങ്ങള്‍ ഹൂതികള്‍ പുറത്തുവിട്ടു. യു.എസ് റീപ്പറിനെ വീഴ്ത്താന്‍ ഉപരിതലത്തില്‍ നിന്ന് ആകാശത്തേക്ക് മിസൈല്‍ ഉപയോഗിച്ചതായി ഹൂതികള്‍ പറഞ്ഞു.

ഇക്കാര്യം യു.എശും സ്ഥിരീകരിച്ചു. യുഎസ് എയര്‍ഫോഴ്‌സ് എംക്യു9 ഡ്രോണ്‍ യെമനില്‍ തകര്‍ന്നുവീണുവെന്ന് യുഎസ് എയര്‍ഫോഴ്‌സ് ലെഫ്. കേണല്‍ ബ്രയോണ്‍ ജെ. മക്ഗാരി, പ്രതിരോധ വകുപ്പിന്റെ വക്താവ് സ്ഥിരീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ നല്‍കാതെ അന്വേഷണം തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൂടാതെ ബ്രിട്ടന്റെ എണ്ണ കപ്പലായ ആന്‍ഡ്രോമിഡ സ്റ്റാറിന് നേരെയും ഹൂതികള്‍ മിസൈല്‍ തൊടുത്തുവിട്ടതായി ഹൂതി വക്താവ് യഹിയ സാരി അവകാശപ്പെട്ടു. കപ്പലുകള്‍ തകര്‍ക്കാനുപയോഗിക്കുന്ന നാവല്‍ മിസൈലുകള്‍ ഉപയോഗിച്ചാണ് ആക്രമിച്ചതെന്നാണ് ഹൂതികള്‍ അവകാശപ്പെടുന്നത്. കപ്പലിന് ചെറിയ കേടുപാടുകളെ സംഭവിച്ചുള്ളൂവെന്നും യാത്ര തുടരുകയാണെന്നുമാണ് യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിക്കുന്നത്. ആര്‍ക്കും പരിക്കേറ്റിട്ടില്ല.

കപ്പലിന് നേരെ ആക്രമണമുണ്ടായതായി യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് സ്ഥിരീകരിച്ചു. ആദ്യത്തെ ആക്രമണം കപ്പലിന് സമീപത്തായിരുന്നുവെന്നും രണ്ടാമത്തെ മിസൈല്‍ ആക്രമണമാണ് കപ്പലിന് കേടുപാടുകള്‍ വരുത്തിയതെന്നുമാണ് യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് പറയുന്നത്.

നേരത്തെ, ഹൂതി വിമതരുടെ ആക്രമണത്തില്‍ സാരമായ തകരാര്‍ സംഭവിച്ച ബ്രിട്ടീഷ് ചരക്കുകപ്പല്‍ റൂബിമാര്‍ ചെങ്കടലില്‍ മുങ്ങിയിരുന്നു. ഫെബ്രുവരി 18നാണ് കപ്പലിന് നേരെ ആക്രമണമുണ്ടായത്. സാരമായ തകരാര്‍ സംഭവിച്ചതിനെ തുടര്‍ന്ന് ജീവനക്കാര്‍ കപ്പലൊഴിഞ്ഞിരുന്നു. മാര്‍ച്ച് രണ്ടോടെയാണ് കപ്പല്‍ പൂര്‍ണമായും ചെങ്കടലില്‍ മുങ്ങിയത്.

Yemen’s Houthi rebels shoot down US military drone